മിശിഹാ ഖത്തറില്‍ തുടരും, അര്‍ജന്‍റീന ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ കടല്‍ കടത്തി മെസിപ്പട

By Jomit Jose  |  First Published Dec 4, 2022, 2:27 AM IST

ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്. 


ദോഹ: ലിയോണല്‍ മെസിയുടെ സുവര്‍ണകാലുകള്‍ തുടക്കമിട്ടു, ജൂലിയന്‍ ആല്‍വാരസ് അതിസുന്ദരമായി പൂര്‍ത്തിയാക്കി, ഫിഫ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ വന്‍മതില്‍ പൊളിച്ച് അര്‍ജന്‍റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ ഒരു ഗോളിനാണ് സ്‌കലോണിയും സംഘവും വിജയഗാഥ തുടരുന്നത്. ആദ്യപകുതിയിലെ ലിയോണല്‍ മെസിയുടെ ഗോളിന് പിന്നാലെ രണ്ടാംപകുതിയുടെ 57-ാം മിനുറ്റില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ അര്‍ജന്‍റീന ലീഡ് രണ്ടാക്കിയപ്പോള്‍ 77-ാം മിനുറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് ഓണ്‍ഗോള്‍ വഴങ്ങിയത് മാത്രമാണ് മത്സരത്തിലെ ഏക ട്വിസ്റ്റ്. ക്വാര്‍ട്ടറില്‍ ഡിസംബര്‍ 9ന് നെതര്‍ലന്‍ഡ്‌സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. 

മെസിയുടെ 45 മിനുറ്റ്

Latest Videos

undefined

കിക്കോഫായി നാലാം മിനുറ്റില്‍ ഗോമസിന്‍റെ ക്രോസ് ബാക്കസിന്‍റെ കയ്യില്‍ തട്ടിയപ്പോള്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 18-ാം മിനുറ്റില്‍ ഓസീസ് മുന്നേറ്റം ഗോള്‍ലൈനിനരികെ ഡി പോള്‍ തടുത്തു. അര്‍ജന്‍റീനന്‍ താരങ്ങളെ ബോക്‌സിലേക്ക് കയറാന്‍ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയന്‍ ഡിഫന്‍സ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റില്‍ മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കില്‍ നിന്നാണ്. മെസിയെടുത്ത കിക്ക് സൗട്ടര്‍ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക് അലിസ്റ്ററിന് മറിച്ചുനല്‍കി. അവിടെനിന്ന് ബോള്‍ നേരെ ഡീ പോളിലേക്ക്. വീണ്ടും കാല്‍കളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അര്‍ധാവസരം പോലും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു. 

രണ്ടാംപകുതി ആവേശം

50-ാം മിനുറ്റില്‍ പപു ഗോമസിനെ വലിച്ച് അര്‍ജന്‍റീന ലിസാണ്ട്രോ മാര്‍ട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാന്‍ അനായാസം പിടികൂടി. എന്നാല്‍ 57-ാം മിനുറ്റില്‍ അര്‍ജന്‍റീന ലീഡ് രണ്ടാക്കി. റോള്‍സിന്‍റെ ബാക് പാസ് തട്ടിയകറ്റാന്‍ റയാന്‍ വൈകിയപ്പോള്‍ ഡി പോള്‍ നടത്തിയ ഇടപെടലാണ് ആല്‍വാരസിന്‍റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. 77-ാം മിനുറ്റില്‍ ഗുഡ്‌വിന്‍റെ ലോംഗ് റേഞ്ചര്‍ ഷോട്ട് എന്‍സോയുടെ ഡിഫ്ലക്ഷനില്‍ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും അര്‍ജന്‍റീന 2-1ന് മത്സരം തങ്ങളുടേതായി അവസാനിപ്പിച്ചു. അവസരങ്ങള്‍ കളഞ്ഞുകുളിച്ച് ലൗറ്റാരോ മാര്‍ട്ടിനസ് അര്‍ജന്‍റീനന്‍ വിജയത്തിന്‍റെ ശോഭ കുറച്ചു. ഇഞ്ചുറിടൈമിന്‍റെ അവസാന സെക്കന്‍ഡുകളില്‍ വമ്പന്‍ സേവുമായി എമി മാര്‍ട്ടിനസ് താരമായി. 

ശക്തം ലൈനപ്പുകള്‍ 

4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയപ്പോള്‍ പപു ഗോമസും ലിയോണല്‍ മെസിയും ജൂലിയന്‍ ആല്‍വാരസുമായിരുന്നു മുന്നേറ്റത്തില്‍. മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോള്‍ നഹ്വെല്‍ മൊളീനയും ക്രിസ്റ്റ്യന്‍ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാര്‍ക്കോസ് അക്യൂനയുമാണ് പ്രതിരോധം കാത്തത്. ഗോള്‍ബാറിന് കീഴെ എമി മാര്‍ട്ടിസിന്‍റെ കാര്യത്തില്‍ മാറ്റമില്ല. പരിക്കേറ്റ ഏഞ്ചല്‍ ഡി മരിയ ഇന്ന് ഇലവനിലുണ്ടായിരുന്നില്ല.

അതേസമയം ഗ്രഹാം അര്‍നോള്‍ഡ് 4-4-2 ശൈലിയില്‍ ഇറക്കിയ ഓസ്ട്രേലിയയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മിച്ചല്‍ ഡ്യൂക്കും റൈലി മഗ്രീയും ആക്രമണത്തിലും ക്യാനു ബാക്കസ്, ജാക്‌സണ്‍ ഇര്‍വിന്‍, ആരോണ്‍ മോയി, മാത്യൂ ലെക്കീ എന്നിവര്‍ മധ്യനിരയിലും അസീസ് ബെഹിച്ച്, കൈ റോള്‍സ്, ഹാരി സൗട്ടര്‍, മിലോസ് ഡെഗെനെക് എന്നിവര്‍ പ്രതിരോധത്തിലും എത്തിയപ്പോള്‍ മാത്യൂ റയാനാണ് ഗോളി. അര്‍ജന്‍റീനന്‍ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു. 

ആയിരം അഴകില്‍ മെസി

ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. കരിയറിലെ ആയിരാമത്തെ മത്സരത്തില്‍ മെസി വല ചലിപ്പിക്കുകയും ചെയ്തു. 

മെസിക്ക് പിന്നാലെ ജൂലിയന്‍ ആല്‍വാരസ്; 'രണ്ടടി' മുന്നില്‍ അര്‍ജന്‍റീന

click me!