ലൈബീരിയന്‍ പ്രസിഡന്റ് ജോര്‍ജ് വിയയുടെ സ്വപ്‌നമായിരുന്നിത്! സാധിച്ചുകൊടുത്തത് മകന്‍ തിമോത്തി

By Vandana PR  |  First Published Nov 22, 2022, 1:36 PM IST

ജോര്‍ജ് വിയ പ്രസിഡന്റ് മാത്രമല്ല..! മുന്‍ ലോകഫുട്‌ബോളര്‍ കൂടിയാണ്. 95ല്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ബാലന്‍ ഡി ഓര്‍ നേടിയ ജോര്‍ജ് വിയ മിലാന്‍ ലോകത്തിന് നല്‍കിയ ഇതിഹാസങ്ങളില്‍ ഒരാളാണ്.


ഒരച്ഛന്റെ മോഹം മകന്‍ സാധിക്കുക. ഖത്തര്‍ ലോകകപ്പിലെ രണ്ടാംദിവസത്തെ മനോഹരമായ വാര്‍ത്ത, കാഴ്ച അതായിരുന്നു. മകന്‍ ലോകകപ്പില്‍ കളിക്കുക, ടീമിന് വേണ്ടി ഗോളടിക്കുക. തനിക്ക് നടക്കാതെ പോയ കാര്യം, ഏതൊരു ഫുട്‌ബോള്‍ കളിക്കാരന്റേയും ആഗ്രഹം മകനിലൂടെ നടന്നത് ഇന്നലെ സന്തോഷകണ്ണീരു വീഴ്ത്തിയത് വെറുമൊരു വീട്ടിലുമായിരുന്നില്ല. ലൈബീരിയയിലെ പ്രസിഡന്റിന്റെ  വസതിയിലായിരുന്നു ആഘോഷം. 

ജോര്‍ജ് വിയ പ്രസിഡന്റ് മാത്രമല്ല..! മുന്‍ ലോകഫുട്‌ബോളര്‍ കൂടിയാണ്. 95ല്‍ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനുള്ള ബാലന്‍ ഡി ഓര്‍ നേടിയ ജോര്‍ജ് വിയ മിലാന്‍ ലോകത്തിന് നല്‍കിയ ഇതിഹാസങ്ങളില്‍ ഒരാളാണ്. 147 മത്സരങ്ങളില്‍ 58 ഗോളടിച്ച കിടിലന്‍ കളിക്കാരന്‍. ഫ്രാന്‍സിന് വേണ്ടി കളിക്കാന്‍ കഴിയുമായിരുന്നിട്ടും ജന്മദേശത്തിനൊപ്പം ചേര്‍ന്നു നില്‍ക്കാനായിരുന്നു ജോര്‍ജ് വിയ തീരുമാനിച്ചത്. രാജ്യത്തിന് വേണ്ടി 60 അന്താരാഷ്ട്രവേദികളില്‍ ബൂട്ട് കെട്ടിയ ജോര്‍ജ് വിയ പതിനാറ് ഗോളുമടിച്ചു.

Latest Videos

ഒരിക്കല്‍ പോലും ലൈബീരിയക്ക് യോഗ്യത കിട്ടാതെ പോയതു കൊണ്ടു മാത്രം ലോകകപ്പ് ഫുട്‌ബോള്‍ വേദികള്‍ കാണാതെ പോയ മാജിക്കായിരുന്നു വെയ്യയുടേത്. അച്ഛന്റെ വഴിയെ പന്ത് തട്ടിക്കളിച്ച തിമോത്തി വെയ്യ, അച്ഛന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ മികച്ച ഗംഭീരസമ്മാനം നല്‍കി ജോര്‍ജിന്റെ സങ്കടം തീര്‍ത്തിരിക്കുന്നു. വെയ്ല്‍സിന് നേരെ അമേരിക്കയെ മുന്നിലെത്തിച്ച ഗോള്‍ തിമോത്തിയുടെ വകയായിരുന്നു. 

മാത്രമല്ല അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീം ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗോളടിക്കാരനുമായി തിമോത്തി. അച്ഛന്റെ തട്ടകമായിരുന്ന ഫ്‌ലോറിഡാ വെസ്റ്റ് പൈന്‍ യുനൈറ്റഡീല്‍ അദ്ദേഹത്തിന്റെ തന്നെ ശിക്ഷണത്തിലാണ് തിമോത്തി കാല്‍പന്ത് തട്ടിക്കളിച്ചു തുടങ്ങിയത്. പിന്നെ അമേരിക്കയുടെ അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളിലെത്തി. 2018മുതല്‍ ദേശീയ ടീമിനൊപ്പം. 25 തവണ ദേശീയ ജഴ്‌സിയില്‍ ടീമിനൊപ്പം.

സ്വന്തം അടിച്ച ഗോളുകളും അസിസ്റ്റുകളും തിമോത്തിയെ ടീമില്‍ പ്രിയങ്കരനാക്കുന്നു. ഇപ്പോള്‍ ലില്ലെക്കൊപ്പം. അതിനു മുമ്പ് പിഎസ്ജി പാരീസില്‍. 22കാരന്റെ ഫുട്‌ബോള്‍ ജീവിതം സന്പന്നമെന്ന് ചുരുക്കം. ഏത് രാജ്യത്തിന് വേണ്ടി കളിക്കണമെന്ന ചോദ്യത്തിന് ഉത്തരമായി തിമോത്തിക്ക് മുന്നിലുണ്ടായിരുന്നത് നാല് ഓപ്ഷനുകളായിരുന്നു. ഫ്രാന്‍സ്, ജമൈക്ക, ലൈബീരിയ പിന്നെ അമേരിക്ക. ന്യൂയോര്‍ക്കിലെ ബ്രൂക്ക് ലിനില്‍ ജനിച്ച് അന്നാട്ടില്‍ തന്നെ പന്ത് തട്ടിക്കളിച്ച് വളര്‍ന്ന തിമോത്തി അവിടം തന്നെ തെരഞ്ഞെടുത്തു.

ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് അര്‍ജന്റൈന്‍ ആരാധകരുടെ ഒഴുക്ക്; തെരുവും മെട്രോയുമെല്ലാം നീലമയം- വീഡിയോ

ഒരു രാജ്യത്തിന്റെ പ്രസിഡന്റാകുന്ന ആദ്യ ഫുട്‌ബോള്‍ കളിക്കാരനായ അച്ഛന്‍ അന്നാടിന്റെ കുപ്പായം ഇടേണ്ട എന്ന മകന്റെ തീരുമാനം അംഗീകരിച്ചു. മകന്റെ താത്പര്യങ്ങള്‍ അറിഞ്ഞ് അനുഗ്രഹിച്ചും ആശംസിച്ചും വിട്ട അച്ഛന് മകന്‍ അതിഗംഭീര സമ്മാനവും നല്‍കി. മിന്നുന്ന കളിക്കാരനായിട്ടും ലോക കപ്പ് കളിക്കാനായില്ലെന്ന സങ്കടം തീര്‍ത്തു, അച്ഛന്റെ മകനായി അടിച്ചു മിന്നിത്തിളങ്ങുന്ന ഗോള്‍. ലൈബീരിയയിലെ പ്രസിഡന്റ് മാളികയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ആഹ്ലാദാരവം സമാനതകളില്ലാത്തതാണ്. അവിടെ ഇനിയും അലയൊലികള്‍ ഉയരുമോ എന്ന് കാത്തിരിക്കാം.

click me!