അവസാന നിമിഷത്തെ പകരക്കാരനായി ഇറങ്ങാന്‍ പറഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു മത്സരത്തിനിടെ താരം സ്റ്റേഡിയം വിട്ടത്
കെയ്റോ: അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങാന്‍ വിസമ്മതിച്ച് സ്റ്റേഡിയം വിട്ട ഫുട്ബോള്‍ താരത്തിനെ കാണാനില്ല. ഈജിപ്തിലാണ് സംഭവം. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോ താരമായ എറിക് ട്രാരോരിനെയാണ് കാണാതായതെന്നാണ് ഈജിപ്തിലെ ഫുട്ബോള്‍ ക്ലബ്ബായ ഇഎന്‍പിപിഐ വിശദമാക്കുന്നത്. അവസാന നിമിഷത്തെ പകരക്കാരനായി ഇറങ്ങാന്‍ പറഞ്ഞതില്‍ പ്രതിഷേധിച്ചായിരുന്നു മത്സരത്തിനിടെ താരം സ്റ്റേഡിയം വിട്ടത്.
ഏപ്രില്‍ 18ന് നടന്ന മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ഇറങ്ങാന്‍ എറിക് വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെസ്റ്റേഡിയം വിട്ട എറികിനെ ബന്ധപ്പെടാനുള്ള ക്ലബ്ബിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. 26കാരനായ താരത്തെ പിരമിഡ്സ് ക്ലബ്ബില്‍ നിന്നും താല്‍ക്കാലികമായി ഇഎന്‍പിപിഐയിലക്ക് കൊണ്ടുവന്നതായിരുന്നു. കെയ്റോയിലെ സ്റ്റേഡിയം വിട്ട ശേഷം എറികിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഭാര്യ വഴിയും ഏജന്‍റ് മുഖേനയും താരത്തെ ബന്ധപ്പെടാനുള്ള ക്ലബ്ബിന്‍റെ ശ്രമങ്ങളും ഫലം കണ്ടില്ലെന്നും ക്ലബ്ബ് വിശദമാക്കുന്നു.
ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇഎന്‍പിപിഐ ഫുട്ബോള്‍ ക്ലബ്ബ്. താരത്തെ കാണാതായ വിവരം ഈജിപ്തിലെ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചതായി ക്ലബ്ബ് വിശദമാക്കി. എന്നാല്‍ സംഭവത്തില്‍ ക്ലബ്ബ് പരാതി നല്‍കിയിട്ടില്ല. താരം നല്ല നിലയിലാണ് ഉള്ളതെന്നാണ് പ്രതീക്ഷയെന്നാണ് ക്ലബ്ബ് മാനേജര്‍ മൊഹമ്മദ് ഇസ്മായില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. അതേസമയം മൂന്ന് ആഴ്ചകള്‍ക്ക് ശേഷം താരം ക്ലബ്ബ് അധികൃതരുമായി ബന്ധപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്ത് വരുന്നുണ്ട്.