ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്.
ദോഹ: കോട്ടക്കെട്ടി കാത്ത മൊറോക്കൻ പ്രതിരോധത്തെ ഇടിച്ചിട്ട് ഫ്രഞ്ച് പടയോട്ടം. ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ വീരന്മാരായ മൊറോക്കോയെ നാട്ടിലേക്ക് പറഞ്ഞുവിട്ടാണ് ഫ്രാൻസ് തുടർച്ചയായ രണ്ടാം വട്ടവും അവസാന അങ്കത്തിന് യോഗ്യത നേടിയത്. ഫ്രഞ്ച് പടയ്ക്കായി തിയോ ഹെർണാണ്ടസും കോലോ മഔനിയും ഗോളുകൾ നേടി. ഒരു ആഫ്രിക്കൻ ടീമിന്റെ ലോകകപ്പുകളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോക ചാമ്പ്യന്മാരെയും വിറപ്പിച്ചാണ് മൊറോക്കോയുടെ മടക്കം.
കോട്ട ഇളകി
undefined
ലോകകപ്പിൽ ഒരു ഓൺ ഗോൾ അല്ലാതെ മറ്റൊരു ഗോൾ പോലും വഴങ്ങാതെ പാറ പോലെ ഉറച്ച നിന്ന മെറോക്കൻ പ്രതിരോധത്തെ തകർത്തു കൊണ്ടാണ് ഫ്രാൻസ് തുടങ്ങിയത്. ആർത്തിരമ്പിയ മൊറോക്കൻ ആരാധകരെ നിശബ്ദരാക്കാൻ ഫ്രഞ്ച് കരുത്തന്മാർക്ക് വേണ്ടി വന്നത് വെറും അഞ്ച് മിനിറ്റാണ്. റാഫേൽ വരാന്റെ എണ്ണം പറഞ്ഞ ഒരു ത്രൂ ബോൾ മൊറോക്കൻ മതിലിനെ കീറി മുറിച്ചാണ് ഗ്രീസ്മാനിലേക്ക് എത്തിയത്. ആടിയുലഞ്ഞ പ്രതിരോധ നിരയെ മുതലെടുത്ത് ഗ്രീസ്മാൻ പന്ത് എംബാപ്പെയിലേക്ക് നൽകി. താരത്തിന്റെ ഷോട്ട് ഗോളാകാതെ സംരക്ഷിച്ചെങ്കിലും ലെഫ്റ്റ് ബാക്കായ തിയോ ഹെർണാണ്ടസിന്റെ വരവിനെ തടുക്കാനുള്ള അസ്ത്രങ്ങൾ മൊറോക്കൻ ആവനാഴിയിൽ ഉണ്ടായിരുന്നില്ല. ഫ്രാൻസിനെ തളച്ചിടാനുള്ള തന്ത്രവുമായി ഇറങ്ങിയ മൊറോക്കോയ്ക്ക് തങ്ങളുടെ ഗെയിം പ്ലാൻ ഉൾപ്പെടെ ആദ്യ നിമിഷങ്ങളിലെ ഒറ്റ ഗോളോടെ മാറ്റേണ്ടി വന്നു.
പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ ഇതോടെ മൊറോക്കോ ആക്രമിക്കാനും ആരംഭിച്ചു. 10-ാം മിനിറ്റിൽ മധ്യനിര താരം ഔനാഹി ബോക്സിന് പുറത്ത് നിന്ന് ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തെങ്കിലും ലോറിസിനെ കടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ എന്ന പോലെ എതിരാളിക്ക് ആവശ്യത്തിന് പൊസഷൻ അനുവദിച്ച് അവസരങ്ങളിൽ തിരിച്ചടിക്കുക എന്ന് തന്ത്രം തന്നെയാണ് ദെഷാംസ് വീണ്ടും പയറ്റിയത്. 17-ാം മിനിറ്റിൽ ബൗഫലിന്റെ പാസിൽ നിന്ന് സിയെച്ചിന് ഷോട്ട് എടുക്കാൻ സാധിച്ചെങ്കിലും പുറത്തേക്ക് പോയി.
തൊട്ട് പിന്നാലെ ഫ്രഞ്ച് ബോക്സിൽ നിന്ന് വന്ന ലോംഗ് ബോൾ നിയന്ത്രിക്കാൻ മൊറോക്കൻ പ്രതിരോധത്തിന് സാധിക്കാതെ വന്നതോടെ ജിറൂദ് തന്റെ പെർഫെക്ട് സ്ട്രെൈക്കിഗ് എബിലിറ്റി പുറത്തെടുത്ത് ഇടംകാല് കൊണ്ട് കനത്ത ഷോട്ട് പായിച്ചെങ്കിലും ബാറിൽ ഇടിച്ച് പുറത്തേക്ക് പോയി. 19-ാം മിനിറ്റിൽ പരിക്ക് വലച്ച നായകൻ സയസ്സിനെ മൊറോക്കോയ്ക്ക് പിൻവലിക്കേണ്ടി വന്നത് ആഫ്രിക്കൻ സംഘത്തിന് തിരിച്ചടിയായി. സിയെച്ചിലൂടെയും ബൗഫലിലൂടെയുമെല്ലാം നല്ല നീക്കങ്ങൾ മെനഞ്ഞെടുക്കാൻ മൊറോക്കോയ്ക്ക് സാധിച്ചെങ്കിലും ഗോൾ നേടാൻ മാത്രം സാധിക്കാതെ ആഫ്രിക്കൻ ശക്തികൾ ബുദ്ധിമുട്ടുകയായിരുന്നു
35-ാം മിനിറ്റിൽ കിലിയൻ എംബാപ്പെയുടെ പേസിന് മുന്നിൽ മൊറോക്കൻ പ്രതിരോധം മത്സരത്തിൽ ആദ്യമായി വിയർത്തു. ചൗമെനിയുടെ ത്രൂ ബോളിലേക്ക് പറന്ന് കയറി എംബാപ്പെ ശ്രമിച്ച് നോക്കിയെങ്കിലും ഹക്കിമി കൃത്യസമയത്ത് രക്ഷനായി. ക്ലിയർ ചെയ്യപ്പെട്ട പന്ത് ഹെർണാണ്ടസ് ബോക്സിന് നടുക്ക് ആരും മാർക്ക് ചെയ്യാനില്ലാതെ നിന്ന ജിറൂദിലേക്ക് അതിവേഗം നൽകിയെങ്കിലും അത് ഗോളാകാതെ പോയത് മൊറോക്കോയുടെ ഭാഗ്യം കൊണ്ട് മാത്രമായിരുന്നു. 44-ാം മിനിറ്റിൽ സിയെച്ചിന്റെ കോർണറിന് ഒടുവിൽ യാമിഖിന്റെ അക്രോബാറ്റിക് ശ്രമം പോസ്റ്റിലിടിച്ച് മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് മൊറോക്കൻ ആരാധകർ കണ്ടത്. അവസാന നിമിഷം മൊറോക്കോ ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ വഴങ്ങാതെ ഫ്രാൻസ് പിടിച്ച് നിന്നു.
മൊറോക്കൻ വീരഗാഥയ്ക്ക് വിരാമം
ലക്ഷ്യം ഗോളാണെന്ന് ഉറപ്പിച്ചെത്തിയ മൊറോക്കോ ആയിരുന്നു രണ്ടാം പകുതിയിൽ കളത്തിൽ. ഫ്രഞ്ച് പ്രതിരോധത്തെ പല ഘട്ടത്തിലും അമ്പരിപ്പിക്കാൻ ആഫ്രിക്കൻ വീര്യത്തിന് സാധിച്ചു. മൊറോക്കൻ ആക്രമണത്തിനിടെ പന്ത് കിട്ടിയ എംബാപ്പെയുടെ മിന്നൽ പോലെയുള്ള പോക്കാണ് രണ്ടാം പാതിയെ ആദ്യം ത്രസിപ്പിച്ചത്. ഫ്രഞ്ച് കരുത്തന് പിന്നാലെ പാഞ്ഞ അംബ്രബാത്തിന്റെ ടാക്കിൾ മൊറോക്കോയെ രക്ഷിച്ചു. പിന്നാലെ തുർച്ചയായ രണ്ട് മുന്നേറ്റങ്ങൾ നടത്തിയ മൊറോക്കോ ഗോളിന് തൊട്ട് അടുത്ത് വരെയെത്തി. എന്നാൽ, സെന്റർ ബാക്കുകളായ വരാന്റെയും കൊനാറ്റയുടെയും കരളുറപ്പിന് മുന്നിൽ നിരാശരായി മടങ്ങിയ ആഫ്രിക്കൻ പട അടുത്ത കുതിപ്പിനുള്ള വല നെയ്തു.
യൂറോപ്പിന്റെ വമ്പിനെ മികച്ച പാസിംഗ് ഗെയിമിലൂടെ ചോദ്യം ചെയ്യുകയായിരുന്നു മൊറോക്കോ. സിയെച്ചും ബൗഫലും ഹക്കീമിയും ചുവപ്പൻ കുപ്പായത്തിൽ പാറിക്കളിച്ചു. ജിറൂദിനെ പിൻവലിച്ച് മാർക്കസ് തുറാമിനെ ദെഷാംസ് എത്തിച്ചതോടെ ഫ്രഞ്ച് മുന്നേറ്റ നിര അതിവേഗക്കാരെ കൊണ്ട് നിറഞ്ഞു. 76-ാം മിനിറ്റിൽ ചൗമെനിയുടെ കാലിൽ നിന്ന് പന്ത് റാഞ്ചിയെടുത്ത ഹംദെല്ലാഹ് ഫ്രഞ്ച് പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് കുതിച്ചെങ്കിലും ഷോട്ട് എടുക്കാൻ സാധിക്കാതെ പോയതോടെ സുവർണാവസരം പാഴായി.
79-ാം മിനിറ്റിൽ പകരക്കാരനായി എത്തിയ കോലോ മഔനി തന്റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മാറ്റി ഫ്രാൻസിന്റെ ജയമുറപ്പിച്ച ഗോൾഡൻ ബോയ് ആയി. ബോക്സിനുള്ളിൽ വച്ച് തുറാം നൽകിയ പന്ത് തന്നെ പൊതിഞ്ഞ മൊറോക്കൻ താരങ്ങൾക്കിടയിലൂടെ വെട്ടിയൊഴിഞ്ഞ് എംബാപ്പെ ലക്ഷ്യം വച്ചെങ്കിലും പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി. പക്ഷേ, തക്കം പാർത്ത് നിന്ന് മഔനിക്ക് ഒന്ന് ടാപ്പ് ഇൻ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തോൽവി ഉറപ്പിച്ചിട്ടും തളരാത്ത മൊറോക്കൻ പോരാളികൾ ഫ്രാൻസ് ബോക്സിലേക്ക് വീണ്ടും കുതിപ്പ് തുടർന്നു. അവസാന ചിരി പക്ഷേ ഫ്രാൻസിന് മാത്രം സ്വന്തമായിരുന്നു.