ഒരു അര്‍ജന്‍റീനന്‍ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല എന്ന് പെപെ
ദോഹ: ഫിഫ ലോകകപ്പില്‍ മൊറോക്കോയ്‌ക്ക് എതിരെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിന് പിന്നാലെ മത്സരം നിയന്ത്രിച്ച അര്‍ജന്‍റീനന്‍ റഫറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പോര്‍ച്ചുഗീസ് വെറ്ററന്‍ ഡിഫന്‍ഡര്‍ പെപെ. 'അര്‍ജന്‍റീനന്‍ റഫറി ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാനാവില്ല. ഫിഫയ്ക്ക് ഇനി അര്‍ജന്‍റീനയ്ക്ക് കിരീടം നല്‍കാം. അര്‍ജന്‍റീനയായിരിക്കും ചാമ്പ്യന്‍മാര്‍ എന്ന കാര്യത്തില്‍ ഞാന്‍ പന്തയം വെക്കുന്നു' എന്നുമാണ് മത്സര ശേഷം പെപെയുടെ തുറന്നടിക്കല്‍.
അര്‍ജന്‍റീനന്‍ റഫറിയായ ഫക്വണ്ടോ ടെല്ലോയാണ് പോര്‍ച്ചുഗല്‍-മൊറോക്കോ ക്വാര്‍ട്ടര്‍ മത്സരം നിയന്ത്രിച്ച പ്രധാന റഫറി. രണ്ട് സഹ റഫറിമാരും വീഡിയോ റഫറിയും അര്‍ജന്‍റീനയില്‍ നിന്നുള്ളവരായിരുന്നു. മൊറോക്കോയ്ക്കെതിരെ എട്ട് മിനുറ്റ് മാത്രം ഇഞ്ചുറിടൈം അനുവദിച്ചതിനെ പെപെ ചോദ്യം ചെയ്തു. കൂടുതല്‍ സമയം വേണമായിരുന്നെന്നും രണ്ടാംപകുതി കളിക്കാന്‍ ഞങ്ങളെ റഫറി അനുവദിച്ചില്ല എന്നും പെപെ ആരോപിച്ചു. നെതര്‍ലന്‍ഡ്‌സിന് എതിരായ കളിയില്‍ കൂടുതല്‍ സമയം അധികമായി നല്‍കിയതായി മത്സര ശേഷം ലിയോണല്‍ മെസി റഫറിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. അന്ന് ഇഞ്ചുറിടൈം നീണ്ടപ്പോഴാണ് ഡച്ച് ടീം സമനില ഗോള്‍ നേടിയതും മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടതും.
undefined
ഖത്തര്‍ ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് മൊറോക്കോ സെമിയില്‍ പ്രവേശിച്ചത്. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചാട്ടങ്ങളെ ഓര്‍മ്മിപ്പിച്ച് വളരെ ഉയരെ ജംപ് ചെയ്‌താണ് നെസീരി ഗോള്‍ നേടിയത്. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ ചരിത്രം കുറിച്ചു. എക്കാലത്തെയും മികച്ച ഫുട്ബോളര്‍മാരില്‍ ഒരാളായി വാഴ്‌ത്തപ്പെട്ടിട്ടും ലോക കിരീടമില്ലാതെ മടങ്ങാനായി 37കാരനായ റോണോയുടെ വിധി.
'ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലീം ലോകത്തിനും അഭിമാനം'; മൊറോക്കോന്‍ മിറാക്കിളിനെ പ്രശംസിച്ച് ഓസില്‍