ലോക ഫുട്ബോൾ അന്നോളം കണ്ട ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു 2002 ലോകകപ്പിൽ ലോക കിരീടം നിലനിർത്താനെത്തിയ ഫ്രാൻസിനെ കുഞ്ഞൻമാരായ സെനഗൽ അട്ടിമറിച്ചത്
ഡാക്കർ: ഖത്തർ ലോകകപ്പിൽ കളി മികവുകൊണ്ട് അടയാളപ്പെടുത്തിയാകും സെനഗൽ ഇത്തവണ മടങ്ങുകയെന്ന് കോച്ച് അലിയോ സിസെ. 2002 ലോകകപ്പിൽ ഫ്രാൻസിനെ അട്ടിമറിച്ച ചരിത്രമാകും ഇത്തവണയും സെനഗലിന് ആവേശമാവുക എന്നും സിസെ വ്യക്തമാക്കി.
ലോക ഫുട്ബോൾ അന്നോളം കണ്ട ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു 2002 ലോകകപ്പിൽ ലോക കിരീടം നിലനിർത്താനെത്തിയ ഫ്രാൻസിനെ കുഞ്ഞൻമാരായ സെനഗൽ അട്ടിമറിച്ചത്. ആഫ്രിക്കൻ കരുത്തിന്‍റെ കപ്പിത്താനായി അന്ന് അമരത്തുണ്ടായിരുന്ന അലിയോ സിസെ ഇന്നും ടീമിനൊപ്പമുണ്ട്. രണ്ട് പതിറ്റാണ്ടിന് ശേഷം സിസെ സെനഗലിനൊപ്പം വീണ്ടും ഏഷ്യയിലേക്ക് എത്തുന്നത് വലിയ സ്വപ്നങ്ങളുമായാണ്. ഈ ലോകകപ്പിൽ ആഫ്രിക്കൻ ടീമുകളുടെ മികവ് കൂടുതലറിയാമെന്നാണ് സിസെയുടെ പ്രതീക്ഷ. 2018 ലോകകപ്പിലെ പിഴവുകളിൽ നിന്ന് പാഠം പഠിച്ചെന്നും ഏഴ് വർഷമായി സെനഗലിനെ പരിശീലിപ്പിക്കുന്ന സിസെ പറയുന്നു.
കഴിഞ്ഞ വർഷം ആഫ്രിക്കൻ വൻകരയുടെ കിരീടമുയർത്തിയ സംഘവുമായാണ് അലിയോ സിസെ ഖത്തറിലെത്തുന്നത്. സെനഗൽ പഴയ സെനഗലല്ല, കരുത്ത് ഏറെ കൂടി. സൂപ്പർതാരം സാദിയോ മാനെയ്ക്കൊപ്പം ക്യാപ്റ്റൻ കൗലിബാലിയും ഇന്ദ്രിസിയ ഗ്വിയെ, മെൻഡി എന്നീ കരുത്തരും ചേരുമ്പോൾ എതിരാളികൾക്ക് ആഫ്രിക്കൻ വമ്പന്മാരെ മറികടക്കുക എളുപ്പമാകില്ല. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ഇക്വഡോറും നെതർലൻഡ്‌സുമാണ് സെനഗലിന്‍റെ എതിരാളികൾ.
ഫുട്ബോള്‍ ലോകകപ്പിലെ അട്ടിമറി വിജയം സെനഗലിന് പുതുമയല്ല. ചാമ്പ്യൻമാരായി ലോകകപ്പിനെത്തിയ ഫ്രാൻസിനെ ഞെട്ടിച്ചായിരുന്നു 2002ൽ സെനഗലിന്‍റെ അരങ്ങേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഡെൻമാർക്കിനെതിരെ പിന്നിട്ടു നിന്നശേഷം സെനഗൽ ഒരു ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു. മൂന്നാം മത്സരത്തില്‍ ആദ്യ പകുതിയിൽ ഉറുഗ്വേയുടെ വലയിൽ മൂന്ന് ഗോളുകൾ വീഴ്‌ത്തി വീണ്ടും ഞെട്ടിച്ചു. കളി സമനിലയിലായെങ്കിലും രണ്ടാം സ്ഥാനക്കാരായി സെനഗൽ പ്രീക്വാർട്ടറിലെത്തി. ശക്തരായ സ്വീഡനെ തകർത്ത് ക്വാർട്ടറിലെത്തിയ ശേഷമാണ് സെനഗലിന്‍റെ അട്ടിമറിപോരാട്ടത്തിന് വിരാമമായത്.
ഫിഫ ലോകകപ്പില്‍ ബ്രസീൽ-അർജന്‍റീന സ്വപ്ന ഫൈനലെന്ന് ഇഎ സ്പോർട്‌സ്; കിരീടം മെസിയുയര്‍ത്തും