ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിനെ പ്രധാനികളില്‍ ഒരാളായിരുന്നു പോഗ്ബ.
റോം: സീരി എ ക്ലബ് യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് നാല് വര്‍ഷത്തെ വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 20-ന് നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ പോഗ്ബ പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിധി വന്നത്. നിരോധിത പദാര്‍ത്ഥമായ ടെസ്റ്റോസ്റ്റിറോണാണ് പോഗ്ബയുടെ ശരീരത്തിലുണ്ടായിരുന്നത്. സെപ്റ്റംബറില്‍ ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ (NADO ഇറ്റാലിയ) ട്രൈബ്യൂണല്‍ പോഗ്ബയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പോഗ്ബയുടെ സസ്‌പെന്‍ഷന്‍ അദ്ദേഹത്തിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തുക മാത്രമല്ല, ലീഗില്‍ യുവന്റസിന് തിരിച്ചടി നല്‍കുകയും ചെയ്യും. പ്രധാന പ്ലേമേക്കറെയാണ് ടീമിന് നഷ്ടമായിരിക്കുന്നത്. ഇതോടെ താരത്തിന്റെ കരിയര്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമിനെ പ്രധാനികളില്‍ ഒരാളായിരുന്നു പോഗ്ബ. 2022 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.
undefined
വിധിക്കെതിരെ താരത്തിന് അപ്പീലിന് പോവാം. യുവന്റസുമായി താരത്തിന് 2025 വരെ കരാറുണ്ട്. എന്നാല്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരം കൂടിയായ പോഗ്ബയുടെ കരാര്‍ യുവന്റസ് റദ്ദാക്കിയേക്കും. ഫ്രാന്‍സിന് വേണ്ടി 91 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 11 ഗോളുകള്‍ നേടിയിട്ടുണ്ട്. 2011-12ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെയാണ് താരം കരിയറിന് തുടക്കമിടുന്നത്. 2012ല്‍ യുവന്റസിലെത്തിയ താരം 2016ല്‍ വീണ്ടും മാഞ്ചസ്റ്ററിലേക്ക് പറന്നു. ആറ് വര്‍ഷത്തിന് ശേഷം വീണ്ടും യുവന്റസിലേക്ക്. താരം പിടിക്കപ്പെട്ടത് ഞെട്ടലോടെയാണ് ഫുട്‌ബോള്‍ ലോകം വായിക്കുന്നത്. അതോടൊപ്പം യുവതാരങ്ങള്‍ക്കുള്ള താക്കീത് കൂടിയാണിത്.