'ഇനിയും കളി ബാക്കിയുണ്ട്' എന്ന് കരഞ്ഞ് പറഞ്ഞത് ചുമ്മാതല്ല; മെസിയുടെ കളി കാണാന്‍ നിബ്രാസ് ഖത്തറിലേക്ക്

By Web Team  |  First Published Nov 28, 2022, 11:16 AM IST

 ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്‍റെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 


കാസര്‍കോട്: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോടേറ്റ തോല്‍വി(1-2) അര്‍ജന്‍റീനന്‍ ആരാധകര്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല. അങ്ങനെ നിയന്ത്രണംവിട്ട് കരഞ്ഞ നിരവധി കട്ട ഫാന്‍സില്‍ ഒരാളാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്.  ‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്‍റെ വാക്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ 2-0ന് തകര്‍ത്ത് അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു സന്തോഷം കൂടി നിബ്രാസിനെ തേടിയെത്തി. 

പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയുടെ മത്സരം കാണാന്‍ ഖത്തറിലേക്ക് പറക്കാനുള്ള അവസരമാണ് നിബ്രാസിന് വന്നുചേര്‍ന്നിരിക്കുന്നത്. ഗ്രൂപ്പ് സിയില്‍ നാല് പോയിന്‍റുള്ള പോളണ്ടിന് പിന്നില്‍ മൂന്ന് പോയിന്‍റുമായി രണ്ടാമതാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്‍റീന പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Latest Videos

undefined

കുടുംബക്കാരെല്ലാം അർജന്റീന് ഫാൻസാണെന്ന് നിബ്രാസ് പറയുന്നു. ഉപ്പയും ഉപ്പയുടെ അനിയൻമാരുമാണ് കുഞ്ഞു നിബ്രാസിന് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പകർന്ന് നൽകിയത്. പ്രിയപ്പെട്ട ടീം അർജന്റീന ആണെങ്കിൽ പ്രിയതാരം മെസി ആയിരിക്കുമല്ലോ. നിബാസും കുടുംബവും മെസി ഫാൻസ് ആണ്.

'ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ എനിക്ക് ഫുട്ബോളിനോട് ഇഷ്ടമുണ്ടായിരുന്നു. ആ വീഡിയോ കണ്ട് സൗദിയിൽ നിന്നും ഖത്തറിൽ നിന്നും ഒരുപാട് പേർ വിളിച്ചിരുന്നു. ഏറ്റവും വലിയ ആ​ഗ്രഹമാണ് മെസിയെ നേരിട്ട് കാണുക എന്നത്. അത് സാധിക്കാൻ പോകുന്നതിൽ വളരെ സന്തോഷമുണ്ട്.' നിബ്രാസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. പയ്യന്നൂരിലെ ഒരു ട്രാവൽ ഏജൻസിയാണ് നിബ്രാസിന് ഖത്തറിലേക്ക് പോകാനുള്ള സംവിധാനങ്ങൾ ഒരുക്കി നൽകുന്നത്. കാസർകോട് ജില്ലയിലെ ഉദിനൂർ ഹയർസെക്കണ്ടറി സ്കൂളിൽ എട്ടാ ക്ലാസ് വിദ്യാർത്ഥിയാണ് നിബ്രാസ്. 

ബ്രസീലിയന്‍ റൊണാള്‍ഡോയോടുള്ള ആരാധന, 2002 ലോകകപ്പ് സ്റ്റൈലില്‍ മുടി മുറിച്ചു; വിദ്യാര്‍ഥിക്ക് സസ്പെൻഷന്‍

 

 

click me!