ഫിനിഷ് ചെയ്ത എംബാപ്പെ, ഗോളൊരുക്കിയ ബെല്ലിങ്‌ഹാം, വിറപ്പിച്ച പോളണ്ട്; പ്രീ ക്വാര്‍ട്ടറിലെ പോരാളികളായി ഇവര്‍

By Vandana PR  |  First Published Dec 5, 2022, 7:31 PM IST

അ‍ർജന്‍റീനക്ക് എതിരെ പ്രതിരോധ ബസ് നിർത്തിയിട്ട് ആക്രമിക്കാൻ മറന്നേ പോയ മട്ടിൽ കളിച്ചെന്ന പേരുദോഷം മാറ്റിയാണ് പോളണ്ട് മടങ്ങുന്നത്. പൊരിഞ്ഞു കളിച്ച അവർ ചാമ്പ്യൻമാരെ വിറപ്പിച്ചു.


ദോഹ: പോളണ്ടിന് എതിരെയുള്ള പ്രീക്വാർട്ടറിൽ ടീമിനെ ആദ്യം മുന്നിലെത്തിച്ച  ഒളിവിയർ ജിറൂദ് ആ ഗോളിലൂടെ ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച താരമായി. മറികടന്നത് തിയറി ഹെൻറി എന്ന പ്രതിഭയെ. ആ നേട്ടത്തിലേക്ക് വഴിതുറന്ന ഗോളിന് വഴിയൊരുക്കിയത് എംബാപ്പെ. സെസ്നി എന്ന മിടുക്കൻ ഗോളിയുടെ കൈപ്പിടിയിലൊതുങ്ങാതെ പന്ത് നാൽപത്തിനാലാം മിനിറ്റിൽ വലക്കകത്തേക്ക് ഓടിച്ചു കയറ്റി ജിറൂദ്, പിന്നെ സ്വന്തം പേര് നാടിന്‍റെ കായിക ചരിത്രത്തിലും.  

ആദ്യത്തെ ഗോളിന് വഴിയൊരുക്കിയതിന് പിന്നാലെ എംബാപ്പെ എന്ന, പ്രതിഭാനിരയിലെ തിളക്കമേറിയ യുവതാരം, രണ്ടാംപകുതിയിൽ നേടിയത് രണ്ട് അസ്സൽ ഗോളുകള്‍. ഖത്തർ ലോകകപ്പിലെ അഞ്ചാം ഗോൾ. സ്വന്തം നിലക്ക് കുറിച്ചു മറ്റൊരു റെക്കോഡ്. 24 തികയുംമുമ്പ് 9 ലോകകപ്പ് ഗോൾ. മറികടന്നത് സാക്ഷാൽ പെലെയുടെ ഏഴ് ഗോളെന്ന റെക്കോഡ്.  

Latest Videos

undefined

അ‍ർജന്‍റീനക്ക് എതിരെ പ്രതിരോധ ബസ് നിർത്തിയിട്ട് ആക്രമിക്കാൻ മറന്നേ പോയ മട്ടിൽ കളിച്ചെന്ന പേരുദോഷം മാറ്റിയാണ് പോളണ്ട് മടങ്ങുന്നത്. പൊരിഞ്ഞു കളിച്ച അവർ ചാമ്പ്യൻമാരെ വിറപ്പിച്ചു. അവർക്ക് ആശ്വാസമായ ഗോളെത്തിയത് ഇഞ്ചുറിടൈം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ കിട്ടിയ പെനാൽറ്റിയായി. അതും അത്യന്തം നാടകീയമായി. ലെവൻഡോവ്സ്കിയുടെ കിക്ക് ലോറിസ് തടഞ്ഞു. പക്ഷേ കിക്കെടുക്കും മുമ്പ് ഫ്രഞ്ച് താരങ്ങൾ അമിതാവേശം കാട്ടി ബോക്സിലെത്തിയതിനാൽ വീണ്ടും കിക്കെടുക്കാൻ റഫറിയുടെ നിർദേശം. ഇക്കുറി ലെവൻഡോവ്സ്കിക്ക് തെറ്റിയില്ല, ലോറിസിന് തെറ്റി. ഗോൾ. ചാമ്പ്യൻമാരെ വിറപ്പിച്ചെന്ന ആശ്വാസത്തിൽ പോളണ്ട് മടങ്ങുന്നു. ആവേശകരമായ മത്സത്തിൽ ചാമ്പ്യൻമാരുടെ കൂടുതൽ ഗോളുകൾ തടഞ്ഞിട്ടെന്ന നിർവൃതിയിൽ സെസ്നിയെന്ന ഗംഭീര ഗോൾകീപ്പറും.

ഇംഗ്ലീഷ് പരീക്ഷയില്‍ തോറ്റ് സെനഗല്‍

ഫ്രാൻസിന്‍റെ എതിരാളികളായി ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത് ആഫ്രിക്കൻ കരുത്തുമായി എത്തിയ സെനഗലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ചിട്ട്. ആദ്യത്തെ ഞെട്ടൽ സെനഗലിന് സമ്മാനിച്ചത് ഇംഗ്ലണ്ടിന്റെ ഗോൾകീപ്പർ പിക്ഫ‍ഡ്. ഇസ്മയിൽ സാർ നിൽകിയ പാസിൽ നിന്ന് ബൗലായേ ദിയ തൊടുത്ത അത്യുഗ്രൻ ഷോട്ട്, പിക്ഫ‍ഡ് രക്ഷപ്പെടുത്തിയത് തികച്ചും അവിശ്വസനീയമായിട്ടായിരുന്നു. അതിനും മുന്പ് ഇസ്മയിൽ സാറിന്‍റെ മറ്റൊരു ശ്രമം ഗോൾ പോസ്റ്റിൽ തട്ടിത്തെറിച്ചു. എന്തായാലും അതിന് ശേഷം പ്രത്യാക്രമണത്തിൽ ഊന്നൽ നൽകിയ ഇംഗ്ലണ്ടിന്രെ ആദ്യഗോൾ 38ആം മിനിറ്റിൽ പിറന്നു. ജൂഡ് ബെല്ലിങാം ആയിരുന്നു ശിൽപി. പ്രതിരോധതാരങ്ങളെലയെല്ലാം പിന്തള്ളി ഓടിയെത്തിയ ബെല്ലിങാം പന്ത് ബോക്സിനകത്തേട്ട് തട്ടിയിട്ടു.ജോ‍ർദാൻ ഹെൻഡേഴ്സൺ കൃത്യമായി ഗോളാക്കി.

ടോം ഫിന്നിക്ക് ശേഷം ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം. രണ്ടാമത്തെ ഗോളിന് വേണ്ടിയും ഓട്ടം തുടങ്ങിവെച്ചത് ബെല്ലിങ്ഹാം. പന്ത് കിട്ടിയ ഫിൽ ഫോഡന് നായകൻ ഹാരി കെയ്ന് കൈമാറി. ഖത്തറിലെ ആദ്യ ഗോൾ കൃത്യമായി കെയ്ൻ നേടി. മൂന്നാമത്തെ ഗോളിന് വഴിയൊരുക്കിയത് ഫോഡൻ. കെയ്നിന്റെ കാലിൽ നിന്ന് താളം തെറ്റിയ പന്ത് പിടിച്ചെടുത്ത് ഫോഡൻ പാഞ്ഞു. പാസ് നൽകിയത് ബുകായോ സാകക്ക്, മൂന്നാമത്തെ ഗോളും സെനഗൽ ഗോളിയെ നിസ്സഹായനായക്കി ഗോൾ പോസ്റ്റിലേക്ക്.

യുവതാരങ്ങളും പരിചയസമ്പന്നരും ഒരു പോലെ തിളങ്ങിയ രണ്ട് മത്സരം.  24 തികയും മുമ്പ് ലോകകപ്പിൽ പെലെയെക്കാൾ ഗോളടിച്ച എംബപ്പെ. മൈക്കൽ ഓവനുശേഷം ഇംഗ്ലണ്ടിനായി ലോകകപ്പ് നോക്കൗട്ടിൽ ആദ്യ ഇലവനിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി രണ്ട് ഗോളിന് വഴിവെച്ച 19 കാരൻ ബെല്ലിങ്ഹാം. ഫ്രാൻസിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളടിച്ച ജിറൂദ്, ഇംഗ്ലണ്ടിന് വേണ്ടി പ്രായം മറുന്നും ഗോളടിച്ച ഹെൻഡേഴ്സൻ. അതിഗംഭീര സേവ് നടത്തിയ പിക്ഫോഡ്. താരങ്ങൾ രണ്ടാം പ്രീക്വാർട്ടർ ദിവസത്തിൽ നിരവധിയാണ്. അതുകൊണ്ട് ഇത്തവണ കുതിരപ്പവൻ വീതിക്കുന്നു. എംബപ്പെക്കും ബെല്ലിങ്ഹാമിനും. രണ്ട് ഗോളടിച്ച എംബപ്പെ, രണ്ട് ഗോളിന് വഴിയൊരുക്കിയ ബെല്ലിങ്ഹാം.  ഫിനിഷിങ് ബ്യൂട്ടിക്ക് എംബപ്പെക്ക്, മിഡ്ഫീൽഡ് സ്കില്ലിന് ബെല്ലിങ്ഹാമിന്.

click me!