മൊറോക്കൻ കളിക്കാരുടെ കാലുകൊണ്ടൊരു വിജയത്തേര് തീർത്തു കഷണ്ടിയും കറുത്തതാടിയും
വച്ച ഈ ഫ്രഞ്ചുകാരൻ
ദോഹ: മൊറോക്കോയുടെ ഖത്തർ ലോകകപ്പിലെ വിജയങ്ങളെ ആദ്യം അട്ടിമറിയെന്ന് വിശേഷിപ്പിച്ചെങ്കിലും ഇപ്പോഴത് വിജയദാഹമുള്ളൊരു കളിക്കൂട്ടത്തിന്‍റെ പേരാണ്. വമ്പൻമാരെ വീഴ്ത്തി മുന്നേറുന്നതാകട്ടെ സമർത്ഥനായൊരു കോച്ചിന്‍റെ തന്ത്രങ്ങളുടെ കരുത്തിലും. ക്വാർട്ടറിൽ ബ്രസീലും പോർച്ചുഗലും തോറ്റ് പുറത്തായപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി ആഫ്രിക്കൻ ശക്തികളായ മൊറോക്കോ സെമി ഫൈനലിൽ പ്രവേശിച്ചതാണ് ഈ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്ന്.
കളിക്കാരൊക്കെ തയ്യാറായിരുന്നു. കോച്ച് മാത്രം വൈകിയെത്തി. പക്ഷേ, അതൊന്നൊന്നര വരവായിരുന്നു.
അച്ചടക്കമുള്ളൊരു പന്തുകളിക്കൂട്ടമായി അവർ പിന്നാലെ നടന്നപ്പോൾ വമ്പൻമാർക്കെല്ലാം അവരുടെ മുന്നിൽ കാലിടറി. ഇപ്പോൾ കലാശപ്പോരിന് ഒരു ജയമകലെയെത്തിനിൽക്കുന്ന കാത്തിരിപ്പ്. ഓഗസ്റ്റിലാണ് വാലിദ് മൊറോക്കയുടെ പരിശീലകനാകുന്നത്. സ്ഥാനമേറ്റെടുത്തപ്പോൾ ആദ്യം ചെയ്തത് മുൻ കോച്ചുമായി തെറ്റിപ്പിണങ്ങിപ്പോയ ഹക്കീം സിയെച്ചിനെ തിരികെ വിളിച്ചതാണ്. കളിക്കാരിൽ അധികവും മൊറോക്കോയിൽ ജനിച്ചവരല്ലെന്ന പ്രതിസന്ധിയും അതിവേഗം മറികടന്നു. കുടുംബത്തെപ്പോലെ എല്ലാവരേയും ചേർത്തുവച്ചു. പന്തുമായി കുതിക്കുന്നവരുടെ കാലിലേക്ക് ഊർജം പകരുന്ന കാണികളുടെ പ്രാധാന്യം മനസ്സിലാക്കി അവരുടെ മനസ്സും കവർന്നു.
undefined
മഗ്രിബിന് സമ്പന്നമായൊരു ഫുട്ബോൾ പാരമ്പര്യം ചൊല്ലാനില്ലായിരുന്നു. പ്രതീക്ഷകളുടെ ഭാരമില്ല, പ്രവചനങ്ങളിൽ ഇടമില്ല, പക്ഷേ, മൊറോക്കോൻ കളിക്കാരുടെ കാലുകൊണ്ടൊരു വിജയത്തേര് തീർത്തു കഷണ്ടിയും കറുത്തതാടിയും വച്ച ഈ ഫ്രഞ്ചുകാരൻ. മൊറോക്കോ ഇന്ന് ആഫ്രിക്കൻ വൻകരയുടെ മേൽവിലാസമാണ്. അറബ് വംശജരുടെ അഭിമാനമാണ്. അടങ്ങാത്ത വിജയതൃഷ്ണ കോച്ചിനൊരു പേരും ചാർത്തി. മൊറോക്കൻ ഗാർഡിയോള. എതിരാളികളെ അളന്നുവളഞ്ഞ് നിഷ്പ്രഭമാക്കുന്ന കളി ശൈലിക്കിന്ന് പേര് മിറാക്കിൾ മൊറോക്കോ എന്നാണ്. ജിബ്രാൾട്ടർ കടലിടുക്കുപോലെ എതിരാളികൾക്ക് അതിക്രമിച്ചു കടക്കാൻ എളുപ്പം ഇടം നൽകാത്ത പ്രതിരോധരോധമുണ്ട് ടീമിന്. അതുംകടന്നാൽ അറ്റ്‌ലസ് പർവതം പോലെ ഗോളി ബോനോയുടെ നില്‍പാണ്. അഞ്ച് കളിയിൽ നേടിയത് അഞ്ച് ഗോൾ മാത്രമെങ്കിലും എതിരാളികൾക്ക് ഒരിക്കൽപ്പോലും ബോനോയെ കീഴടക്കാനായിട്ടില്ല.