റോണോയുടെ പകരക്കാരൻ തീപ്പൊരി ഐറ്റം, പവറ് കാണിച്ച് പെപ്പെയും; ആദ്യ പകുതിയിൽ പോർച്ചു​ഗീസ് പെരുമ

By Web Team  |  First Published Dec 7, 2022, 1:19 AM IST

ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് പോർച്ചു​ഗൽ മുന്നിലാണ്. ​ഗോൺസാലോ റാമോസ്, പെപ്പെ എന്നിവരാണ് പറങ്കിപ്പടയ്ക്കായി ​ഗോളുകൾ നേടിയത്


ദോഹ: സ്വിറ്റ്സർലൻഡിന്റെ ക്വാർട്ടർ മോ​ഹങ്ങൾക്ക് മേൽ പടർന്നു കയറി തീപ്പൊരി കളി കളത്തിൽ കാഴ്ചവെച്ച് പോർച്ചു​ഗൽ. ആദ്യ പകുതി അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് പോർച്ചു​ഗൽ മുന്നിലാണ്. ​ഗോൺസാലോ റാമോസ്, പെപ്പെ എന്നിവരാണ് പറങ്കിപ്പടയ്ക്കായി ​ഗോളുകൾ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചു​ഗലിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. സ്വിറ്റ്സർലൻഡിൽ നിന്നും ചില മുന്നേറ്റങ്ങൾ ആദ്യ നിമിഷങ്ങളിലുണ്ടായി. എന്നാൽ, ആദ്യ 15 മിനിറ്റുകൾ നല്ല അവസരങ്ങൾ ഒന്നും ഉണ്ടാക്കിയെടുക്കാൻ ഇരു സംഘങ്ങൾക്കും സാധിച്ചില്ല.

അധിക നേരത്തേക്ക് കളി വിരസമായി നീങ്ങിയില്ല. 17-ാം മിനിറ്റിൽ പോർച്ചു​ഗൽ ആദ്യ ​ഗോൾ കണ്ടെത്തി. ത്രോയിൽ നിന്ന് ലഭിച്ച പന്ത് ജോ ഫെലിക്സ് ബോക്സിനുള്ളിൽ ഉണ്ടായിരുന്ന ​ഗോൺസാലോ റാമോസിലേക്ക് നൽകി. മാർക്ക് ചെയ്തിരുന്ന സ്വിസ് പ്രതിരോധ ഭടനെ ഒരു ടച്ച് കൊണ്ട് കടന്ന റാമോസ് വിഷമകരമായ ആം​ഗിളിൽ നിന്ന് തൊടുത്ത ഷോട്ട് യാൻ സോമറിനെ കടന്ന് വല ചലിപ്പിച്ചു. രാജ്യാന്തര കരിയറിൽ ആദ്യമായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ റാമോസ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പകരക്കാരനാകാൻ എന്തുകൊണ്ടും യോ​ഗ്യനാണ് താനെന്ന് ലോകത്തോട് വിളിച്ച് പറയുകയായിരുന്നു സുന്ദരമായ ​ഗോളോടെ. ​ഗോൾ നേടിയതോടെ പറങ്കിപ്പടയ്ക്ക് ആവേശമായി.

Latest Videos

undefined

തുടർച്ചയായി രണ്ട് വട്ടം അവർ സ്വിസ് ബോക്സിലേക്ക് ഇരച്ചെത്തുകയും ​ഗോൾ കീപ്പറിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. യാൻ സോമർ ഒട്ടാവിയോയുടെയും റാമോസിന്റെ ഷോട്ട് തടുത്തതോടെ സ്വിറ്റ്സർലൻഡ് ശ്വാസം വിട്ടു. 29-ാം മിനിറ്റിൽ ഷാഖിരി ഏയ്തുവി‌ട്ട ഫ്രീക്കിക്കിലെ അപകടം ഒഴിവാക്കി പോർച്ചു​ഗീസ് ​ഗോൾ കീപ്പർ ഡി​ഗോ കോസ്റ്റ കോർണർ വഴങ്ങി. ഇതും മുതലാക്കാൻ സ്വിറ്റ്സർലൻഡിന് സാധിച്ചില്ല. 32-ാം മിനിറ്റിൽ ഫെലിക്സ് ബോക്സിലേക്ക് നൽകിയ ലോം​ഗ് ബോൾ ഷാർ ഉയർന്നു ചാടി ഹെ‍ഡ‍് ചെയ്ത് പുറത്തേക്ക് കളഞ്ഞു. ഇതിൽ നിന്ന് ലഭിച്ച കോർണർ സ്വിറ്റ്സലൻഡിന്റെ ക്വാർട്ടർ പ്രതീക്ഷൾക്ക് മേലെ ഒരു ആണി കൂടെ തറച്ചു.

ബ്രൂണോ എടുത്ത കോർണർ ബോക്സിന്റെ നടുവിലേക്ക് എത്തുമ്പോൾ പെപ്പെയെ ഒന്ന് മുട്ടാൻ തന്നെ ധൈര്യമുണ്ടായിരുന്നവർ സ്വിസ് നിരയിൽ ബാക്കിയുണ്ടായിരുന്നില്ല. പ്രായത്തെ പോരാട്ടം കൊണ്ട് തോൽപ്പിച്ച പെപ്പെയുടെ പവർ ഹെഡ്ഡറിന് സോമറിനും മറുപടി നൽകാൻ സാധിക്കാതിരുന്നതോടെ പോർച്ചു​ഗൽ രണ്ട് ​ഗോളിന്റെ ലീഡ് സ്വന്തമാക്കി. 39-ാം മിനിറ്റിൽ എഡ്മിൽസൺ ഫെർണാണ്ടസിന്റെ വലതു വിം​ഗിൽ നിന്നുള്ള ക്രോസിൽ കോസ്റ്റ കൈവെച്ചെങ്കിലും ബോക്സിൽ നിന്ന് അപകടം ഒഴിവായില്ല. ഒടുവിൽ ഡാലോട്ട് പന്ത് ക്ലിയർ ചെയ്തതോടെ സ്വിറ്റ്സർലൻഡിന്റെ ഒരു അവസരം കൂടെ നഷ്ടമായി. 42-ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഒരിക്കൽ കൂടെ പോർച്ചു​ഗീസുകാർ സ്വിസ് ബോക്സിൽ പരിഭ്രാന്തിയുണ്ടാക്കി. റാമോസിന്റെ ഷോട്ട് സോമർ ഒരുവിധം തടുത്തു. കൂടുതൽ സംഭവവികസങ്ങളില്ലാതെ ആദ്യ പകുതിക്കും വൈകാതെ അവസാനമായി. 
 

ജയിക്കാൻ ഉറച്ച് പോർച്ചു​ഗൽ ഇറങ്ങുന്നു; ലോകത്തെയാകെ ഞെട്ടിച്ച് ലൈനപ്പ്, ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ

click me!