കരിയറിന്‍റെ അവസാന പടവിൽ എത്തിനിൽക്കുന്ന മെസി ലോകവേദിയിൽ ഇനിയില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം യുവത്വത്തിന്‍റെ ചുറുചുറുക്കുള്ള എംബാപ്പെ തുടരെ ലോകകപ്പിൽ വീരഗാഥ രചിക്കാനുള്ള ഒരുക്കത്തിലാണ്.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടത്തിനായി ലോകം കാത്തിരിക്കുകയാണ്. ലിയോണല്‍ മെസിയും കിലിയന്‍ എംബാപ്പെയും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. കരിയറിന്‍റെ അവസാന പടവിൽ എത്തിനിൽക്കുന്ന മെസി ലോകവേദിയിൽ ഇനിയില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം യുവത്വത്തിന്‍റെ ചുറുചുറുക്കുള്ള എംബാപ്പെ തുടരെ ലോകകപ്പിൽ വീരഗാഥ രചിക്കാനുള്ള ഒരുക്കത്തിലാണ്.
ഇരുവരും ലുസൈൽ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നത് വിശ്വ കിരീടത്തിന് മാത്രമല്ല. ഗോൾഡൻ ബൂട്ട്, ഗോൾഡൻ ബോൾ, പിന്നെ പിന്നാലെ വരാനുള്ള ബാലൻ ഡി ഓർ അങ്ങനെയങ്ങനെ നോട്ടവും ലക്ഷ്യവും നീളുന്നുണ്ട്. രണ്ട് ടീമുകള്‍ക്കും വിജയിക്കാനായാല്‍ ജേഴ്സിലെ നക്ഷത്രങ്ങളുടെ എണ്ണവും കൂടും. അര്‍ജന്‍റീനയുടെയും ഫ്രാന്‍സിന്‍റെയും ജേഴ്സിയില്‍ നിലവില്‍ രണ്ട് നക്ഷത്രങ്ങളാണ് ഉള്ളത്. ഇരു ടീമുകളും നേടിയിട്ടുള്ള ലോകകപ്പ് കിരീടങ്ങളുടെ എണ്ണമാണ് അത് സൂചിപ്പിക്കുന്നത്.
undefined
ഇത്തവണ ആര് ലോകകപ്പ് നേടുന്നുവോ അവര്‍ക്ക് ജേഴ്സില്‍ ഒരു നക്ഷത്രം കൂടെ ചേര്‍ക്കാനാകും. 1978ലും 1986ലുമാണ് അര്‍ജന്‍റീന ലോക കിരീടം സ്വന്തമാക്കിയത്. 1998ലും 2018ലും ഫ്രാന്‍സ് വിശ്വ കിരീടത്തില്‍ മുത്തമിട്ടു. മോഹക്കപ്പുമായി മെസി മടങ്ങുമോ അതോ, ഇനിയുമേറെ മുഴങ്ങിക്കേൾക്കാനുള്ള എംബാപ്പെയുടെ പേരിനൊപ്പം രണ്ടാം ലോകകപ്പിന്‍റെ തിലകക്കുറിയുണ്ടാകുമോ? ഞായറാഴ്‌ച ലുസൈല്‍ സ്റ്റേഡിയത്തില്‍ ഉത്തരമറിയാം.
ഖത്തറില്‍ അഞ്ച് വീതം ഗോളുകളുമായി കുതിക്കുകയാണ് മെസിയും എംബാപ്പെയും. എംബാപ്പെയ്ക്ക് രണ്ട് എങ്കില്‍ മൂന്ന് അസിസ്റ്റുകള്‍ മെസിയുടെ പേരിലുണ്ട്. നാല് ഗോള്‍ വീതവുമായി അര്‍ജന്‍റീനയുടെ ജൂലിയന്‍ ആല്‍വാരസും ഫ്രാന്‍സിന്‍റെ ഒലിവര്‍ ജിറൂദും മെസിക്കും എംബാപ്പെയ്ക്കുമൊപ്പം ഗോൾഡൻ ബൂട്ട് പോരാട്ടമുഖത്തുണ്ട്. മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ആദ്യ സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്‌ത്തിയാണ് അര്‍ജന്‍റീന ഫൈനലിലെത്തിയത്.