എവിടെ നോക്കിയാലും ഗ്രീസ്‌മാന്‍; ഗോള്‍ഡൻ ബോള്‍ പോരാട്ടത്തില്‍ മെസിക്കൊപ്പം പേര്! അതും ഗോളില്ലാതെ

By Web Team  |  First Published Dec 16, 2022, 9:04 AM IST

ഫ്രാൻസിന് വേണ്ടി ഗോളടിക്കുന്നത് എംബാപ്പയും ജിറൂദുമാകാം. പക്ഷേ ഗോളിലേക്ക് വഴിയൊരുക്കുന്നത് ഗ്രീസ്‌മാനാണ്


ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ സ്വർണപ്പന്ത് പോരാട്ടത്തിലേക്ക് ലിയോണല്‍ മെസിക്കൊപ്പം പേര് ചേർത്ത് അന്‍റോയിന്‍ ഗ്രീസ്‌മാനും. ഗോളടിപ്പിച്ചും ഗോളവസരം ഉണ്ടാക്കിയുമാണ് ഗോള്‍ഡൻ ബോളിനായി ഗ്രീസ്‌മാന്‍റെ അവകാശവാദം.

മുൻനിര മുതൽ പ്രതിരോധം വരെ, പ്ലാറ്റീനിയും സിദാനും സമ്മേളിച്ച പ്ലേ മേക്കർ എന്നാണ് ഗ്രീസ്‌മാൻ എന്ന പടനായകന് ഫ്രഞ്ച് മുൻ താരം ക്രിസ്റ്റഡി ഗുഡാരി നൽകിയ വിശേഷണം. ഫ്രാൻസിന് വേണ്ടി ഗോളടിക്കുന്നത് എംബാപ്പയും ജിറൂദുമാകാം. പക്ഷേ ഗോളിലേക്ക് വഴിയൊരുക്കുന്നത് ഗ്രീസ്‌മാനാണ്. പറന്നുകളിക്കുന്ന ഗ്രീസ്‌മാൻ. ബോളെത്തുന്നിടത്തെല്ലാം നിഴല്‍ പോലെയുണ്ടാകും. കഴിഞ്ഞ ലോകകപ്പിൽ കാന്‍റേയും പോഗ്ബയും ചെയ്‌ത പണി ഇത്തവണ ഒറ്റയ്ക്ക് ഗ്രീസ്‌മാന്‍ ചെയ്യുന്നു. സ്ട്രൈക്കറുടെ റോളിൽ നിന്ന് മധ്യനിരയിലേക്ക് പിൻവാങ്ങിയുള്ള കുതിപ്പാണ് ഗ്രീസ്‌മാന്‍ നടത്തുന്നത്. മെസിക്കൊപ്പം ഗോൾഡൻ ബോളിനായി ഗ്രീസ്‌മാന്‍ ശക്തമായി മത്സരരംഗത്തുണ്ട്. ഖത്തര്‍ ലോകകപ്പില്‍ ഇരുവർക്കും മൂന്ന് അസിസ്റ്റ് വീതമാണുള്ളത്. 

Latest Videos

undefined

ഗോളടിച്ചില്ലെങ്കിലും അടിപ്പിക്കുന്നതിൽ കേമനാണ് ഗ്രീസ്‌മാന്‍. ഗോളവസരമുണ്ടാക്കുന്നതിൽ അതിലേറെ മികവ്. മെസി ഇതുവരെ 18 ഗോളവസരം സൃഷ്ടിച്ചെങ്കിൽ ഗ്രീസ്‌മാൻ 21 എണ്ണമുണ്ടാക്കി. മറ്റുള്ള കണക്കുകൾ ഇങ്ങനെ... കിലിയൻ എംബപ്പെ 11, ഉസ്മാൻ ഡെംബെലെ 11, തിയോ ഹെർണണ്ടസ് 10. മാധ്യമ പ്രവർത്തകരും ഫിഫ ടെക്നിക്കൽ കമ്മറ്റിയും ചേർന്നാണ് വോട്ടെടുപ്പിലൂടെ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ മെസിയും എംബാപ്പെയും വരുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഒരു ഗോള്‍ പോലും അടിക്കാതെ ഗ്രീസ്‌മാന്‍റെ അവകാശവാദമുന്നയിക്കൽ. ഞായറാഴ്‌ചത്തെ കളിയിലറിയാം സ്വർണപ്പന്ത് കാലുകൊണ്ട് കയ്യിലെടുക്കുക മെസിയോ ഗ്രീസ്‌മാനോ എന്ന്.

ലോകകപ്പ് ഫൈനലിന് മുന്‍പായി അര്‍ജന്‍റീന, ഫ്രാന്‍സ് ടീമുകൾ ഇന്ന് പരിശീലനം നടത്തും. ക്രൊയേഷ്യക്കെതിരെ പകരക്കാരായി കളിച്ച താരങ്ങളാണ് ഇന്നലെ അര്‍ജന്‍റീനയുടെ പരിശീലന സെഷനിൽ പങ്കെടുത്തത്. ലൗട്ടാറോ മാര്‍ട്ടിനെസ് ജിമ്മിൽ സമയം ചെലവഴിച്ചപ്പോള്‍ ഓസ്ട്രേലിയക്കെതിരായ പ്രീ ക്വാര്‍ട്ടറിനിടെ പരിക്കേറ്റ പാപ്പു ഗോമസ് പരിശീലനത്തിൽ നിന്ന് വിട്ടുനിന്നു. മുന്‍ താരം സെര്‍ജിയോ അഗ്യൂറോയും പരിശീലന വേദിയിൽ എത്തിയിരുന്നു. സെമിയിൽ മൊറോക്കോയെ തോൽപ്പിച്ച ശേഷം ഫ്രഞ്ച് ടീമിന്‍റെ വിശദമായ ആദ്യ പരിശീലന സെഷനാകും ഇന്നത്തേത്. ലുസൈലില്‍ ഞായറാഴ്ച രാത്രി 8.30നാണ് ഫൈനല്‍. 

ഒന്നും അവസാനിച്ചിട്ടില്ല; സുല്‍ത്താന്‍ നെയ്‌മര്‍ മഞ്ഞക്കുപ്പായത്തില്‍ തുടരും- റിപ്പോര്‍ട്ട്

 
 

click me!