ഇനിയും പരിക്ക് താങ്ങില്ല; ലോകകപ്പിന് മുമ്പ് ശ്രദ്ധേയ നീക്കവുമായി അര്‍ജന്‍റീനന്‍ പരിശീലകന്‍

By Jomit Jose  |  First Published Nov 11, 2022, 9:53 AM IST

ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. യൂറോപ്യൻ ലീഗുകളിലാകട്ടെ മത്സരങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല


ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് മുൻപ് താരങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കാൻ യൂറോപ്യൻ ക്ലബുകളോട് അഭ്യർത്ഥനയുമായി അർജന്റൈൻ പരിശീലകൻ ലിയോണൽ സ്‌കലോണി. അവസാന മത്സരങ്ങളിൽ പൂർണകായികക്ഷമതയില്ലാത്തവരെ ഉപയോഗിക്കരുതെന്നാണ് സ്‌കലോണിയുടെ അഭ്യർത്ഥന.

ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. യൂറോപ്യൻ ലീഗുകളിലാകട്ടെ മത്സരങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. വിശ്രമ ദിനങ്ങളില്ലാതെ ലോകകപ്പ് എത്തുമ്പോൾ പരിക്കേറ്റ് പുറത്താകുന്ന താരങ്ങളാണ് എല്ലാ ടീമുകളുടെയും ആശങ്ക. അർജന്‍റീനയ്ക്കാകട്ടെ വിശ്വസ്തനായ മധ്യനിരതാരം ജിയോവാനി ലോസെൽസോ ഉണ്ടാകില്ലെന്ന് ഉറപ്പായി. പൗളോ ഡിബാല, എമിലിയാനോ മാർട്ടിനസ് എന്നിവർക്കെല്ലാം പരിക്ക് പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് ഇനിയുള്ള മത്സരങ്ങളിലെങ്കിലും ലോകകപ്പ് ടീമിലുൾപ്പെടാൻ സാധ്യതയുള്ള താരങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ലിയോണൽ സ്കലോണിയുടെ അഭ്യർത്ഥന.

Latest Videos

നേരത്തെ തന്നെ താരങ്ങളെ ഒഴിവാക്കി തരണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ അത് സാധ്യമല്ലെന്നറിയാം. പക്ഷേ 100% കായികക്ഷമതയില്ലാത്തവരെ കളത്തിലിറക്കി പരിക്കേൽക്കാൻ ഇടവരുത്തരുതെന്നും യൂറോപ്യൻ ലീഗിലെ പരിശീലകരോട്
സ്കലോണി പറയുന്നു. ലിയോണല്‍ മെസിയടക്കമുള്ള ചില താരങ്ങൾ പരിക്ക് ഒഴിവാക്കാൻ ക്ലബുകളുടെ അവസാന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും. ഇതിനിടെ സെവിയ്യ പരിശീലകൻ ഹോർഗെ സാംപോളി അർജന്‍റീന ടീമിലെ സ്ഥിരസാന്നിധ്യമായ അലജാൻഡ്രോ ഗോമസ്, മാർകോസ് അക്യൂന എന്നിവരെ ക്ലബിന്‍റെ അവസാന മത്സരത്തിൽ നിന്ന് ഒഴിവാക്കി.

കഴിഞ്ഞ ലോകകപ്പിൽ അർജന്‍റീനയുടെ പരിശീലകനായിരുന്നു സാംപോളി. ശാരീരികക്ഷമത കൂടി വിലയിരുത്തിയാകും അവസാന പട്ടികയിലെ 31 പേരിൽ നിന്ന് 26 അംഗ സംഘത്തെ സ്കലോണി പ്രഖ്യാപിക്കുക. ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ ഈ മാസം 22നാണ് അർജന്‍റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ പോളണ്ട്, മെക്സിക്കോ എന്നിവരാണ് മറ്റ് രണ്ട് എതിരാളികൾ. പരാജയമറിയാത്ത 35 മത്സരങ്ങൾ പൂർത്തിയാക്കിയാണ് സ്കലോണിയും സംഘവും ഈമാസം പതിനാറിന് യുഎഇക്കെതിരെ സന്നാഹമത്സരത്തിന് ഇറങ്ങുന്നത്.

ലോസെൽസോ പരിക്കേറ്റ് പുറത്ത്; ഖത്തര്‍ ലോകകപ്പിന് മുമ്പ് അർജന്‍റീനയ്ക്ക് കനത്ത പ്രഹരം

click me!