ആര് ഗോൾ നേടുന്നു എന്നതിലല്ല ടീമിന്‍റെ ജയമാണ് പ്രധാനം; ബാറ്റിസ്റ്റ്യൂട്ടയ്‌ക്ക് നന്ദി പറഞ്ഞ് മെസി

By Jomit Jose  |  First Published Dec 11, 2022, 9:44 AM IST

ലോകകപ്പിലെ ഗോളെണ്ണത്തിൽ അർജന്‍റീനൻ മുൻതാരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയ്ക്കൊപ്പമാണ് ലിയോ ഇപ്പോൾ


ദോഹ: ഫിഫ ലോകകപ്പിലെ ഗോൾവേട്ടയിൽ തനിക്കൊപ്പമെത്തിയ ലിയോണൽ മെസിയെ അഭിനന്ദിച്ച് അർജന്‍റീനൻ മുൻ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട. അടുത്ത മത്സരത്തിൽ മെസി തന്നെ മറികടക്കുമെന്ന് ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. ബാറ്റിസ്റ്റ്യൂട്ടയ്ക്ക് നന്ദി പറഞ്ഞ് മെസിയും രംഗത്തെത്തി. നെതർലാൻഡ്‌സിനെതിരായ പെനാൽറ്റിയിലാണ് ലോകകപ്പ് ഗോൾവേട്ടയിൽ മെസി രണ്ടക്കം തികച്ചത്. അഞ്ച് ലോകകപ്പുകളിലെ 24 മത്സരങ്ങളില്‍ മെസിക്ക് 10 ഗോളുകളായി

ഗോളെണ്ണത്തിൽ അർജന്‍റീനൻ മുൻ താരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയ്ക്കൊപ്പമാണ് ലിയോ ഇപ്പോൾ. 20 വർഷത്തിന് ശേഷം തനിക്ക് കൂട്ടായി മെസി എത്തിയതിൽ സന്തോഷമെന്നാണ് ബാറ്റിസ്റ്റ്യൂട്ടയുടെ പ്രതികരണം. അടുത്ത മത്സരത്തിൽ മെസി തന്നെയും മറികടക്കുമെന്ന് ബാറ്റിഗോൾ പറയുന്നു. ബാറ്റിസ്റ്റ്യൂട്ടക്ക് നന്ദി പറഞ്ഞ് മെസിയും രംഗത്തെത്തി. ആര് ഗോൾ നേടുന്നു എന്നതിലല്ല ടീമിന്‍റെ ജയമാണ് പ്രധാനമെന്ന് മെസി പറയുന്നു. മൂന്ന് ലോകകപ്പുകളിലെ 12 മത്സരങ്ങളിൽ നിന്നാണ് ബാറ്റിസ്റ്റ്യൂട്ട 10 ഗോളുകൾ നേടിയത്. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തില്‍ 16 ഗോളുകൾ നേടിയ ജർമൻ മുൻ താരം മിറോസ്ലാവ് ക്ലോസെയാണ് ഗോൾ വേട്ടയിൽ ഒന്നാമൻ. ആ റെക്കോര്‍ഡിലേക്ക് മെസിക്ക് വലിയ ദൂരമുണ്ടുതാനും. 

Latest Videos

undefined

ഖത്തര്‍ ലോകകപ്പില്‍ ചൊവ്വാഴ്‌ച രാത്രി 12.30ന് നടക്കുന്ന ആദ്യ സെമിയിൽ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്‍റീന കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും. ഈ മത്സരത്തില്‍ മെസിക്ക് മുന്‍ഗാമി ബാറ്റിസ്റ്റ്യൂട്ടയെ മറികടക്കാനായേക്കും. രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് സെമിയിലേക്ക് മെസിപ്പട എത്തിയത്. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളില്‍ ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്‍റീനക്കായി തിളങ്ങിയിരുന്നു. 72-ാം മിനുറ്റിലായിരുന്നു മെസിയുടെ പെനാല്‍റ്റി ഗോള്‍. 

കാല്‍ കൊണ്ട് മെസി, കൈ കൊണ്ട് എമി! ലാറ്റിനമേരിക്കയുടെ കനല്‍ ഒരുതരിയായി അര്‍ജന്‍റീന സെമിയില്‍

click me!