അത് ഗോളാണ്, തെറ്റില്ല! ഛേത്രി ബ്ലാസ്‌റ്റേഴ്‌സിനെതിരെ നേടിയ ഫ്രീകിക്ക് ഗോളിനെ കുറിച്ച് മുന്‍ ഐഎസ്എല്‍ റഫറി

By Web Team  |  First Published Mar 4, 2023, 7:32 PM IST

മത്സരം പൂര്‍ത്തിയാകാതെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെ ഛേത്രിയുടെ ഏക ഗോളില്‍ ബംഗളൂരു എഫ്‌സി വിജയികളാവുകയും സെമിയിലെത്തുകയും ചെയ്തു. ഛേത്രിയുടേത് ഗോളാണോ അല്ലയോ എന്നുള്ളതാണ് ഫുട്‌ബോള്‍ ലോകം അന്വേഷിക്കുന്നത്.


തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സി- കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ ഗോള്‍ വിവാദത്തിനിടയാക്കിയിരുന്നു. എക്‌സ്ട്രാ ടൈമിന്റെ 96-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളിയും താരങ്ങളും പ്രതിരോധിക്കാന്‍ തയ്യാറെടുക്കും മുമ്പ് കിക്കെടുക്കയായിരുന്നു ബംഗളൂരു താരമായ ഛേത്രി. പ്രതിരോധക്കോട്ട കെട്ടാനുള്ള സമയംപോലും തരാതെയാണ് ഛേത്രി ഗോളടിച്ചത് എന്നും റഫറി ഇത് നോക്കി നിന്നു എന്നും ആരോപിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനത്ത് പ്രതിഷേധിച്ചു. 

മത്സരം പൂര്‍ത്തിയാകാതെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതോടെ ഛേത്രിയുടെ ഏക ഗോളില്‍ ബംഗളൂരു എഫ്‌സി വിജയികളാവുകയും സെമിയിലെത്തുകയും ചെയ്തു. ഛേത്രിയുടേത് ഗോളാണോ അല്ലയോ എന്നുള്ളതാണ് ഫുട്‌ബോള്‍ ലോകം അന്വേഷിക്കുന്നത്. ഇതിനിടെ പ്രതികരണമായി എത്തിയിരിക്കുകയാണ് മുന്‍ ഐഎസ്എല്‍ റഫറിയും മലയാളിയുമായ സന്തോഷ് കുമാര്‍. ഛേത്രി നേടിയ ഗോളില്‍ നിയമപരമായി തെറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഗോള്‍ വഴങ്ങാതിരിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഉത്തരവാദിത്തമായിരുന്നെന്നും സന്തോഷ് കുമാര്‍ പറയുന്നു. ക്വിക്ക് റീസ്റ്റാര്‍ട്ട് തടയാതെ വിസിലിനായി കാത്തിരുന്നതാണ് ടീമിന് വിനയായതെന്ന് സന്തോഷ് കുമാര്‍ വ്യക്താക്കി.

Latest Videos

undefined

നേരത്തെ മുന്‍ ഇന്ത്യന്‍ താരം ഐ എം വിജയനും സംഭവത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. വിജയന്റെ വാക്കുകളിങ്ങനെ... ''ഛേത്രി ഫ്രീകിക്ക് ഗോളിനെ കുറ്റം പറയാനാവില്ല. ഇത്രയും വര്‍ഷമായി കളിച്ച് നേടിയ പരിചയസമ്പത്താണ് അവിടെ കാണിച്ചത്. ഞാന്‍ കളിക്കുകയാണെങ്കില്‍ അവസരം ലഭിച്ചാല്‍ ഞാനും ഛേത്രിയെപ്പോലെ ഗോളടിക്കുമായിരുന്നു. അനുഭവസമ്പത്തില്‍ നിന്നാണ് ഛേത്രി അത്തരമൊരു ഗോള്‍ കണ്ടെത്തിയത്. ഇക്കാര്യത്തില്‍ റഫറിയുടേതാണ് അന്തിമ തീരുമാനം.'' വിജയന്‍ പറഞ്ഞു.

സെമി കളിക്കാനാവാതെ ബ്ലാസ്റ്റേഴ്സ് പുറത്തായത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും വിജയന്‍ പറഞ്ഞു. ''അനുഭവസമ്പന്നനായ പരിശീലകനാണ് വുകോമാനോവിച്ച്. ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹം ഒരിക്കലും ടീമിനെ തിരിച്ചുവിളിക്കാന്‍ പാടില്ലായിരുന്നു. ഇനിയും സമയം ബാക്കിയുണ്ടായിരുന്നു. കളിച്ചിരുന്നെങ്കില്‍ ഗോള്‍ നേടാനും അവസരമുണ്ടായിരുന്നു.'' വിജയന്‍ കൂട്ടിചേര്‍ത്തു.

ഷെയ്ന്‍ വോണിന്റെ ഓര്‍മയില്‍ ക്രിക്കറ്റ് ലോകം; ഓര്‍മകള്‍ പങ്കുവച്ച് സച്ചിന്‍! ഇതിഹാസം വിട പറഞ്ഞിട്ട് ഒരു വര്‍ഷം

click me!