മെസി ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ, മറഡോണയേക്കാള്‍ കേമന്‍; വാഴ്ത്തിപ്പാടി ലിനേക്കർ

By Web Team  |  First Published Dec 18, 2022, 4:26 PM IST

അദേഹത്തിന്‍റെ വിഷനും പാസിംഗും ഗോള്‍ സ്കോറിംഗുമാണ് മെസിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്


ദോഹ: എന്‍റെ ജീവിത കാലത്തെ ഏറ്റവും മികച്ച ഫുട്ബോളർ അർജന്‍റീനയുടെ ലിയോണല്‍ മെസിയെന്ന് ഇതിഹാസ താരം ഗാരി ലിനേക്കർ. മെസി മറഡോണയേക്കാള്‍ ഒരുപടി മുകളിലാണെന്നും അദേഹം പറഞ്ഞു. 1986 ലോകകപ്പിലെ സുവർണ പാദുക ജേതാവാണ് ലിനേക്കർ. 

'പിഎസ്ജിയിലെ മിന്നും ഫോമോടെയാണ് ലിയോണല്‍ മെസി ലോകകപ്പിനെത്തിയത്. ഹൃദയസ്പർശിയായ ഒട്ടേറെ മുഹൂത്തങ്ങള്‍ അദേഹം ഇതിനകം സമ്മാനിച്ചു. മെക്സിക്കോയ്ക്ക് എതിരായ അവിശ്വസനീയ ഗോള്‍. നെതർലന്‍ഡ്സിന് എതിരായ അസിസ്റ്റ്, ഓസ്ട്രേലിയക്കെതിരെ കളിയിലെ മികച്ച താരമായത്. സെമി ഫൈനലില്‍ മൂന്നാം ഗോളിനായുള്ള അവിസ്മരണീയ അസിസ്റ്റും. അസിസ്റ്റും ഗോളുകളും മാത്രമല്ല, മൂന്നോ നാലോ താരങ്ങളാല്‍ മാർക്ക് ചെയ്യപ്പെടുമ്പോഴും കുരുക്ക് പൊട്ടിക്കാനുള്ള വഴി മെസി പെട്ടെന്ന് കണ്ടെത്തുന്നു. അദേഹത്തിന്‍റെ വിഷനും പാസിംഗും ഗോള്‍ സ്കോറിംഗുമാണ് മെസിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. 

Latest Videos

undefined

നിങ്ങള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ കണ്ടവരെ കുറിച്ചേ അധികം സംസാരിക്കാനാകൂ. നന്നേ ചെറുപ്പമായതിനാല്‍ ഞാന്‍ പെലെയുടെ കളി അധികം കണ്ടിട്ടില്ല. മറഡോണയുടെ കളി കണ്ടിട്ടുണ്ട്. അദേഹവുമായി താരതമ്യം ചെയ്യാം. കണക്കുകള്‍ നിരത്തി താരരങ്ങളെ താരതമ്യം ചെയ്താല്‍- തീർച്ചയായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മഹാനായ താരമാണ്. മറ്റുള്ളവർക്ക് ചെയ്യാന്‍ കഴിയാത്തത് തനിക്ക് സാധിക്കുന്നു എന്നതാണ് മെസിയെ മറ്റ് താരങ്ങളില്‍ നിന്ന് വേറിട്ട് നിർത്തുന്നത്. മറഡോണയ്ക്ക് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ അതിത്രത്തോളം കാലം നീണ്ടുനിന്നില്ല എന്നത് മെസിക്ക് മുന്‍തൂക്കം നല്‍കുന്നു. മെസിയുടെ ചുമലില്‍ ഊന്നിയായിരുന്നു അർജന്‍റീന കോപ്പ അമേരിക്ക കളിച്ചത്. ഇപ്പോള്‍ ആല്‍വാരസിനെ പോലൊരു താരം കൂട്ടിനുണ്ട്. 1986ലെ മറഡോണയുടെ ടീം പോലെ കഠിനാധ്വാനികളാണിവർ. സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ഈ ലോകകപ്പിന്‍റെ താരം മെസിയായിരിക്കും. ക്വാർട്ടറിലോ സെമിയിലോ എംബാപ്പെ അത്ഭുത പ്രകടനം കാട്ടിയിട്ടില്ല. മെസി ടൂർണമെന്‍റിലിടനീളം അവിശ്വസനീയ പ്രകടനം തുടർന്നു' എന്നും ലിനേക്കർ പറഞ്ഞു. 

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയും ഏറ്റുമുട്ടും. രാത്രി എട്ടരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ലോകം ഒരു കാൽപന്തിന് പിന്നാലെ പാഞ്ഞ ഒരുമാസക്കാലത്തിന് കൂടിയാണ് ഇന്ന് അവസാനമാകുന്നത്. മെസി-എംബാപ്പെ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. 

'ഏതോ സ്വപ്നം പൂവണിഞ്ഞതോ കയ്യിൽ വന്ന സാമ്രാജ്യം...'; ലോകം ജയിക്കുക ആര്? ഫ്രാന്‍സും അര്‍ജന്‍റീനയും നേര്‍ക്കുനേർ

click me!