ഖത്തര്‍ ലോകകപ്പ്: യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് 608 താരങ്ങള്‍, രാജ്യങ്ങളില്‍ മുമ്പില്‍ ഇംഗ്ലണ്ട്

By Gopala krishnan  |  First Published Nov 17, 2022, 11:07 PM IST

രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 158 കളിക്കാരാണ് ഇത്തവണ ലോകകപ്പില്‍ പന്തു തട്ടുന്നത്. 86 കളിക്കാരുമായി സ്പെയിന്‍ രണ്ടാമതും 81 കളിക്കാരുള്ള ജര്‍മനി മൂന്നാമതുമാണ്.


ദോഹ: ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ലോകം കാല്‍പ്പന്താവേശത്തിലേക്ക് കടക്കുമ്പോള്‍ ലോകകപ്പില്‍ കളിക്കുന്ന കളിക്കാരില്‍ ഭൂരിഭാഗവും വരുന്നത് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നാണ്. ഖത്തര്‍ ലോകകപ്പില്‍ 32 ടീമുകളിലായി കളിക്കുന്ന ആകെ 831 കളിക്കാരില്‍ 608 പേരാണ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്നുള്ളവര്‍. എല്ലാ ടീമുകളിലും 26 കളിക്കാര്‍ വീതമുള്ളപ്പോള്‍ ഇറാന്‍ ടീമില്‍ മാത്രം 25 കളിക്കാരെയുള്ളു.

സൗദി അറേബ്യയും ആതിഥേയരായ ഖത്തറും മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കുന്ന കളിക്കാരില്ലാത്ത രണ്ടേ രണ്ട് ടീമുകള്‍. യൂറോപ്യന്‍ ലീഗുകളില്‍ നിന്നുള്ള കളിക്കാര്‍ക്കാണ് ലോകകപ്പിലും ആധിപത്യം. രണ്ടാം സ്ഥാനത്ത് ഏഷ്യന്‍ ക്ലബ്ബുകളില്‍ നിന്നുള്ള കളിക്കാരാണ്. വടക്കേ അമേരിക്കല്‍ ക്ലബ്ബുകളാണ് മൂന്നാം സ്ഥാനത്ത്.

Latest Videos

ഖത്തര്‍ ലോകകപ്പ് കിക്കോഫിന് രണ്ട് നാള്‍; ഇന്ത്യന്‍ സമയം; മത്സരങ്ങള്‍ കാണാനുള്ള വഴികള്‍

രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനാണ് ആധിപത്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 158 കളിക്കാരാണ് ഇത്തവണ ലോകകപ്പില്‍ പന്തു തട്ടുന്നത്. 86 കളിക്കാരുമായി സ്പെയിന്‍ രണ്ടാമതും 81 കളിക്കാരുള്ള ജര്‍മനി മൂന്നാമതുമാണ്. ഫ്രഞ്ച് ലീഗില്‍ നിന്ന് മെസിയും എംബാപ്പെയും നെയ്മറും ഉള്‍പ്പെടെ 58 കളിക്കാരാണ് ലോകകപ്പില്‍ കളിക്കുന്നത്. ഹംഗറി, കൊളംബിയ രാജ്യങ്ങളില്‍ നിന്ന് ഓരോ കളിക്കാര്‍ വീതം മാത്രമാണ് ലോകകപ്പില്‍ കളിക്കുന്നവരിലുള്ളത്.

യൂറോപ്യന്‍ ക്ലബ്ബുകളില്‍ തന്നെ ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനാണ് കളിക്കാരില്‍ ആധിപത്യം. ബയേണിന്‍റെ 17 കളിക്കാരാണ് വിവിധ രാജ്യങ്ങള്‍ക്കായി ഇത്തവണ ഖത്തറില്‍ ബൂട്ടുകെട്ടുക. രണ്ടാം സ്ഥാനത്തുള്ളത് ഖത്തര്‍ ക്ലബ്ബായ അല്‍ സാദ് അണ്. സ്പാനിഷ് ലീഗിലെ ബാഴ്സലോണയുടെ 16 കളിക്കാരും പ്രീമിയര്‍ ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ 14 കളിക്കാരും ഇത്തവണ ലോകകപ്പിനുണ്ട്. 13 കളിക്കാരാണ് റയലില്‍ നിന്ന് ലോകകപ്പിനെത്തുന്നത്. 11 കളിക്കാര്‍ പിഎസ്‌ജിയില്‍ നിന്ന് ലോകകപ്പില്‍ കളിക്കുന്നു.

ഖത്തര്‍ ലോകകപ്പ് ആവേശം ആരാധകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസും

Powered By

click me!