കഴിഞ്ഞ 27 വര്‍ഷമായി ജര്‍മന്‍ ക്ലബ് എഫ്സി കോളോണിന്‍റെയും ദേശീയ ടീമിന്‍റെയും കളി ആരാധകര്‍ക്കായി വച്ചുകൊടുക്കുന്ന പബ്ബാണ് കൾട്ട് പബ്ബ് ലോട്ട. എന്നാൽ, ഈ ലോകകപ്പ് കാണാൻ ആരാധകര്‍ ഈ വഴി വരേണ്ടെന്നാണ് പബ്ബിന്‍റെ ഉടമ പറയുന്നത്
ബര്‍ലിന്‍: ഖത്തര്‍ ലോകകപ്പിനോടുള്ള യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. 'ബോയ്കോട്ട് ഖത്തര്‍' എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ച ജര്‍മനിയിലെ പബ്ബുകൾ സ്വന്തം ടീമിന്‍റെ കളി പോലും കാണില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബഹിഷ്കരണ ആഹ്വാനം നടത്തിയിരിക്കുന്നത്. പബ്ബുകളിലും ബാറുകളിലും ഒത്തുകൂടി ആരാധകര്‍ കളി കാണുന്നത് ജര്‍മനിയിലെ പതിവ് കാഴ്ചയാണ്.
മൈതാനങ്ങളേക്കാൾ ആവേശത്തോടെയാകും ഇവിടങ്ങളില്‍ ആരാധകര്‍ ലോകകപ്പിനെ വരവേല്‍ക്കാറുള്ളത്. കഴിഞ്ഞ 27 വര്‍ഷമായി ജര്‍മന്‍ ക്ലബ് എഫ്സി കോളോണിന്‍റെയും ദേശീയ ടീമിന്‍റെയും കളി ആരാധകര്‍ക്കായി വച്ചുകൊടുക്കുന്ന പബ്ബാണ് കൾട്ട് പബ്ബ് ലോട്ട. എന്നാൽ, ഈ ലോകകപ്പ് കാണാൻ ആരാധകര്‍ ഈ വഴി വരേണ്ടെന്നാണ് പബ്ബിന്‍റെ ഉടമ പറയുന്നത്. ഫിഫയോടും ഖത്തറിനോടുമുള്ള പ്രതിഷേധം തന്നെയാണ് ഇതിന് കാരണം.
ഫിഫയുടെ അഴിമതിയും സ്ത്രികളോടും സ്വവര്‍ഗാനുരാഗികളോടുമുള്ള ഖത്തറിന്റെ നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും എല്ലാ ഫുട്ബോൾ ആരാധകര്‍ക്കും മാതൃകയാകാനാണ് ഈ തീരുമാനമെന്നും ലോട്ട ഉടമ പീറ്റര്‍ സിന്നര്‍മാൻ പറഞ്ഞു. ബഹിഷ്കരണാഹ്വാനം മറ്റ് പബ്ബുകളും ഏറ്റെടുത്തു കഴിഞ്ഞു. എന്തായാലും ജര്‍മ്മൻ ആരാധകര്‍ക്ക് ഇനി ഒത്തൊരുമിച്ച് കളികാണാൻ മറ്റ് വഴികൾ നോക്കേണ്ടി വരും.
അതേസമയം, ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഖത്തറിനെ നേരിടുന്നതിനിടെ ഗാലറിയില്‍ ബിയര്‍ വേണമെന്ന ചാന്‍റ് ഉയര്‍ത്തി ഇക്വഡോര്‍ ആരാധകര്‍. 'വീ വാണ്ട് ബിയര്‍, വീ വാണ്ട് ബിയര്‍' എന്ന് ഇക്വഡോര്‍ ആരാധകര്‍ ചാന്‍റ് ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന് ഫിഫ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്റ്റേഡിയത്തില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയര്‍ വില്‍പ്പനയും ഉണ്ടാകില്ല. ആതിഥേയ രാജ്യ അധികാരികളും ഫിഫയും തമ്മിലുള്ള ചർച്ചയെത്തുടർന്ന്, ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മാത്രമായിരിക്കും മദ്യ വില്‍പ്പന നടത്തുക.
വിലക്കുമായി ഖത്തര്‍; ലോകകപ്പിനായി ഒരുക്കിയ ബിയര്‍ എന്തു ചെയ്യും? അടിപൊളി പ്രഖ്യാപനവുമായി ബഡ്‌വെയ്‌സർ