സെല്‍ഫിയെടുക്കാന്‍ തിക്കുംതിരക്കും; നെയ്‌മറുടെ അപരനെ കൊണ്ട് കുടുങ്ങി ഖത്ത‍ര്‍ ലോകകപ്പ് സംഘാടകര്‍

By Web Team  |  First Published Nov 30, 2022, 6:30 PM IST

പരിക്കിനെ തുടർന്ന് സ്വിറ്റ്സർലന്‍ഡിനെതിരെ നെയ്‌മർ ഇറങ്ങാതിരുന്ന മത്സരത്തില്‍ ഈ അപരന്‍ എല്ലാവരേയും പറ്റിച്ചിരുന്നു


ദോഹ: ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറുടെ അപരനെ കൊണ്ട് വട്ടം ചുറ്റിയിരിക്കുകയാണ് ഖത്തർ പൊലീസും ലോകകപ്പ് സംഘാടകരും. നെയ്‌മറുടെ അപരനാണെന്ന് തിരിച്ചറിയാതെ സ്റ്റേഡിയത്തിലെ നിരോധിത മേഖലയിൽ വരെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കൊണ്ടുപോയി. പാരീസുകാരനായ സോസിയ ഡാനെയാണ് ആരാധകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വട്ടം കറക്കുന്നത്.

പരിക്കിനെ തുടർന്ന് സ്വിറ്റ്സർലന്‍ഡിനെതിരെ നെയ്‌മർ ഇറങ്ങാതിരുന്ന മത്സരത്തില്‍ ഈ അപരന്‍ എല്ലാവരേയും പറ്റിച്ചിരുന്നു. ഗ്രൗണ്ടിൽപ്പോലും അന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം എത്തിയിരുന്നില്ല. എന്നാൽ മത്സരത്തിന് തൊട്ടുമുൻപ് സ്റ്റേഡിയത്തിന് മുന്നിൽ നെയ്‌മറെത്തി. പിന്നെ ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സ്റ്റേഡിയത്തിനുള്ളിലേക്ക് കടന്നു. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അല്ലാതെ മറ്റാർക്കും അനുമതിയില്ലാതെ എത്താനാവാത്ത ഇടത്തുൾപ്പെടെ സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ എത്തിച്ചു. പോരാത്തതിന് കൂടെ നിന്ന് എല്ലാവരും സെൽഫിയെടുത്തു.

Latest Videos

undefined

പിന്നെയാണ് എല്ലാവർക്കും ആളെ പിടികിട്ടിയത്. വന്നത് സാക്ഷാൽ നെയ്മ‍ര്‍ അല്ല, പകരം ഡ്യൂപ്പാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും കുറ്റം പറയാനാകില്ല. അത്രക്കുണ്ട് സോസിയ ഡാനെയ്ക്ക് നെയ്‌മറോടുള്ള സാമ്യം. ബ്രസീലിന്‍റെ ജേഴ്‌സിയും കൂളിംങ് ഗ്ലാസും അണിഞ്ഞെത്തിയ ഇയാളുടെ ദേഹത്ത് പച്ചകുത്തിയിരിക്കുന്നത് പോലും നെയ്‌മറുടേത് പോലെയാണ്. കളത്തിലിറങ്ങാതിരുന്ന നെയ്‌മർ ഗ്യാലറിയിലുണ്ടെന്നറിഞ്ഞ ആരാധകര്‍ സെല്‍ഫിയും ചിത്രങ്ങളുമെടുക്കാന്‍ തിരക്കുകൂട്ടി. തിരക്ക് കൂടിയതോടെ ഒടുവില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപെട്ട് സോസിയ ഡാനെയെ കണ്ടെയ്‌നർ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.

ഇടയ്ക്കിടെ ദോഹയുടെ തെരുവുകളിൽ അപരൻ നെയ്മർ നടക്കാനിറങ്ങുന്നതും ആരാധക്കൂട്ടത്തെ സൃഷ്ടിക്കുന്നുണ്ട്. എട്ടര ലക്ഷത്തോളം പേരാണ് ഈ സ്റ്റാർ അപരനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. അതേസമയം സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തില്‍ ടീം ഹോട്ടലില്‍ തുടരുകയായിരുന്നു നെയ്മർ ചെയ്തത്.

പ്രതിഫലം 3400 കോടി രൂപ! റൊണാള്‍ഡോ സൗദി ക്ലബിലേക്കെന്ന് റിപ്പോര്‍ട്ട്

click me!