കാസ്റ്റിലോയുടെ രക്ഷിതാക്കൾ കൊളംബിയക്കാർ ആണെന്നും താരത്തിന്‍റെ പാസ്പോർട്ട് വ്യാജമാണെന്നും ആയിരുന്നു പരാതി
ദോഹ: ഫിഫ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇക്വഡോറിന് ആശ്വാസം. ചിലെ, പെറു ടീമുകൾ നൽകിയ പരാതി തള്ളിയ കായിക തർക്ക പരിഹാര കോടതി ലോകകപ്പിൽ മൽസരിക്കാൻ ഇക്വഡോറിന് അനുമതി നൽകി. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിച്ച ഇക്വഡോർ പ്രതിരോധ താരം ബൈറോൺ കാസ്റ്റിലോ അയോഗ്യൻ ആണെന്ന് കാണിച്ചായിരുന്നു പരാതി.
കാസ്റ്റിലോയുടെ രക്ഷിതാക്കൾ കൊളംബിയക്കാർ ആണെന്നും താരത്തിന്‍റെ പാസ്പോർട്ട് വ്യാജമാണെന്നും ആയിരുന്നു പരാതി. പാസ്പോർട്ടിൽ ജനന തീയതിയും സ്ഥലവും തെറ്റായി നൽകിയെന്ന് തെളിഞ്ഞെങ്കിലും കളിക്കാൻ അയോഗ്യൻ ആണെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇക്വഡോർ നിയമലംഘനം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി ലോകകപ്പ് കളിക്കാൻ അനുമതി നൽകി. താരങ്ങൾക്ക് കളിക്കാൻ അനുമതി നൽകുന്നത് അതത് രാജ്യത്തെ ചട്ടം അനുസരിച്ച് ആണെന്നും കോടതി വ്യക്തമാക്കി. ഖത്തർ, സെനഗൽ, നെതർലൻഡ്സ് ടീമുകൾക്ക് ഒപ്പം ഗ്രൂപ്പ് എയിൽ ആണ് ഇക്വഡോർ കളിക്കുക. നവംബർ 20ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടും. ഇന്ത്യന്‍സമയം രാത്രി 9.30നാണ് ലോകകപ്പ് കിക്കോഫ്.
ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി ഒരുങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോൽവിയറിയാതെ കുതിക്കുന്ന ലിയോണല്‍ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകൾ. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിന്‍റെ മണലാരണ്യത്ത് പച്ചപുതച്ച എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കുഞ്ഞുരാജ്യമെങ്കിലും ടൂർണമെന്‍റിനെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കി മാറ്റാൻ ഖത്തര്‍ തയ്യാറായിക്കഴിഞ്ഞു.
ഇനി ദിനങ്ങള്‍ എണ്ണിത്തീര്‍ക്കാം; ഖത്തറിന്‍റെ മുറ്റത്ത് ഫിഫ ലോകകപ്പ് കിക്കോഫിന് ഒരു മാസം