ഇംഗ്ലണ്ട് ടീം പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെതിരെ കളിച്ചപ്പോള്‍ റഹീം സ്റ്റെര്‍ലിങ് ടീമിലില്ലായിരുന്നു
ദോഹ: വീട് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ട് സ്ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിങ് ഖത്തറിലേക്ക് ഉടന്‍ മടങ്ങിയെത്തും. ശനിയാഴ്‌ച ഫ്രാന്‍സിന് എതിരായ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് താരം ഇംഗ്ലീഷ് സ്‌ക്വാഡിനൊപ്പം ചേരും എന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു. ചെല്‍സി താരം താല്‍ക്കാലികമായി വീട്ടിലേക്ക് മടങ്ങിയതാണ്, വെള്ളിയാഴ്‌ച സ്റ്റെര്‍ലിങ് ദോഹയിലെത്തും എന്ന് പ്രതീക്ഷിക്കുന്നതായും ഫുട്ബോള്‍ അസോസിയേഷന്‍റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇംഗ്ലണ്ട് ടീം പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെതിരെ കളിച്ചപ്പോള്‍ റഹീം സ്റ്റെര്‍ലിങ് ടീമിലില്ലായിരുന്നു. ഇംഗ്ലണ്ടിന്‍റെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളിച്ച താരത്തെ വെയ്‌ല്‍സിനെതിരായ മത്സരത്തില്‍ ബഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു താരം നാട്ടിലേക്ക് മടങ്ങിയതായി ഇംഗ്ലണ്ട് ടീം അറിയിച്ചത്. കുടുംബ കാരണങ്ങളാല്‍ സ്റ്റെര്‍ലിംഗ് നാട്ടിലേക്ക് മടങ്ങുന്നു എന്ന് മാത്രമാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ കുടുംബ വീട് ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് താരം നാട്ടിലേക്ക് വേഗം മടങ്ങിയത് എന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ പുറത്തുവന്നിരുന്നു.
undefined
റഹീം സ്റ്റെര്‍ലിങ് ടീമിലേക്ക് മടങ്ങിയെത്തുന്നത് ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് വലിയ ആശ്വാസ വാര്‍ത്തയാണ്. നിലവിലെ ചാമ്പ്യന്‍മാരും കരുത്തരുമായ ഫ്രാന്‍സിനെതിരായ കടുപ്പമേറിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിന് ഒരു ഓപ്‌ഷന്‍ കൂടി അറ്റാക്കിംഗില്‍ ഇതോടെ ലഭിക്കും. എങ്കിലും സെനഗലിനെതിരായ മത്സരത്തില്‍ ബുക്കായോ സാക്കയും ഫില്‍ ഫോഡനും മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ സ്റ്റെര്‍ലിങ് സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടാവാനിടയില്ല.
ശനിയാഴ്‌ച രാത്രി ഇന്ത്യന്‍സമയം 12.30നാണ് ഇംഗ്ലണ്ട്-ഫ്രാന്‍സ് സൂപ്പര്‍ പോരാട്ടം. ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്നാണ് ഈ മത്സരത്തിനുള്ള വിശേഷണം. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് ഇംഗ്ലണ്ട് മടക്ക ടിക്കറ്റ് കൊടുക്കുമോ എന്നതാണ് മത്സരത്തിലെ ആകാംക്ഷ.