ഗോള്‍ഡന്‍ ബോള്‍ മെസി കരസ്ഥമാക്കും; എംബാപ്പെ അത്ഭുതം കാട്ടേണ്ടിവരുമെന്ന് ഇതിഹാസം

By Jomit Jose  |  First Published Dec 18, 2022, 5:29 PM IST

ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടിനായി ഇരുവർക്കും തുല്യ സാധ്യതയുണ്ടെന്നും ലിനേക്കർ


ദോഹ: ഖത്തർ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം അർജന്‍റീനയുടെ ലിയോണല്‍ മെസി സ്വന്തമാക്കുമെന്ന് ഇംഗ്ലീഷ് ഇതിഹാസം ഗാരി ലിനേക്കർ. ഫൈനലില്‍ ഹാട്രിക്കോ അവിശ്വസനീയമായ പ്രകടനമോ കാഴ്ചവെക്കാതെ സുവർണ പന്തിനായുള്ള പോരാട്ടം ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്ക് വിജയിക്കാന്‍ കഴിയില്ലെന്നും ലിനേക്കർ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടിനായി ഇരുവർക്കും തുല്യ സാധ്യതയുണ്ടെന്നും അദേഹം വ്യക്തമാക്കി. 1986ല്‍ മെക്സിക്കോ വേദിയായ ലോകകപ്പിലെ ഉയർന്ന ഗോള്‍വേട്ടക്കാരനായിരുന്നു ലിനേക്കർ. 

മികച്ച താരത്തിനുള്ള സ്വർണപ്പന്ത് പോരാട്ടത്തിലേക്ക് ലിയോണല്‍ മെസിക്കും കിലിയന്‍ എംബാപ്പെയ്ക്കും ഒപ്പം പേര് ചേർത്ത് ഫ്രാന്‍സിന്‍റെ എഞ്ചിന്‍ അന്‍റോയിന്‍ ഗ്രീസ്‌മാനുമുണ്ട്. മുന്‍നിര മുതല്‍ പ്രതിരോധം വരെ നിറഞ്ഞുകളിക്കുകയാണ് ഗ്രീസ്‍മാന്‍. മെസി ഇതുവരെ 18 ഗോളവസരം സൃഷ്ടിച്ചെങ്കിൽ ഗ്രീസ്‌മാൻ 21 എണ്ണമുണ്ടാക്കി. ഇരുവരുടേയും പേരില്‍ മൂന്ന് അസിസ്റ്റുകളുണ്ട്. മാധ്യമ പ്രവർത്തകരും ഫിഫ ടെക്നിക്കൽ കമ്മറ്റിയും ചേർന്നാണ് വോട്ടെടുപ്പിലൂടെ മികച്ച കളിക്കാരനെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ മെസിയും എംബാപ്പെയും വരുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഒരു ഗോള്‍ പോലും അടിക്കാതെ ഗ്രീസ്‌മാന്‍റെ അവകാശവാദമുന്നയിക്കൽ. 

Latest Videos

undefined

ആർക്കാവും സുവർണ പാദുകം

ഗോളടിവീരനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം ഫൈനലില്‍ ഏറ്റുമുട്ടുന്ന അർജന്‍റീന-ഫ്രാന്‍സ് താരങ്ങളില്‍ ഒരാള്‍ കൊണ്ടുപോകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മെസിയും എംബാപ്പെയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. ഈ ലോകകപ്പില്‍ അഞ്ച് ഗോളും മൂന്ന് അസിസ്റ്റുമായി വിസ്മയിപ്പിക്കുകയാണ് ലിയോണല്‍ മെസി. ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കും അഞ്ച് ഗോളുണ്ട്. രണ്ട് അസിസ്റ്റുകളാണ് എംബാപ്പെയുടെ സമ്പാദ്യം. നാല് ഗോള്‍ വീതവുമായി അർജന്‍റീനയുടെ ജൂലിയന്‍ ആല്‍വാരസും ഫ്രഞ്ച് സ്ട്രൈക്കർ ഒലിവർ ജിറൂദും തൊട്ടുപിന്നിലുണ്ട്. എന്തായാലും ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ വിജയികളെ ഇന്ന് രാത്രി അറിയാം. ഇന്ത്യന്‍സമയം രാത്രി 8.30ന് ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഫ്രാന്‍സും അർജന്‍റീനയും മുഖാമുഖം വരും. മെസി-എംബാപ്പെ പോരാട്ടത്തില്‍ ആര് വിജയിക്കുമെന്ന് കണ്ടറിയാം. 

മെസി ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ, മറഡോണയേക്കാള്‍ കേമന്‍; വാഴ്ത്തിപ്പാടി ലിനേക്കർ

click me!