ഗാര്‍ഡിയോളയെ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടില്ല! തോമസ് ടുഷേല്‍ ഇംഗ്ലണ്ടിന്റെ പരിശീലകനായേക്കും

By Web Team  |  First Published Oct 15, 2024, 11:07 PM IST

പെപ് ഗാര്‍ഡിയോളയെ ഇംഗ്ലണ്ട് സമീപിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഓഫര്‍ നിരസിച്ചു.


ലണ്ടന്‍: ജര്‍മ്മന്‍ കോച്ച് തോമസ് ടുഷേല്‍ ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായേക്കും. ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനും ടുഷേലും നടത്തിയ ചര്‍ച്ച ധാരണയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോകപ്പിന് പിന്നാലെ രാജിവച്ച കോച്ച് ഗാരെത് സൗത്‌ഗേറ്റിന് പകരം സ്ഥിരം കോച്ചിനെ നിയമിച്ചിരുന്നില്ല. നിലവില്‍ ഇംഗ്ലണ്ടിന് താല്‍ക്കാലിക കോച്ചാണുള്ളത്. കഴിഞ്ഞ സീസണ്‍ അവസാനം ബയേണ്‍ മ്യൂണിക്ക് പുറത്താക്കിയ ടുഷേലിന് ഒരുടീമിന്റെയും ചുമതലയില്ല.

പെപ് ഗാര്‍ഡിയോളയെ ഇംഗ്ലണ്ട് സമീപിച്ചെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് ഓഫര്‍ നിരസിച്ചു. ഇതോടെയാണ് ഇംഗ്ലണ്ട് എഫ് എ ടുഷേലിനെ പരിഗണിച്ചത്. ചെല്‍സിയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് തോമസ് ടുഷേല്‍.

Latest Videos

undefined

അലക്‌സ് ഫെര്‍ഗ്യൂസനെ ഒഴിവാക്കുന്നു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗ്ലോബല്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് മുന്‍ കോച്ച് അലക്‌സ് ഫെര്‍ഗ്യൂസനെ ഒഴിവാക്കുന്നു. ഈ സീസണ്‍ അവസാനമാണ് ഫെര്‍ഗ്യൂസനുമായുള്ള കരാര്‍ യുണൈറ്റഡ് അവസാനിപ്പിക്കുക. എണ്‍പത്തിരണ്ടുകാരനായ ഫെര്‍ഗ്യൂസന്‍ 27 വര്‍ഷം യുണൈറ്റഡിന്റെ പരിശീലകനായിരുന്നു. 2013ല്‍ സ്ഥാനം ഒഴിയും മുന്‍പ് 13 തവണ പ്രീമിയര്‍ ലീഗിലും രണ്ടുതവണ ചാംപ്യന്‍സ് ലീഗിലും യുണൈറ്റഡിനെ ചാംപ്യന്‍മാരാക്കി. പരിശീലക പദവി ഒഴിഞ്ഞതിന് പിന്നാലെയാണ് യുണൈറ്റഡ് ഫെര്‍ഗ്യൂസനെ ക്ലബിന്റെ ഗ്ലോബല്‍ അംബാസിഡറായി നിയമിച്ചത്.

കരാര്‍ അവസാനിക്കുകയാണെങ്കിലും വരുംവര്‍ഷങ്ങളിലും വോട്ടവകാശമില്ലാത്ത എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫെര്‍ഗ്യൂസന്‍ യുണൈറ്റഡില്‍ തുടരും.
 

click me!