അത്ര വലിയ ബോക്സറൊന്നും അല്ലാതിരുന്നിട്ടും റിംഗിൽ എന്നെങ്കിലും തന്‍റേതായ ദിവസം വരുമെന്ന് സ്വപ്നം കണ്ട് ജീവിച്ച റോക്കിക്ക് മുന്നില്‍ അപ്രതീക്ഷിതമായാണ് ആ അവസരം എത്തുന്നത്. റിംഗിൽ നേരിടേണ്ടി വന്നതാകട്ടെ ഹെവിവെയ്റ്റ് ചാംപ്യൻ അപ്പോളോയെന്ന അതികായനെ.
ദോഹ: ലോകമിപ്പോള്‍ മൊറോക്കോ ടീമിനൊപ്പമാണെന്നും ഈ ലോകകപ്പിലെ 'റോക്കി'യാണ് തന്‍റെ ടീമെന്നും പരിശീലകൻ വാലിദ് റെഗ്റാഗി. ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിറങ്ങും മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മൊറോക്കോ പരിശീലകന്‍ ടീമിനെ 1976ൽ പുറത്തിറങ്ങിയ വിഖ്യാത സിൽവസ്റ്റർ സ്റ്റാലൺ സിനിമ റോക്കിയുമായി ഉപമിച്ചത്. സിൽവസ്റ്റർ സ്റ്റാലൺ അനശ്വരമാക്കിയ ഹോളിവുഡ് കഥാപാത്രമാണ് റോക്കി ബാല്‍ബോവ. ബോക്സിംങ് റിങ്ങിൽ അതുവരെ അജയ്യനായിരുന്ന അപ്പോളോയെ ഇടിച്ചിട്ട് അമേരിക്കയെ വിസ്മയിപ്പിച്ച ബോക്സര്‍.
അത്ര വലിയ ബോക്സറൊന്നും അല്ലാതിരുന്നിട്ടും റിംഗിൽ എന്നെങ്കിലും തന്‍റേതായ ദിവസം വരുമെന്ന് സ്വപ്നം കണ്ട് ജീവിച്ച റോക്കിക്ക് മുന്നില്‍ അപ്രതീക്ഷിതമായാണ് ആ അവസരം എത്തുന്നത്. റിംഗിൽ നേരിടേണ്ടി വന്നതാകട്ടെ ഹെവിവെയ്റ്റ് ചാംപ്യൻ അപ്പോളോയെന്ന അതികായനെ. അപ്പോളോ അനായാസം ജയം നേടുമെന്ന് എല്ലാവരും കരുതി. റിംഗിൽ പക്ഷേ റോക്കിക്ക് മുന്നിൽ അപ്പോളോയ്ക്ക് ഇടിതെറ്റി. ഇടി വാങ്ങിക്കൂട്ടി അപ്പോളോ റിംഗിൽ മൂക്കുകുത്തി വീണു. അവസാന മണി മുഴങ്ങിയപ്പോൾ പുതിയ താരോദയമായി റോക്കി ബാല്‍ബോവ. ആ ജയത്തോടെ റോക്കിയെ എല്ലാവരും ആഘോഷമാക്കി.
undefined
ഒരുവശത്ത് എംബാപ്പെ-ജിറൂദ് സഖ്യം; മറുവശത്ത് ഹക്കീമിയും ബോനോയും! ഇന്നാണ് ലോകകപ്പിലെ തീക്കളി
റോക്കിയെ പോലെ തന്നെ ഖത്തര്‍ ലോകകപ്പിന്‍റെ തുടക്കത്തിൽ അത്ര വലിയ ടീമൊന്നും ആയിരുന്നില്ല മൊറോക്കോ. ക്രൊയേഷ്യയെ ബോക്സിംങ് റിംഗിലെന്ന പോലെ പ്രതിരോധിച്ചു സമനിലയില്‍ കുരുക്കി. ബെൽജിയത്തെ എതിരില്ലാത്ത രണ്ട് ഗോളിന് ഇടിച്ചിട്ടു ആദ്യ ജയം. പിന്നാലെ കാനഡയെ 2-1ന് തകർത്ത് പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. പ്രീ ക്വാര്‍ട്ടറില്‍ സ്പെയ്നും ക്വാര്‍ട്ടറില്‍ പോർച്ചുഗലും മൊറോക്കൻ പ്രഹരശേഷിയറിഞ്ഞു.
എംബാപ്പെയുടെ പ്രവചനം ഒടുവില്‍ സത്യമായി; ഉറ്റ സുഹൃത്തുക്കളില്‍ ആരുടേതാവും അവസാന ചിരി
അങ്ങനെ റോക്കിയെപ്പോലെ പതിയെപ്പതിയെ മൊറോക്കോ ഫുട്ബോൾ ടീമും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി. ഈ സാമ്യങ്ങളാണ് മൊറോക്കൻ പരിശീലകൻ വാലിദ് ടീമിനെ റോക്കിയോട് ഉപമിക്കാൻ കാരണം. ലോകകപ്പിന് യോഗ്യത നേടിക്കൊടുത്ത പരിശീലകനെ മാറ്റിയാണ് മൊറോക്കോ വാലിദ് റെഗ്റാഗിയില്‍ വിശ്വാസമര്‍പ്പിച്ച് ലോകകപ്പിനെത്തിയത്. ലോകകപ്പിന് 100 ദിവസം മുമ്പ് മാത്രമാണ് വാലിദ് മൊറോക്കന്‍ ടീമിന്‍റെ പരിശീലക ചുമതല ഏറ്റെടുത്തത്. സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ മൊറോക്കന്‍ ടീമിന്‍റെ പ്രതീക്ഷയും വാലിദിന്‍റെ തന്ത്രങ്ങളിലാണ്. ഇനിയൊരു രാത്രിയുടെ കാത്തിരിപ്പ് കൂടി മാത്രം. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ റോക്കിയെപ്പോലെ മൊറോക്കോയും ആഘോഷമാകുമോ.