ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിന് മുമ്പ് ദേശീയ ഗാനം ഉയര്‍ന്നപ്പോള്‍ കൂവലുമായി ഇറാന്‍ ആരാധകര്‍

By Web Team  |  First Published Nov 21, 2022, 9:30 PM IST

അതേസമയം, ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി


ദോഹ: ഇംഗ്ലണ്ടിനെതിരായ ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന്‍റെ തുടക്കത്തിൽ അവിശ്വസനീയമായ പ്രതിഷേധം നടത്തി ഇറാന്‍ ആരാധകര്‍. ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ ഇറാന്‍ ആരാധകര്‍ കൂവുകയാണ് ചെയ്തത്. ഇന്തയ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ദേശീയ ഗാനം മുഴങ്ങുന്ന സമയത്ത് ഇറാനിയന്‍ താരങ്ങള്‍ നിശബ്‍ദരായി നില്‍ക്കുകയായിരുന്നു. ചില ഇറാനിയൻ ആരാധകർ 'സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം' എന്നെഴുതിയ ടി ഷർട്ടുകൾ ധരിച്ചാണ് എത്തിയത്.

അതേസമയം, ഇറാനിൽ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് താരങ്ങൾ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാൻ ക്യാപ്റ്റൻ വ്യക്തമാക്കി. ഇറാനിലെ ഭരണത്തെ ഇളക്കിമറിക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദേശീയഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം ഒരുമിച്ച് ആലോചിച്ചിരുന്നെന്നും, അതിന് ശേഷമാണ് ആലപിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയതെന്നും ക്യാപ്റ്റൻ അലിരേസ ജഹാൻബക്ഷ് പറഞ്ഞു.

فوتبالیستهای ما سرود ملی را نخواندند. pic.twitter.com/hBSvJKehvP

— Mohammad Momenfam (@MMomenfam)

Latest Videos

ദോഹയിലെ ഖലീഫ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിന് ചുറ്റും രാജ്യത്തിന്‍റെ ദേശീയഗാനം മുഴങ്ങുമ്പോൾ ഇറാൻ കളിക്കാർ നിർവികാരതയോടെയും നിർവികാരതയോടെയും നിൽക്കുകയായിരുന്നു. സെപ്റ്റംബർ മാസത്തിൽ 22 കാരിയായ മഹ്‌സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെ തുടങ്ങിയ പ്രക്ഷോഭം ഇറാനിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്. നിർബന്ധിത ഹിജാബ് ഉൾപ്പെടെയുള്ള സ്ത്രീകൾക്കുള്ള വസ്ത്രധാരണ നിയമത്തിനെതിരായാണ് പ്രതിഷേധം.

എന്നാല്‍, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാന്‍ തോവിയോടെയാണ് തുടങ്ങിയത്. മത്സരത്തില്‍ ഉടനീളം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഹാരി കെയ്നും സംഘവും രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് വിജയിച്ച് കയറിയത്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇറാന്‍റെ രണ്ട് ഗോളും മെഹദി തരൈമിയുടെ വകയായിരുന്നു.

മഹ്സ അമിനിക്കായി ഖത്തറിലും ശബ്ദമുയര്‍ത്തി ഇറാന്‍ ആരാധകര്‍, സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം

click me!