ഫിഫ ലോകകപ്പില്‍ ബ്രസീൽ-അർജന്‍റീന സ്വപ്ന ഫൈനലെന്ന് ഇഎ സ്പോർട്‌സ്; കിരീടം മെസിയുയര്‍ത്തും

By Jomit Jose  |  First Published Nov 9, 2022, 9:12 AM IST

ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും ലിയോണൽ മെസി നേടുമെന്നും പ്രവചനം 


ദോഹ: ഖത്തർ ലോകകപ്പിൽ ബ്രസീൽ-അർജന്‍റീന സ്വപ്ന ഫൈനൽ പ്രവചിച്ച് പ്രമുഖ വീഡിയോ ഗെയിം നിർമാതാക്കളായ ഇഎ സ്പോർട്സ്. ബ്രസീലിനെ വീഴ്ത്തി അർജന്‍റീന കിരീടം നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ മൂന്ന് ലോകകപ്പിലെയും വിജയികളെ കൃത്യമായി പ്രവചിച്ച റെക്കോർഡുണ്ട് ഇഎ സ്പോർട്സിന്.

ഫിഫയുമായി നേരിട്ട് കരാർ ഉള്ള വീഡിയോ ഗെയിം നിർമാതാക്കളാണ് ഇഎ സ്പോർട്സ്. ഓരോ താരങ്ങളുടെയും കളിമികവ്സാ ങ്കേതികവിദ്യയുടെ സഹായത്തോടെ രേഖപ്പെടുത്തുന്ന ഫിഫ 23 ഗെയിമിലൂടെ മത്സരങ്ങൾ വിലയിരുത്തിയാണ് ഇഎ സ്പോർട്സിന്‍റെ ഇത്തവണത്തെ പ്രവചനം. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്‍റീന ഇത്തവണ ലോക കിരീടമുയർത്തുമെന്നാണ് പ്രവചിക്കുന്നത്. ബ്രസീലിനെതിരെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാകും ജയമെന്ന് പ്രവചനത്തില്‍ പറയുന്നു.

Latest Videos

ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും നേടുന്ന സൂപ്പർ താരം ലിയോണൽ മെസി അവസാന ലോകകപ്പ് അവിസ്മരണീയമാക്കുമെന്നും ഇഎ സ്പോർട്സ് കണക്കുകൾ നിരത്തി പറയുന്നു. 7 മത്സരങ്ങളിൽ 8 ഗോളുമായി അർജന്‍റീന നായകൻ മുന്നിലെത്തുമെന്നാണ് കണക്കുകൾ.

ജർമ്മനിയെ ക്വാർട്ടറിൽ വീഴ്ത്തുന്ന ബ്രസീൽ സെമിയിൽ പോർച്ചുഗലിനെയും തോൽപ്പിക്കും. കഴിഞ്ഞ ഫുട്ബോളില്‍ ലോകകപ്പില്‍ പ്രീക്വാർട്ടറിൽ അർജന്‍റീനയ്ക്ക് മടക്കടിക്കറ്റ് നൽകിയ ഫ്രാൻസിനെ സെമിയിൽ വീഴ്ത്തിയാകും അർജന്‍റീന കലാശപ്പോരിനെത്തുകയെന്നും ഇഎ സ്പോർട്സിന്‍റെ പ്രവചനത്തില്‍ പറയുന്നു. ലോകകപ്പ് ടീമിൽ മെസിക്കൊപ്പം റോഡ്രിഗോ ഡീപോൾ, പരേഡസ്, അക്യൂന, എമിലിയാനോ മാർട്ടിനസ് എന്നീ നാല് താരങ്ങളും ഇടംപിടിക്കും. ബ്രസീലിന്‍റെ മാർക്വീഞ്ഞോസ്, വിനീഷ്യസ് ജൂനിയർ, റിച്ചാർളിസൻ എന്നിവർക്കും ടീമിൽ ഇടമുണ്ട്.

2010ൽ സ്പെയിനും 2014ൽ ജർമ്മനിയും 2018ൽ ഫ്രാൻസും കിരീടമുയർത്തുമെന്ന ഇഎ സ്പോർട്സിന്‍റെ പ്രവചനം ശരിയായിരുന്നു. എന്നാല്‍ വിജയികളെ കൃത്യമായി പ്രവചിച്ചെങ്കിലും കഴിഞ്ഞ വർഷങ്ങളിലും വലിയ പിഴവുകൾ ഇഎ സ്പോർട്സിന്‍റെ പ്രവചനങ്ങളിൽ വന്നിട്ടുണ്ട്. 2014ൽ ബ്രസീൽ ഫൈനൽ കളിക്കുമെന്ന് പ്രവചിച്ചെങ്കിലും ജർമ്മനിയോട് 7-1ന് സെമിയിൽ തോൽക്കാനായിരുന്നു കാനറികളുടെ വിധി. 2014ൽ സ്പെയിനും പോർച്ചുഗലും സെമിയിലെത്തുമെന്ന് പ്രവചിച്ചെങ്കിലും ഇരുവരും ഗ്രൂപ്പ് ഘട്ടംപോലും കടന്നില്ല.

ഫിഫ ലോകകപ്പ്: ഇക്വഡോറിന് ആശ്വാസം; ചിലെ, പെറു ടീമുകളുടെ പരാതി തള്ളി

click me!