​ഗോൾ നിറയ്ക്കാൻ മുന്നിൽ റിച്ചാർലിസണും വിനീഷ്യസും റാഫീഞ്ഞയും; നെയ്മറിന് പകരം ടിറ്റെയുടെ വിശ്വസ്തൻ

By Web Team  |  First Published Nov 28, 2022, 9:00 PM IST

മുന്നേറ്റ നിരയിൽ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ റിച്ചാർലിസണിന് ഒപ്പം വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയുമാണ് ആദ്യ ഇലവനിൽ സ്ഥാനം നേടിയത്. പരിക്കേറ്റ സൂപ്പർതാരം നെയ്മർക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് മിഡ്ഫീൽഡർ ഫ്രെഡ് ടീമിലെത്തി


ദോഹ: ​ഗ്രൂപ്പ് ജിയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇറങ്ങുന്ന ബ്രസീൽ സ്വിറ്റ്സർലൻഡിനെതിരെയുള്ള ലൈനപ്പ് പുറത്ത് വിട്ടു. മുന്നേറ്റ നിരയിൽ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ റിച്ചാർലിസണിന് ഒപ്പം വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയുമാണ് ആദ്യ ഇലവനിൽ സ്ഥാനം നേടിയത്. പരിക്കേറ്റ സൂപ്പർതാരം നെയ്മർക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് മിഡ്ഫീൽഡർ ഫ്രെഡ് ടീമിലെത്തി. റൈറ്റ് ബാക്കായി ‍പരിക്കേറ്റ ഡാനിലോയ്ക്ക് പകരം റയൽ മാഡ്രി‍ഡിന്റെ എഡർ മിലിറ്റാവോ എത്തിയതോടെ പ്രതിരോധം വീണ്ടും ശക്തമായിട്ടുണ്ട്.

ലിവർപൂളിന്റെ അലിസൺ ആണ് ​ഗോൾ വല കാക്കുന്നത്. പ്രതിരോധത്തിൽ മിലിറ്റാവോയെ കൂടാതെ മാർക്വീഞ്ഞോസ്, തിയാ​ഗോ സിൽവ, അലക്സ് സാൻട്രോ എന്നിവർ അണിനിരക്കും. മധ്യനിരയിൽ ഫ്രെ‍ഡിനെ കൂടാതെ കാസമിറോയും ലൂക്കാസ് പക്വേറ്റയുമാണ് ഉള്ളത്. നേരത്തെ, മിഡ്ഫീല്‍ഡര്‍ ലൂകാസ് പക്വേറ്റ, വിംഗര്‍ ആന്റണി, ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ എന്നിവര്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത് ആരാധകരെ ആശങ്കപ്പെടുത്തിയിരുന്നു.

Latest Videos

undefined

ബ്രസീല്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയെ തോല്‍പ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം. റിച്ചാര്‍ലിസണിന്റെ ഇരട്ട ഗോളാണ് ബ്രസീലിനെ രക്ഷിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡും ആദ്യ മത്സരം ജയിച്ചാണ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്വിസ് ടീമിന്റെ ജയം. അതേസമയം, ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഗ്രൂപ്പിലെ കാമറൂണ്‍- സെര്‍ബിയ പോരാട്ടം സമനിലയില്‍ കലാശിച്ചു.

ഇരുവരും മൂന്ന് ഗോള്‍ വീതം നേടി. ആദ്യ മത്സരം പരാജയപ്പെട്ടതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ജയം അനിവാര്യമായിരുന്നു. ജീന്‍ ചാള്‍സ് കസ്റ്റല്ലെറ്റോ, വിന്‍സെന്റ് അബൂബക്കര്‍ എറിക് മാക്‌സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള്‍ നേടിയത്. സ്ട്രഹിഞ്ഞ പാവ്‌ലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്‌സാണ്ടര്‍ മിട്രോവിച്ച് എന്നിവരാണ് സെര്‍ബിയയുടെ ഗോളുകള്‍ നേടിയത്. സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി. 

എങ്ങനെ വർണിക്കും ഈ ​ഗോൾ? വാക്കുകൾക്ക് കൊണ്ട് വിവരിക്കാനാകാത്ത വിധം മനോഹരം, കയ്യടിച്ച് ഫുട്ബോൾ ലോകം; വീഡിയോ

click me!