പരിശീലകനുമായി ഉടക്കി റൊണാള്‍ഡോ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായി വാര്‍ത്ത; പച്ചക്കള്ളമെന്ന് പോര്‍ച്ചുഗല്‍

By Jomit Jose  |  First Published Dec 8, 2022, 4:58 PM IST

പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസുമായുള്ള ചര്‍ച്ചയ്ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടുമെന്ന ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു


ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാത്തതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്‌ക്വാഡ് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷന്‍. 

'പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസുമായുള്ള ചര്‍ച്ചയ്ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടുമെന്ന് ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഖത്തറില്‍ വച്ച് ടീം വിടുമെന്ന് ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. ദേശീയ ടീമിനായും രാജ്യത്തിനായും ഓരോ ദിവസവും പുത്തന്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ. അത് അംഗീകരിക്കേണ്ടതുണ്ട്. ദേശീയ ടീമിനോടുള്ള സിആര്‍7ന്‍റെ പ്രതിബന്ധത സംശയരഹിതമാണ്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ തവണ കളത്തിലിറങ്ങിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിബന്ധത സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ മത്സരത്തിലും വ്യക്തമായി. സ്വിസ് ടീമിനെതിരെ പ്രീ ക്വാര്‍ട്ടറില്‍ വിജയം അനിവാര്യമായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗല്‍ ടീമിന്‍റെ ഏറ്റവും മികച്ച പ്രകടത്തിനായുള്ള ശ്രമത്തിലാണ് ടീമും താരങ്ങളും പരിശീലകരും പോര്‍ച്ചുഗല്‍ ഫുട്ബോള്‍ അസോസിയേഷനും' എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

Latest Videos

undefined

പോര്‍ച്ചുഗല്‍ കുപ്പായത്തില്‍ 19 വര്‍ഷത്തോളമായി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരുഷ ഫുട്ബോളിലെ ഓള്‍ടൈം ഗോള്‍ സ്കോററാണ്. 195 മത്സരങ്ങളില്‍ 118 ഗോളാണ് റോണോയുടെ നേട്ടം. 

മൊറോക്കോയ്ക്കെതിരെ എന്താകും റോണോയുടെ റോള്‍ 

സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്നത് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. 2008ന് ശേഷം ഒരു സുപ്രധാന ടൂര്‍ണമെന്‍റില്‍ റൊണാള്‍ഡോ ഇല്ലാതെ പോര്‍ച്ചുഗല്‍ ഒരു മത്സരം തുടങ്ങുന്നത് പോലും ആദ്യമായിട്ടായിരുന്നു. 73-ാം മിനിറ്റിലാണ് പകരക്കാരനായി റോണോ കളത്തിലെത്തിയത്. എന്നാല്‍ റോണോയ്ക്ക് പകരമെത്തിയ ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് നേടി പരിശീലകന്‍റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും മൈതാനത്തിറക്കാന്‍ അനുവദിക്കാതിരുന്നത് നാണക്കേടാണെന്ന് റൊണാള്‍ഡോയുടെ പങ്കാളി ജോര്‍ജിന റോഡ്രിഗസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൂടുതല്‍ സമയം റോണോ കളത്തിലുണ്ടാകുമോ എന്ന് കണ്ടറിയാം.

'എന്തൊരു നാണക്കേട്'; റോണോ ആദ്യ ഇലവനില്‍ വരാത്തതില്‍ നീരസം പ്രകടിപ്പിച്ച് പങ്കാളി, സാന്‍റോസിന് വിമര്‍ശനം 


 

click me!