ലോകകപ്പ് ഫുട്ബോള്‍; ഖത്തറിനെതിരായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി അമീര്‍

By Gopala krishnan  |  First Published Oct 26, 2022, 10:33 AM IST

ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാവാന്‍ ഖത്തറിന് അവസരം ലഭിച്ചത് മുതൽ, ഒരു ആതിഥേയ രാജ്യവും നേരിടാത്ത തരത്തിലുള്ള കുപ്രചാരണങ്ങള്‍ക്കാണ് ഖത്തർ വിധേയമായതെന്ന് അമീര്‍ പറഞ്ഞു. തുടക്കത്തില്‍ വിമര്‍ശനങ്ങളെ പോസിറ്റീവായാണ് എടുത്തത്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകള്‍ മെച്ചപ്പെടുത്താനും ഇത് നമ്മളെ സഹായിച്ചു. എന്നാൽ പിന്നീടാണ് ഈ വിദ്വേഷ പ്രചാരണത്തിന്റെ പിന്നിലെ യഥാർത്ഥ കാരണവും നിഗൂഢ താല്‍പര്യങ്ങളും ഞങ്ങൾക്ക് ബോധ്യമായത്.

ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ സംഘാടനവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും മറുപടി നല്‍കി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി. ശൂറാ കൗണ്‍സിലിന്റെ 51-ാമത് വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അമീര്‍ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട്  ഖത്തറിനെതിരെ നടക്കുന്ന പ്രാരണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയത്.

ലോകകപ്പ് ഫുട്ബോളിന് ആതിഥേയരാവാന്‍ ഖത്തറിന് അവസരം ലഭിച്ചത് മുതൽ, ഒരു ആതിഥേയ രാജ്യവും നേരിടാത്ത തരത്തിലുള്ള കുപ്രചാരണങ്ങള്‍ക്കാണ് ഖത്തർ വിധേയമായതെന്ന് അമീര്‍ പറഞ്ഞു. തുടക്കത്തില്‍ വിമര്‍ശനങ്ങളെ പോസിറ്റീവായാണ് എടുത്തത്. ഇനിയും മെച്ചപ്പെടുത്തേണ്ട മേഖലകള്‍ മെച്ചപ്പെടുത്താനും ഇത് നമ്മളെ സഹായിച്ചു. എന്നാൽ പിന്നീടാണ് ഈ വിദ്വേഷ പ്രചാരണത്തിന്റെ പിന്നിലെ യഥാർത്ഥ കാരണവും നിഗൂഢ താല്‍പര്യങ്ങളും ഞങ്ങൾക്ക് ബോധ്യമായത്.

Latest Videos

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത്; അധികൃതര്‍ നല്‍കുന്ന ഉറപ്പ്

ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള വെല്ലുവിളി സ്വീകരിച്ച നമ്മള്‍ ദേശീയ പദ്ധതികളിലും വികസന, സാമ്പത്തിക, സുരക്ഷ, ഭരണ തലത്തിലെ സമന്വത്തിലൂടെ മുന്നോട്ടു പോകുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും സ്ഥാപനങ്ങളുടെയും മികവ് മാത്രമല്ല ഖത്തറിന്‍റെ സാംസ്കാരിക സത്വം കൂടി നാം ഈ ലോകകപ്പില്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനകം നാം നേടിയതും നേടാനുള്ളതുമായ കാര്യങ്ങളിൽ ഖത്തറിനെപ്പോലുള്ള ഒരു രാജ്യത്തിന് വലിയൊരു പരീക്ഷണമാണിത്.

ഖത്തരികളായ നമ്മള്‍ ഈ വെല്ലുവിളി സ്വീകരിക്കുന്നു. ആരാണ് ഖത്തരികള്‍ എന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ ലഭിക്കുന്ന അവസരമാണിത്. ലോകകപ്പിനായി തദ്ദേശീയരും വിദേശികളും ഒരുപോലെ തയ്യാറെടുപ്പുക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യുന്ന നിര്‍മാണശാല പോലെയാണ് ഖത്തർ ഇപ്പോള്‍. സാഹോദര്യവും സൗഹൃദവുമുള്ള രാജ്യങ്ങൾ അവരുടെ കഴിവുകൾ നമുക്ക് നല്‍കുന്നു.  കാരണം ഇത് എല്ലാവരുടെയും ലോകകപ്പാണ്, അതിന്‍റെ വിജയം എല്ലാവരുടെയും വിജയമാണ്-അമീര്‍ പറഞ്ഞു

click me!