ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ല, വാശിക്ക് പോരാടി ഫ്രാന്‍സും ഇംഗ്ലണ്ടും; ആദ്യ പകുതിയില്‍ ഫ്രഞ്ച് സംഘം മുന്നിൽ

By Web Team  |  First Published Dec 11, 2022, 1:20 AM IST

യൂറോപ്പിലെ വന്മരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഓരോ നിമിഷവും ആവേശമുണര്‍ത്തിയാണ് നീങ്ങുന്നത്. ഒരു ഗോള്‍ വഴങ്ങിയെങ്കിലും ലോക ചാമ്പ്യന്മാരെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിനും സാധിച്ചു. കടലാസിലെ കരുത്ത് കളത്തിലും പുറത്തെടുത്ത് കൊണ്ടാണ് രണ്ട് ടീമുകളും തുടങ്ങിയത്.


ദോഹ: ഖത്തര്‍ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മൈതാനത്തെ തീപിടിപ്പിക്കുന്നു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഫ്രാന്‍സ്, എതിരില്ലാത്ത ഒരു ഗോളിനാണ് മുന്നില്‍ നില്‍ക്കുന്നത്. യൂറോപ്പിലെ വന്മരങ്ങള്‍ തമ്മിലുള്ള പോരാട്ടം ഓരോ നിമിഷവും ആവേശമുണര്‍ത്തിയാണ് നീങ്ങുന്നത്. ഒരു ഗോള്‍ വഴങ്ങിയെങ്കിലും ലോക ചാമ്പ്യന്മാരെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിനും സാധിച്ചു. കടലാസിലെ കരുത്ത് കളത്തിലും പുറത്തെടുത്ത് കൊണ്ടാണ് രണ്ട് ടീമുകളും തുടങ്ങിയത്.

ഇരുവശത്തേക്കും മികച്ച മുന്നേറ്റങ്ങള്‍ ഉണ്ടായതോടെ തുടക്കത്തില്‍ തന്നെ കളി ടോപ്പ് ഗിയറിലേക്ക് കയറി. ആദ്യ ഗോള്‍ അതിവേഗം നേടി മാനസികാധിപത്യം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഇരു യൂറോപ്യന്‍ വമ്പന്മാരും. നിരന്തരമായ മുന്നേറ്റങ്ങള്‍ക്കിടെ 11-ാം മിനിറ്റില്‍ ഫ്രാന്‍സിന് ആദ്യ അവസരം ലഭിച്ചു. വലതു വിംഗില്‍ നിന്ന് ഡെംബലെ നല്‍കിയ ക്രോസ് അല്‍പ്പം പണിപ്പെട്ട് ആണെങ്കിലും ജിറൂദ് ലക്ഷ്യത്തിലേക്ക് തിരിച്ച് വിട്ടെങ്കിലും ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്ക്ഫോര്‍ഡിന്‍റെ പൊസിഷന്‍ കിറുകൃത്യമായിരുന്നു.

Latest Videos

undefined

ഫ്രാന്‍സ് താളം കണ്ടെത്തിയതോടെ ഇംഗ്ലണ്ട് കൂടുതല്‍ സുരക്ഷിതമായ രീതിയിലേക്ക് ഗെയിം പ്ലാന്‍ മാറ്റി. ആന്‍റോയിന്‍ ഗ്രീസ്മാന്‍ ആയിരുന്നു ഫ്രഞ്ച് സംഘത്തിന്‍റെ എഞ്ചിന്‍. വിംഗുകള്‍ മാറി മാറിയും മൈതാന മധ്യത്ത് പാറിപ്പറന്നും അത്‍ലറ്റിക്കോ മാഡ്രിഡ് താരം കളം നിറഞ്ഞു. 17-ാം മിനിറ്റില്‍ ഫ്രാന്‍സിന്‍റെ ഗോളടി മികവ് ഇംഗ്ലണ്ട് ശരിക്കും മനസിലാക്കി. പന്ത് വീണ്ടെടുത്ത് പാഞ്ഞു കയറിയ പ്രതിരോധത്തിലെ കരുത്തന്‍ ഉപമെക്കാനോ ആണ് എല്ലാം തുടങ്ങി വച്ചത്.

അവസാനം ഗ്രീസ്മാന്‍ ചൗമെനിയിലേക്ക് പാസ് നല്‍കുമ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ക്ക് അപകടമൊന്നും തോന്നിയില്ല. പക്ഷേ, റയല്‍ മാഡ്രിഡ് താരം 25 വാര അകലെ നിന്ന് തൊടുത്ത വെടിയുണ്ട സൗത്ത്ഗേറ്റ് ഒരുക്കിയ പ്രതിരോധ പൂട്ടിനെയും പിക്ഫോര്‍ഡിനെയും കടന്ന വലയിലേക്ക് തുളഞ്ഞു കയറി. ഗോള്‍ കീപ്പര്‍ അടക്കം പത്ത് ഇംഗ്ലീഷ് താരങ്ങള്‍ മുന്നില്‍ നില്‍ക്കെയാണ് ചൗമെനി പോഗ്ബെയെ അനുസ്മരിപ്പിക്കും വിധം അസാധ്യമായ ഗോള്‍ കുറിച്ചത്. ഗോള്‍ വഴങ്ങിയതോടെ ഇംഗ്ലണ്ട് ഉണര്‍ന്നു പൊരുതി.

22-ാം മിനിറ്റില്‍ ഉപമെക്കാനോയുടെ ഡിഫന്‍സ് പൊളിച്ച് ഹാരി കെയ്ന്‍ മുന്നോട്ട് കയറി വന്ന ഷോട്ട് എടുത്തെങ്കിലും ഹ്യൂഗോ ലോറിസ് എന്ന വന്മതില്‍ കടന്നില്ല. 26-ാം മിനിറ്റില്‍ കെയ്നെതിരെയുള്ള ഉപമെക്കാനോയുടെ ചലഞ്ചിന് ഇംഗ്ലണ്ട് താരങ്ങള്‍ പെനാല്‍റ്റിക്കായി മുറവിളി കൂട്ടിയെങ്കിലും റഫറിയുടെ തീരുമാനം എതിരായി. വാര്‍ റൂമില്‍ നിന്നും ഇംഗ്ലണ്ടിന് അനുകൂലമായി വിധി എത്തിയില്ല. ഒരു ഗോള്‍ വഴങ്ങിയെങ്കിലും ഇംഗ്ലീഷ് സംഘം പതിയെ കളം പിടിച്ചു.

ഹാരി കെയ്ന്‍റെ നേതൃത്വത്തില്‍ സമനില ഗോളിനായി ത്രീ ലയണ്‍സ് ഇടംവലം നോക്കാതെ പൊരുതി. 29-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് കെയ്ന്‍ തൊടുത്ത ലോംഗ് റേഞ്ചര്‍ ലോറിസിനെ കുഴപ്പിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ ഫ്രഞ്ച് സംഘം പിടിച്ചുനിന്നു.  39-ാം മിനിറ്റില്‍ മത്സരത്തില്‍ ആദ്യമായി കിലിയന്‍ എംബാപ്പെയേ തേടി ഒരു അവസരം എത്തി. തിയോ ഹെര്‍ണാണ്ടസ് നല്‍കിയ പന്ത് കാല്‍പ്പാകത്തിന് എത്തിയെങ്കിലും പിഎസ്‍ജി താരത്തിന്‍റെ ഷോട്ട് ആകാശത്തേക്ക് പറന്നു. ഒടുവില്‍ നാല് മിനിറ്റ് ഇഞ്ചുറി ടൈം ലഭിച്ചെങ്കിലും ഇരുവശത്ത് നിന്നും ഗോളുകള്‍ ഒന്നും വന്നില്ല.

'താരങ്ങള്‍ മരിച്ച അവസ്ഥയില്‍'; പക്ഷേ അര്‍ജന്‍റീനയുടെ ജയം വെറും ലോട്ടറിയെന്ന് ഡച്ച് കോച്ച് വാൻ ഗാള്‍

click me!