ഗോൾഡൻ ബൂട്ട് മെസി കൊണ്ടുപോകുമോ, എംബാപ്പെയ്ക്കും തുല്യ ഗോളായാല്‍ എന്ത് ചെയ്യും? തീരുമാനം വരിക ഇങ്ങനെ

By Jomit Jose  |  First Published Dec 14, 2022, 11:15 AM IST

ഗോൾ നേട്ടത്തിൽ ഒപ്പത്തിനൊപ്പമെങ്കിൽ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കെന്ന് നിര്‍ണയിക്കുക അസിസ്റ്റുകളുടെ എണ്ണം നോക്കിയാകും


ദോഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-ക്രൊയേഷ്യ ആദ്യ സെമിയിലെ ഗോളടി മേളത്തോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടം ശക്തമാവുകയാണ്. അ‍‍‍‍ർജന്റീന-ഫ്രാൻസ് താരങ്ങളാണ് ഒപ്പത്തിനൊപ്പം മത്സരത്തില്‍ മുന്നിലുള്ളത്. ഗോള്‍ പട്ടികയില്‍ ഒന്നിലധികം താരങ്ങള്‍ ഒരുപോലെ വന്നാല്‍ എങ്ങനെയാവും ഗോൾഡൻ ബൂട്ട് വിജയിയെ കണ്ടെത്തുക? വഴിയുണ്ട്.  

കലാശപോരിന് മുമ്പ് അ‍ഞ്ച് ഗോളുകളും 3 അസിസ്റ്റുമാണ് ലിയോയുടെ പേരിലുള്ളത്. രണ്ട് കളി ബാക്കി നിൽക്കെ എംബാപ്പെയുടെ പേരില്‍ അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും എഴുതപ്പെട്ടുകഴിഞ്ഞു. നാല് ഗോളുകളുമായി തൊട്ടുപിന്നിലുള്ളതും അ‍‍‍‍ർജന്‍റീന, ഫ്രാൻസ് താരങ്ങൾ തന്നെ. സെമിയിലെ ഇരട്ട ഗോളുകളോടെ അർജന്‍റീനയുടെ ലിറ്റിൽ സ്പൈഡർ ജൂലിയൻ അൽവാരസ് മുന്നേറി. ഫ്രഞ്ച് പടയിൽ നിന്ന് ഒളിവിയർ ജിറൂദിനും ഈ ലോകകപ്പില്‍ നാല് ഗോളുകളായി. ഗോൾ നേട്ടത്തിൽ ഒപ്പത്തിനൊപ്പമെങ്കിൽ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്കെന്ന് നിര്‍ണയിക്കുക അസിസ്റ്റുകളുടെ എണ്ണം നോക്കിയാകും. അവിടെയും തുല്യത പാലിച്ചാൽ മൈതാനത്ത് താരതമ്യേന കുറവ് സമയം ചെലവഴിച്ചയാൾക്കാകും പുരസ്‌കാരം. 

Latest Videos

undefined

ലിയോണല്‍ മെസി എല്ലാ കളിയിലും മുഴുവന്‍ സമയവും ഗ്രൗണ്ടിൽ ചെലവഴിച്ചപ്പോള്‍ ടുണീഷ്യക്കെതിരെ ഫ്രാൻസ് തോറ്റ മത്സരത്തിൽ 27 മിനിറ്റ് മാത്രമേ എംബാപ്പെ കളിച്ചിരുന്നുള്ളൂ. 2018ൽ 6 ഗോള്‍ നേടിയ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ ആയിരുന്നു സുവര്‍ണപാദുകം സ്വന്തമാക്കിയത്. ഇക്കുറി എന്തായാലും ഹാരി കെയ്‌ന്‍റെ ഇംഗ്ലണ്ട് പുറത്തായിക്കഴിഞ്ഞു. ഫ്രാന്‍സ്-അര്‍ജന്‍റീന താരങ്ങള്‍ തമ്മിലാവും ഗോള്‍ഡന്‍ ബൂട്ടിനായുള്ള അന്തിമ പോരാട്ടം എന്നുറപ്പാണ്. ആല്‍വാരോ മൊറാട്ട, ബുക്കായോ സാക്ക, കോഡി ഗാപ്‌കോ, എന്നര്‍ വലന്‍സിയ, ഗോണ്‍സാലോ റാമോസ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, റിച്ചാര്‍ലിസണ്‍ എന്നിവര്‍ മൂന്ന് ഗോള്‍ വീതം നേടിയെങ്കിലും ഇവരുടെ ടീമുകള്‍ പുറത്തായിക്കഴിഞ്ഞു.

ഒരുവശത്ത് എംബാപ്പെ-ജിറൂദ് സഖ്യം; മറുവശത്ത് ഹക്കീമിയും ബോനോയും! ഇന്നാണ് ലോകകപ്പിലെ തീക്കളി 

click me!