പരിക്ക് കാരണം സീസണില്‍ എട്ട് മത്സരങ്ങളിലേ ഇറങ്ങാനായുള്ളൂ. ഇതോടെ താരം നിലവിലെ കരാര്‍ റദ്ദാക്കി.
ഇസ്‌താംബൂള്‍: മുന്‍ ആഴ്‌സണല്‍, റയല്‍ മാഡ്രിഡ് മിഡ്‌ഫീള്‍ഡര്‍ മെസ്യൂട്ട് ഓസില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ നിന്ന് വിരമിച്ചു. മുപ്പത്തിനാലാം വയസിലാണ് ഏറെ വിവാദങ്ങള്‍ നിറഞ്ഞ കരിയറിന് ഓസില്‍ വിരാമമിട്ടത്. ജര്‍മ്മനിക്കായി 92 മത്സരങ്ങളില്‍ കളിക്കുകയും 2014 ലോകകപ്പ് നേടിയ ടീമില്‍ അംഗമാവുകയും ചെയ്ത ഓസില്‍ തുര്‍ക്കിയില്‍ ഇസ്‌താംബൂള്‍ ക്ലബിനായാണ് കളിച്ചുവന്നിരുന്നത്. എന്നാല്‍ പരിക്ക് കാരണം സീസണില്‍ എട്ട് മത്സരങ്ങളിലേ ഇറങ്ങാനായുള്ളൂ. ഇതോടെ താരം നിലവിലെ കരാര്‍ റദ്ദാക്കി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ആലോചനകള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് അടിയന്തര വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. 17 വര്‍ഷത്തോളം പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാനായതിന്‍റെ അഭിമാനമുണ്ട്. അവസരം തന്ന ക്ലബുകള്‍ക്ക് നന്ദിയറിയിക്കുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും പരിക്ക് എന്നെ അലട്ടി. ഫുട്ബോളിന്‍റെ വലിയ വേദിയോട് യാത്ര പറയാനുള്ള ഉചിതമായ സമയമാണിത്. ഷാല്‍ക്കേ, വെര്‍ഡെര്‍ ബ്രെമന്‍, റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, ഫെനെര്‍ബാച്ചെ, ഇസ്‌താംബൂള്‍ ബഷക്‌ഷേര്‍ ക്ലബുകള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിയിക്കുന്നു. പിന്തുണ നല്‍കിയ കുടുംബാംഗങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്കും നന്ദിയറിയിക്കുന്നതായും ഓസില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
Thank you ❤️ pic.twitter.com/Aqr4pB5SI2
— Mesut Özil (@M10)
undefined
ജര്‍മ്മന്‍ ക്ലബ് ഷാല്‍ക്കേയിലൂടെയാണ് മെസ്യൂട്ട് ഓസില്‍ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ജര്‍മ്മനിയിലെ തന്നെ ബ്രമനിലെത്തിയ താരം അവിടെ നിന്നാണ് 2010ല്‍ വിഖ്യാതമായ റയല്‍ മാഡ്രിഡ് ക്ലബിലെത്തിയത്. റയലിനൊപ്പം 2013 വരെ 105 മത്സരങ്ങള്‍ കളിച്ച താരം പിന്നീടങ്ങോട്ട് ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ‌്‌സണലിനൊപ്പം കൂടി. എട്ട് വര്‍ഷത്തോളം ആഴ്‌സണലില്‍ കളിച്ചെങ്കിലും അവസാന കാലത്ത് പരിശീലകന്‍ ആര്‍റ്റേറ്റയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് അവസരങ്ങള്‍ ലഭിക്കാതെ വന്നു. ഇതോടെ ഒറ്റ സീസണിലേക്ക് ഫെനെര്‍ബാച്ചെയിലേക്കും അവിടുന്ന് ബഷക്‌ഷേറിലേക്കും കൂടുമാറുകയായിരുന്നു.
കരിയറില്‍ റയല്‍ മാഡ്രിഡിനൊപ്പം ലാ ലീഗയും കോപ്പാ ഡെല്‍റേയും ഓസില്‍ നേടിയിട്ടുണ്ട്. ആഴ്‌സണലില്‍ താരം നാല് എഫ്‌എ കപ്പുകള്‍ വിജയിച്ചു. ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷനിലെയും ആരാധകര്‍ക്കിടയിലേയും വംശീയതയെ വിമര്‍ശിച്ച് 2018ല്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു ജര്‍മ്മന്‍ മെസിയെന്ന് വിളിക്കപ്പെട്ടിരുന്ന മെസ്യൂട്ട് ഓസില്‍.
രാഷ്‌ട്രീയമായി വളരുന്നു, താരം മെലിയുന്നു; ഒരു ട്വീറ്റില്‍ റെഡ് കാര്‍ഡ് കിട്ടി ഓസിലിന്‍റെ കരിയര്‍