വമ്പന്‍മാർ പലരും വീട്ടിലെത്തി, അവശേഷിക്കുന്നത് നാലേ നാല് ടീം; ഫിഫ ലോകകപ്പിലെ സെമി ലൈനപ്പ്

By Jomit Jose  |  First Published Dec 11, 2022, 8:05 AM IST

ഇന്ന് പുലർച്ചെ നടന്ന അവസാന ലോകകപ്പ് ക്വാർട്ടറില്‍ ഇംഗ്ലണ്ട് പുറത്തായതോടെയാണ് സെമി ചിത്രം തെളിഞ്ഞത്


ദോഹ: ഖത്തര്‍ ലോകകപ്പില്‍ സെമിഫൈനൽ ചിത്രം തെളിഞ്ഞു. ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയിൽ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സ് ആദ്യമായി സെമി കളിക്കുന്ന മൊറോക്കോയെ നേരിടും. കഴിഞ്ഞ ലോകകപ്പില്‍ 4 സെമിഫൈനലിസ്റ്റുകളും യൂറോപ്പില്‍ നിന്നായിരുന്നെങ്കില്‍ ഇക്കുറി 2 യൂറോപ്യന്‍ ടീമുകളും ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി ഓരോ ടീമും ആണ് അവസാന നാലിലെത്തിയത്. ഡിസംബര്‍ 18 ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

ഇന്ന് പുലർച്ചെ നടന്ന അവസാന ലോകകപ്പ് ക്വാർട്ടറില്‍ ഇംഗ്ലണ്ട് പുറത്തായതോടെയാണ് സെമി ചിത്രം തെളിഞ്ഞത്. ഒന്നിനെതിരെ രണ്ട് ഗോൾ ജയത്തോടെ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി. ഒരു ഗോളിന് പിന്നില്‍ നിന്നപ്പോള്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ഹാരി കെയ്ന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

Latest Videos

undefined

പെനാല്‍റ്റി തുലച്ച് ഹാരി

കളി തുടങ്ങി 17-ാം മിനുറ്റിലായിരുന്നു ഏവരേയും ഞെട്ടിച്ച് 25 വാര അകലെ നിന്നുള്ള ചൗമെനിയുടെ വെടിയുണ്ട ഗോള്‍ പോസ്റ്റിലെത്തിയത്. ഇതിന് പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ 54-ാം മിനുറ്റില്‍ സമനില പിടിച്ചു. 78-ാം മിനുറ്റില്‍ ഫ്രാന്‍സ് വീണ്ടും മുന്നിലെത്തി. ആന്‍റോയിന്‍ ഗ്രീസ്മാന്‍ മനോഹരമായി തൊടുത്ത ക്രോസില്‍ ജിറൂദ് പറന്നുയര്‍ന്ന് ഹെഡ് ചെയ്തപ്പോള്‍ മഗ്വെയറിന് തടയാനായില്ല, പിക്ഫോര്‍ഡിനെയും കടന്ന് പന്ത് വലയിലെത്തി. 82-ാം മിനിറ്റില്‍ വീണ്ടും ഇംഗ്ലണ്ടിന് സമനില പിടിക്കാന്‍ അവസരം ഒരുങ്ങി. മേസന്‍ മൗണ്ടിനെ ബോക്സിനുള്ളില്‍ ഒരു ആവശ്യവുമില്ലാതെ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി പെനാല്‍റ്റി വിധിക്കപ്പെട്ടു. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലീഷ് സംഘത്തിന് തുണയായത്. നിര്‍ണായക സമയത്ത് ലഭിച്ച അവസരം പക്ഷേ നായകന്‍ ഹാരി കെയ്ന് മുതലാക്കാനായില്ല. 

ഇറ്റ്സ് നോട്ട് കമിംഗ് ഹോം! പൊരുതിയിട്ടും കരകയറാതെ ഇംഗ്ലണ്ട് വീണു, സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്

click me!