ഇത് അര്‍ജന്‍റീനയുടെ തേര്‍വാഴ്‌ച, ലുസൈലിലെ ഫൈനലിന്‍റെ ആദ്യപകുതിയില്‍ ചിത്രത്തിലേയില്ലാതെ എംബാപ്പെയും ഫ്രാന്‍സും
ദോഹ: മിശിഹായ്ക്ക് പിന്നാലെ വല ചലിപ്പിച്ച് മാലാഖയും! ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ലുസൈല്‍ സ്റ്റേഡിയം ലിയോണല്‍ മെസിയുടെയും അര്‍ജന്‍റീനയുടേയും കാലുകളില്‍ ഭദ്രം. 23-ാം മിനുറ്റിലെ മെസിയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ അര്‍ജന്‍റീന ആദ്യപകുതി പൂര്‍ത്തിയായപ്പോള്‍ 2-0ന് ലീഡ് ചെയ്യുകയാണ്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഡി മരിയയെ ഇറക്കിയ സ്‌കലോണിയുടെ തന്ത്രം വിജയിച്ചപ്പോള്‍ 36-ാം മിനുറ്റില്‍ മരിയയിലൂടെ ലാറ്റിനമേരിക്കന്‍ പട ലീഡ് രണ്ടാക്കിയുയര്‍ത്തുകയായിരുന്നു.
തുടക്കം അര്‍ജന്‍റൈന്‍ ആക്രമണത്തോടെ
undefined
4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നല്‍ നല്‍കി 4-4-2 ശൈലിയിലാണ് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി ഇന്ന് ടീമിനെ വിന്യസിക്കുന്നത്. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയില്‍ മത്സരത്തിന് മുമ്പേ ചര്‍ച്ചയായ ഫൈനല്‍ കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ ലുസൈല്‍ സ്റ്റേഡിയത്തില്‍ ആവേശം പടര്‍ത്തി. മൂന്നാം മിനുറ്റില്‍ അര്‍ജന്‍റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റില്‍ മക്കലിസ്റ്ററിന്‍റെ ലോംഗ് റേഞ്ചര്‍ ശ്രമം ലോറിസിന്‍റെ കൈകള്‍ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്‍റെ ഷോട്ട് വരാനെയില്‍ തട്ടി പുറത്തേക്ക് തെറിച്ചു.
തുടക്കമിട്ട് മെസി, പിന്നാലെ ഡി മരിയ
10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തുന്നത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്‍റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്‍റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കില്‍ മക്കലിസ്റ്ററിന്‍റെ അസിസ്റ്റില്‍ മരിയ രണ്ടാം ഗോളും കണ്ടെത്തി.
ഹാഫ്ടൈമിന് മുമ്പേ മാറ്റം
ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റില്‍ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാന്‍ ദെഷാം നിര്‍ബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാന്‍ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലര്‍ത്തി കുതിക്കുകയാണ് അര്‍ജന്‍റീന.
അര്‍ജന്‍റീന സ്റ്റാര്‍ട്ടിംഗ് ഇലവന്‍: (4-4-2): Martínez; Molina, Romero, Otamendi, Nicolas Tagliafico; Di María, De Paul, Enzo Fernández, Mac Allister; Messi, Álvarez.
ഫ്രാന്‍സ് സ്റ്റാര്‍ട്ടിംഗ് ഇലന്‍: Lloris - Koundé, Varane, Upamecano, T.Hernandez - Griezmann, Tchouaméni, Rabiot - O.Dembélé, Mbappé, Giroud.
മിശിഹാവതാരം; ഫ്രാന്‍സിനെതിരെ അര്‍ജന്‍റീന മുന്നില്‍, ലുസൈലില്‍ ആരവം ഇരമ്പുന്നു