ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അല്‍പ്പം കുറയ്ക്കണം : ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

By Web Team  |  First Published Nov 23, 2022, 1:03 PM IST

അതേ സമയം  ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കി മുന്‍ മന്ത്രി എം എം മണി രംഗത്ത് എത്തി


തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന മത്സരഫലമാണ് അർജന്റീന VS  സൗദി അറേബ്യ മത്സരത്തില്‍ ഉണ്ടായത്. കേരളത്തിലെ അടക്കം അർജന്റീന ആരാധകര്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത തുടക്കമാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഉണ്ടായത്. 2-- 1 ന് സൌദിയോട് പരാജയപ്പെട്ടു. പിന്നാലെ അര്‍ജന്‍റീനയ്ക്കും, ഫാന്‍സിനും ഏറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. 

അര്‍ജന്റീന ആരാധകരെ പരിഹസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത് എത്തി. തമാശയായാണ് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.'ഇപ്പോള്‍ എന്തായി? ഇനിയെങ്കിലും അര്‍ജന്റീന ഫാന്‍സ് അവരുടെ അഹങ്കാരം അല്‍്പം കുറയ്ക്കണം. ഞങ്ങള്‍ ബ്രസീല്‍ ഫാന്‍സിനെ കണ്ടു പഠിക്ക്. കാത്തിരിക്കു. ഇനിയുള്ള ദിവസങ്ങളില്‍ കളിക്കളത്തില്‍ സാമ്പാ നൃത്തച്ചുവടുകള്‍', ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിച്ചു.

Latest Videos

എന്നാല്‍ അര്‍ജന്‍റീന ആരാധകര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്‍റെ പോസ്റ്റിനെതിരെ കമന്‍റുമായി രംഗത്തുണ്ട്. തിരുമേനിയുടെ എഴുത്തിലും അഹങ്കാരം ഇല്ലെ എന്നാണ് ഒരു ആരാധകന്‍ ചോദിച്ചത്. എന്നാല്‍ തമാശയെ, തമാശയായി കാണൂ എന്നാണ് കൂറിലോസിന്‍റെ മറുപടി. അതേ സമയം ബിഷപ്പിന് പിന്തുണയുമായി ബ്രസീല്‍ അരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

അതേ സമയം  ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ആഘോഷിക്കുന്നവര്‍ക്ക് മറുപടി നല്‍കി മുന്‍ മന്ത്രി എം എം മണി. അര്‍ജന്‍റീനയുടെ കടുത്ത ആരാധകനാണ് എം എം മണി. കളി ഇനിയും ബാക്കിയാണ് മക്കളെ എന്നാണ് എം എം മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ സൗദിയോട് അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞിരുന്നു. 'ചതിച്ചാശാനേ' എന്ന് ഒറ്റവരിയെഴുതി എം എം മണിയെ ടാഗ് ചെയ്ത് മന്ത്രി വി ശിവന്‍കുട്ടിയും പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെല്ലാമുള്ള മറുപടിയാണ് ഇപ്പോള്‍ എം എം മണി നല്‍കിയിരിക്കുന്നത്. നേരത്തെ, ലോകകപ്പിലെ ആദ്യത്തെ മത്സരത്തില്‍ തന്നെ അര്‍ജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ ട്രോളിയ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാമിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയും മറുപടി നല്‍കിയിരുന്നു. ഷാഫിയെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ട്രോളിയത്.

ഖത്തറിലെ സ്‌റ്റേഡിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കളി കാണാന്‍ നേരിട്ട് എത്തിയിരുന്നു. ഇരുവരും സ്‌റ്റേഡിയത്തില്‍ അര്‍ജന്‍റീനയുടെ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചാണ് 'ങാ ചുമ്മാതല്ല' എന്ന് ബല്‍റാം പരിഹാസിച്ചത്. ഇതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ മറുപടി. 'ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തില്‍ കുത്താതണ്ണാ...', എന്നാണ് ഷാഫി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ എഴുതിയത്.

അതേ സമയം മത്സരം ലൈവായി കണ്ട ടി എന്‍ പ്രതാപന്‍ എംപി, ഖത്തറിലെ സ്റ്റേഡിയത്തില്‍ നിന്നും ലൈവായി കളി വിലയിരുത്തി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ് ടി എന്‍ പ്രതാപന്‍ തന്‍റെ വിലയിരുത്തല്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. നിര്‍ഭാഗ്യം അര്‍ജന്‍റീനയെ ബാധിച്ചുവെന്നാണ് പ്രതാപന്‍ പറയുന്നത്. എന്നാല്‍ സൗദി നല്ലവണ്ണം കളിച്ചെന്ന് പറയുന്ന പ്രതാപന്‍, അര്‍ജന്‍റീന മൂന്ന് ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായെന്നും പറഞ്ഞു. വരും കളികള്‍ ജയിച്ച് അര്‍ജന്‍റീന വിജയിച്ച് കപ്പ് നേടുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം പറഞ്ഞു. 

ഐതിഹാസിക വിജയത്തിന് പിന്നാലെ കണ്ണീരോടെ സൗദി ആരാധകര്‍; അല്‍ സഹ്‍റാനിക്ക് ജര്‍മനിയില്‍ ശസ്ത്രക്രിയ

"ശവത്തില്‍ കുത്താതണ്ണാ...": വിടി ബലറാമിനോട് ഷാഫി പറമ്പില്‍

click me!