മരിയോ ഫെറി എന്ന യുവാവിന്‍റെ ടീഷര്‍ട്ടില്‍ അടിമുടി പ്രതിഷേധ സൂചകങ്ങള്‍ ആയിരുന്നു. യുക്രൈനെ രക്ഷിക്കണം എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നായിരുന്നു എഴുത്ത്.
ദോഹ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേ മത്സരത്തിനിടയില്‍ ഗ്രൗണ്ടിലേക്ക് ക്വീര്‍ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലെ പതാകയുമായി ഇരച്ചെത്തിയുള്ള യുവാവിന്‍റെ പ്രതിഷേധം വലിയ ചര്‍ച്ചയായി മാറിയിരുന്നു. മരിയോ ഫെറി എന്ന യുവാവിന്‍റെ ടീഷര്‍ട്ടില്‍ അടിമുടി പ്രതിഷേധ സൂചകങ്ങള്‍ ആയിരുന്നു. യുക്രൈനെ രക്ഷിക്കണം എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നായിരുന്നു എഴുത്ത്.
നീല നിറത്തിലെ ടീ ഷര്‍ട്ടില്‍ സൂപ്പര്‍മാന്‍റെ ലോഗോയും പതിച്ചിരുന്നു. സെക്കന്‍ഡ് ഹാഫിലായിരുന്നു പ്രതിഷേധക്കാരന്‍ ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് ഇയാളെ പിടികൂടി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്. ഇപ്പോള്‍ ഖത്തര്‍ അധികൃതര്‍ തന്നെ വെറുതെ വിട്ടതായി വെളിപ്പെടുത്തുകയാണ് മരിയോ ഫെറി. ഖത്തറില്‍ ഒരു പ്രശ്നങ്ങളും ഇല്ലെന്ന് റെഫി റോയിട്ടേഴ്സിനോട് പറഞ്ഞു. ഖത്തര്‍ പൊലീസിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
undefined
കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ വളരെ മാന്യമായാണ് അവര്‍ തന്നോട് പെരുമാറിയത്. ചായയോ വെള്ളമോ എന്തെങ്കിലും വേണമോയെന്ന് വളരെ സൗഹാര്‍ദ്ദത്തില്‍ അവര്‍ ചോദിച്ചു. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫെന്‍റിനോ എത്തിയാണ് തന്നെ രക്ഷിച്ചത്. വെറും 30 മിനിറ്റ് കൊണ്ടാണ് ഇന്‍ഫെന്‍റിനോ ഇടപ്പെട്ട് തന്നെ മോചിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സ്വകാര്യ രേഖകള്‍ ഇതിനായി സമര്‍പ്പിക്കുകയും ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇന്‍ഫെന്‍റിനോ ചോദിച്ചു.
ഇതിന് ശേഷം തന്നെ രക്ഷിക്കാനൊരു പദ്ധതിയുണ്ടെന്ന് പറഞ്ഞ് ഖത്തര്‍ അധികൃതരുടെ അടുത്തേക്ക് പോയി. പ്രധാനപ്പെട്ട ആളുകളുമായി സംസാരിച്ച് 30 മിനിറ്റിനുള്ളില്‍ തന്നെ മോചിപ്പിച്ചുവെന്ന് ഇറ്റലിയിലെ സ്വന്തം വീട്ടില്‍ നിന്ന് ഫെറി പറഞ്ഞു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഒരു സഹായ പ്രവർത്തകനായി ഒരു മാസം ചെലവഴിച്ചു. അത് തന്നെ വളരെയധികം സ്വാധീനിച്ചുവെന്ന് ഫെറി പറഞ്ഞു. വീടും ഭക്ഷണവും വെള്ളവുമില്ലാത്ത കുട്ടികളും വൃദ്ധരുമെല്ലാം അവരുടെ വീടുകളിൽ നിന്ന് രക്ഷപ്പെടുന്നത് ഓർക്കുന്നുണ്ട്. യുദ്ധം നിർത്തുക എന്നത് തനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഫെറി പറഞ്ഞു.