ക്വാര്‍ട്ടറിലെ കൂട്ടയിടി: മെസി എന്നോട് കയര്‍ത്തു, സ്‌പാനിഷ് ആയോണ്ട് മനസിലായില്ല; തന്‍റെ ഭാഗം പറഞ്ഞ് വൗട്ട്

By Web Team  |  First Published Dec 11, 2022, 2:36 PM IST

അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുമായുണ്ടായ തര്‍ക്കത്തെ കുറിച്ചാണ് വൗട്ടിന്‍റെ പ്രതികരണം


ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പില്‍ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ പോരാട്ടം ഇരു ടീമുകളും തമ്മിലുള്ള വാക്‌പോര് കൊണ്ട് കുപ്രസിദ്ധമായിരുന്നു. റഫറി 16 കാര്‍ഡുകള്‍ പുറത്തെടുത്ത മത്സരത്തില്‍ ഇരു ടീമിലേയും താരങ്ങള്‍ പലതവണ മുഖാമുഖം ഏറ്റുമുട്ടി. മത്സര ശേഷവും വീറ് അതിരുവിട്ട് കയ്യാങ്കളിയിലേക്കും വെല്ലുവിളിയിലേക്കും മറുപടി നല്‍കലിലേക്കും നീണ്ടു. ഇതില്‍ തന്‍റെ ഭാഗം വിശദീകരിച്ചിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ് സ്ട്രൈക്കര്‍ വൗട്ട് വേഹോര്‍സ്‌ട്. അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുമായുണ്ടായ തര്‍ക്കത്തെ കുറിച്ചാണ് വൗട്ടിന്‍റെ പ്രതികരണം. 

'മത്സര ശേഷം മെസിക്ക് ഹസ്‌തദാനം നല്‍കാന്‍ ഞാന്‍ ചെന്നു. പക്ഷേ അദേഹം അതിന് കൂട്ടാക്കിയില്ല. എന്നോട് കയര്‍ത്ത് എന്തോ പറയുകയും ചെയ്തു. സ്‌പാനിഷ് നന്നായി അറിയാത്തതിനാല്‍ മനസിലായില്ല. ഞാനാകെ നിരാശനായി'- ഇതാണ് വൗട്ടിന്‍റെ വിശദീകരണം. 

Latest Videos

undefined

മത്സരം അധികസമയത്ത് 2-2ന് സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ് വിജയികളെ തീരുമാനിക്കേണ്ടി വന്നത്. ഷൂട്ടൗട്ടില്‍ 4-3ന്‍റെ വിജയം മെസിയും സംഘവും സ്വന്തമാക്കി. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെല്‍ മൊളീന എന്നിവരുടെ ഗോളുകളിലാണ് അര്‍ജന്‍റീന മുന്നിലെത്തിയത്. രണ്ട് ഗോള്‍ നേടിയ വൗട്ട് നെതര്‍ലന്‍ഡ്‌സിനെ മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ഇതില്‍ വൗട്ടിന്‍റെ രണ്ടാം ഗോള്‍ നാടകീയമായി എക്‌സ്‌ട്രാ ടൈമിന്‍റെ ഇഞ്ചുറിടൈമിലായിരുന്നു. 

ഒന്നാകെ 48 ഫൗളുകള്‍ മത്സരത്തില്‍ രേഖപ്പെടുത്തി. ഇതില്‍ 30 എണ്ണം നെതര്‍ലന്‍ഡ്‌സിന്‍റെ ഭാഗത്തുനിന്നായിരുന്നു. 18 ഫൗളുകളാണ് അര്‍ജന്‍റീനയുടെ ഭാഗത്തുനിന്നുണ്ടായത്. റഫറിക്ക് 16 കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു. ഇരു ടീമുകള്‍ക്കും എട്ടെണ്ണം വീതം. രണ്ട് മഞ്ഞ കിട്ടിയ ഡെന്‍സല്‍ ഡംഫ്രീസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു. രണ്ടാംപകുതിയില്‍ പരേഡസ് ഡച്ച് ഡഗൗട്ടിലേക്ക് അനാവശ്യമായി പന്തടിച്ചതോടെ നെതര്‍ലന്‍ഡ്‌സ് ബഞ്ച് താരങ്ങളെല്ലാം മൈതാനത്ത് ഇരച്ചെത്തിയത് പോര് രൂക്ഷമാക്കി. പിന്നെ ഉന്തും തള്ളുമായി. 

മത്സര ശേഷവും ഇരു ടീമുകളും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. മത്സര ശേഷം അഭിമുഖം നല്‍കുമ്പോള്‍ അതുവഴി പോയ വൗട്ട് നോക്കിയതിന് 'ഫൂള്‍' എന്ന് മെസി ഡച്ച് താരത്തെ വിളിച്ചിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷം പ്ലെയേര്‍സ് ടണലില്‍ വച്ച് മെസിയും വൗട്ടും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി. ഈ സംഭവങ്ങളെ പറ്റിയാണ് വൗട്ട് ഇപ്പോള്‍ തന്‍റെ ഭാഗം വിശദീകരിച്ചിരിക്കുന്നത്. 

നിങ്ങളെന്താണ് റിക്വെല്‍മിയോട് ചെയ്തത്? വാന്‍ ഗാലിന്റെ മുഖത്ത് നോക്കി മെസിയുടെ ആഘോഷം- വീഡിയോ

click me!