കണക്കിലെ പെരുമയുമായി ബ്രസീല്‍; കണക്കുക്കൂട്ടല്‍ തെറ്റിക്കാന്‍ മൊറോക്കോ; കവിത വിരിയിക്കാന്‍ അര്‍ജന്‍റീന

By Web Team  |  First Published Dec 9, 2022, 1:38 PM IST

ലാറ്റിനമേരിക്കൻ കളിയഴകുമായി അര്‍ജന്‍റീന സെമികളിച്ചത് അഞ്ച് തവണ. മൂന്ന് തവണ ഫൈനൽ പോരാട്ടത്തിൽ വീണു. രണ്ട് തവണ ലോകകപ്പിൽ മുത്തമിട്ടു.1978 ലും 1986ലും.


ദോഹ: നെതർലാൻഡ്സ് അർജന്‍റീന, ഫ്രാൻസ് ഇംഗ്ലണ്ട്, ക്രൊയേഷ്യ ബ്രസീൽ, മൊറോക്കോ പോർച്ചുഗൽ. ഖത്തറില്‍ ബാക്കിയുള്ളത് എട്ട് ടീമുകള്‍. ഇതില്‍ മൊറൊക്കോ മാത്രമാണ് ആദ്യമായി ലോകകപ്പ് ക്വാർട്ടറിലെത്തുന്ന ടീം. കണക്കുകളിലെ പെരുമ ബ്രസീലിനാണ്. സാംബാതാളം നിറച്ച ബ്രസീലിയൻ കാലുകൾ സെമിയിൽ താളമിട്ടത് പതിനൊന്ന് തവണ. അഞ്ച് തവണയും പോരാട്ടം നിലച്ചത് സ്വർണക്കപ്പിൽ മുത്തമിട്ട് തന്നെ. രണ്ട് തവണ രണ്ടാം സ്ഥാനക്കാർ. 1950ലും 98ലും.1938ലും 78ലും മൂന്നാം സ്ഥാനക്കാർ. ഇതുവരെയുള്ള എല്ലാ ലോകകപ്പിലും ബൂട്ടണിഞ്ഞ ഏക ടീമും കാനറികൾ മാത്രം.

Latest Videos

undefined

ലാറ്റിനമേരിക്കൻ കളിയഴകുമായി അര്‍ജന്‍റീന സെമികളിച്ചത് അഞ്ച് തവണ. മൂന്ന് തവണ ഫൈനൽ പോരാട്ടത്തിൽ വീണു. രണ്ട് തവണ ലോകകപ്പിൽ മുത്തമിട്ടു.1978 ലും 1986ലും. പതിനൊന്നാം തവണയാണ് ഓറഞ്ച് പട ലോകകപ്പിനെത്തുന്നത്.1974ലും 1978ലും പിന്നെ 2010 ലും രണ്ടാം സ്ഥാനക്കാരായതാണ് നെതർലാൻഡ്സിന്‍റെ ഏറ്റവും മികച്ച പ്രകടനം.1998ൽ നാലാമതും 2014ൽ മൂന്നാം സ്ഥാനത്തും. അതായത് അഞ്ച് തവണ ക്വാർട്ടർ കടമ്പ കടന്നവരാണ് ഓറഞ്ച് കുപ്പായക്കാർ.

ഫ്രാൻസും ഇംഗ്ലണ്ടും ക്വാർട്ടറിൽ നേർക്ക് നേർ വരുമ്പോൾ സെമി പ്രവേശന കണക്കുകൾ ഫ്രഞ്ചുകാർക്ക് അനുകൂലം. ആറ് തവണയാണ് ഫ്രഞ്ച് പട സെമി കടന്നും മാർച്ച് ചെയ്തത്. 1998ലും 2018ലും മടങ്ങിയത് രാജാക്കന്മാരായി. 2006ൽ രണ്ടാം സ്ഥാനക്കാർ.1958ലും 1986ലും മൂന്നാമത്. 1982ൽ നാലാമന്മാർ. ഇംഗ്ലണ്ടിന് പക്ഷേ ചരിത്രം അത്ര നല്ലതല്ല. 1966ലെ കിരീടം മാത്രമാണ് ആശ്വാസകരം. 1990ലും 2018ലും നാലാം സ്ഥാനം.ആറ് തവണ ക്വാർട്ടറിൽ വീണതാണ് ഇംഗ്ലീഷുകാരുടെ ചരിത്രം.

കണക്കുകൾ അത്ര അനുകൂലമല്ലെങ്കിലും ക്രോട്ടുകളെയും പേടിക്കണം.ആകെ ഇറങ്ങിയത് അഞ്ച് ലോകകപ്പുകളിൽ മാത്രം.അതും 1998 മുതൽ ഇങ്ങോട്ട്. വന്ന വർഷം മൂന്നാം സ്ഥാനം. റഷ്യയിൽ റണ്ണേഴ്സ് അപ്. ഇത്തവണയും പോരാട്ടത്തിന്റെ പര്യായമാണ് ക്രൊയേഷ്യക്കാർ. പറങ്കികൾ ലോകകപ്പിനെത്തുന്നത് 1966ൽ.അത്തവണ മൂന്നാം സ്ഥാനം. പിന്നെയെത്തുന്നത് 1986ൽ. ആദ്യ റൌണ്ടിൽത്തന്നെ മടങ്ങി. 2006ൽ നാലാം സ്ഥാനത്തെത്തിയതാണ് വലിയ നേട്ടം.

ആഫ്രിക്കൻ കരുത്തരായ മൊറോക്കോയാണ് ഇത്തവണത്തെ കറുത്ത കുതിരകൾ. ഫേവറിറ്റുകളല്ലാതെ വന്നിട്ട് വമ്പന്മാർക്ക് മടക്ക ടിക്കറ്റ് കൊടുത്ത് അവസാന എട്ടിൽ ഇടം പിടിച്ചവർ.86ൽ നോക്കൗട്ടിലെത്തിയതാണ് ലോകകപ്പിലെ നേട്ടം. ലോകകപ്പ് യോഗ്യത നേടിയ മറ്റ് നാല് തവണയും ആദ്യ റൗണ്ടിൽ സലാം പറഞ്ഞ് മടങ്ങി. ഇത്തവണ ക്വാർട്ടറിൽ വീണാലും മുന്നേറിയാലും അത് മൊറോക്കൻ ഫുട്ബോളിൽ പുതുയുഗത്തിന് തുടക്കമിടും. കാത്തിരിക്കാം.അവസാന നാലിനായി

click me!