തൊഡ്രാ... പാക്കലാം! മെസിക്കും നെയ്മര്‍ക്കും ഒപ്പം തലയുയര്‍ത്തി ക്രിസ്റ്റ്യാനോയും; ഇടനെഞ്ചിലാണ് ഫുട്ബോള്‍

By Web Team  |  First Published Nov 6, 2022, 7:23 PM IST

കട്ടൗട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെ കോഴിക്കോട് പുള്ളാവൂരിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വമ്പന്‍ കട്ടൗട്ടും ഉയര്‍ന്നു. ചെറുപുഴയുടെ കരയിലാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്.


കോഴിക്കോട്: ലിയോണല്‍ മെസിയും നെയ്മറും നെഞ്ചും വിരിച്ച് നിന്നാല്‍ പിന്നെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വെറുതെയിരിക്കാനാകുമോ... കട്ടൗട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെ കോഴിക്കോട് പുള്ളാവൂരിൽ ക്രിസ്റ്റ്യാനോ  റൊണാൾഡോയുടെ വമ്പന്‍ കട്ടൗട്ടും ഉയര്‍ന്നു. ചെറുപുഴയുടെ കരയിലാണ് കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്.

നേരത്തെ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ നീക്കണമെന്ന ആവശ്യമുയർന്നതിനു പിന്നാലെയാണ് പോര്‍ച്ചുഗല്‍ ടീം ആരാധകര്‍ ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് ഉയര്‍ത്തി ആവേശത്തിന്‍റെ വിസില്‍ മുഴക്കിയിരിക്കുന്നത്. അതേസമയം, കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തിൽ ആരാധകര്‍ക്ക് പിന്തുണയുമായി പി ടി എ റഹീം എംഎല്‍എ രംഗത്ത് വന്നു.

Latest Videos

പുള്ളാവൂരിൽ സ്ഥാപിച്ച മെസിയുടെയും നെയ്മറുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് എംഎല്‍എ വ്യക്തമാക്കി. കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എൻഐടിയുടെ കുടിവെള്ള സംവിധാനത്തിന് വേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിത്. എൻഐടിയുടെ ചെക്ക് ഡാമിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ  സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്.

ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ വിഷയത്തിൽ മെസിക്കും നെയ്മർക്കും ഫുട്ബോൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പം തന്നെ നില്‍ക്കുമെന്നും ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാൽപന്ത് കളിക്കൊപ്പം എന്നുമുണ്ടാകുമെന്നും എംഎല്‍എ ഉറപ്പ് നല്‍കി. 

അതേസമയം, പുള്ളാവൂർ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ട് വിവാദത്തിൽ ചാത്തമംഗലം പഞ്ചായത്ത് ഇന്ന് മലക്കം മറിഞ്ഞിരുന്നു. കട്ടൗട്ടുകൾ എടുത്ത് മാറ്റാൻ നിർദ്ദേശം നൽകിയെന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ വ്യക്തമാക്കി. പഞ്ചായത്തിന് ജനങ്ങളുടെ വികാരത്തിനൊപ്പമേ നിൽക്കാനാകൂ. പഞ്ചായത്തിന് പരാതി കിട്ടി എന്നതും സ്ഥലത്ത് പരിശോധന നടത്തി എന്നതും ശരിയാണ്. എന്നാൽ കട്ടൗട്ട് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല എന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

'ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വാദം, അടിസ്ഥാനമില്ല'; 'മെസിക്കും നെയ്മര്‍ക്കും' എംഎല്‍എയുടെ പിന്തുണ

click me!