'ഹബീബീ ഹബീബീ കിനാവിന്‍റെ മഞ്ചലിലേറി...'; മാനം മുട്ടെ സ്വപ്നങ്ങളുമായി മിശിഹായും സംഘവും ഇന്ന് ഇറങ്ങും

By Web Team  |  First Published Nov 22, 2022, 8:04 AM IST

ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക.


ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം വാനോളമെത്തിക്കാന്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്‍റീന ഇന്ന് കളത്തിലിറങ്ങും. ഇതിഹാസ താരം ലിയോണല്‍ മെസിയുടെ ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരമെന്ന നിലയില്‍ ലോകമാകെ ആവേശത്തോടെയാണ് സൗദി അറേബ്യക്കെതിരെയുള്ള പോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം തുടങ്ങുക.

അവസാന 36 കളികളില്‍ തോൽവി അറിയാതെയാണ് മെസിയും സംഘവും ലോകകപ്പിന് എത്തിയിരിക്കുന്നത്. അർജന്‍റീന ഫിഫ റാങ്കിംഗിൽ മൂന്നാമതും സൗദി അറേബ്യ 51-ാം സ്ഥാനത്തുമാണ്. ജിയോവനി ലോ സെൽസോയ്ക്ക് പകരം മെക് അലിസ്റ്ററോ, അലസാന്ദ്രോ ഗോമസോ ടീമിലെത്തുമെന്ന് അർജന്‍റൈന്‍ കോച്ച് ലിയോണൽ സ്കലോണി പറഞ്ഞു. അർജന്‍റീനയും സൗദിയും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. അർജന്‍റീന രണ്ട് കളിയിൽ ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.

Latest Videos

80,000 ഉള്‍ക്കൊള്ളാവുന്ന ലുസൈല്‍ സ്റ്റേഡിയം ഇന്ന് നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. തങ്ങളുടെ ആറാമത്തെ ലോകകപ്പിനാണ് അറേബ്യന്‍ സംഘം എത്തുന്നത്. രണ്ട് തവണ ലോകകപ്പില്‍ മുത്തമിട്ട ടീമാണ് അര്‍ജന്‍റീന. ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമായ അര്‍ജന്‍റീനയെ സമനിലയില്‍ തളച്ചാല്‍ പോലും സൗദിക്ക് അത് വന്‍ നേട്ടമാണ്. തനിക്ക് ഒരു പരിക്കുമില്ലെന്ന് മെസി വ്യക്തമാക്കിയതോടെ അര്‍ജന്‍റീന ആരാധകര്‍ ആശ്വാസത്തിലാണ്.

പരിശീലനത്തില്‍ പങ്കെടുത്തില്ലെന്നും ഒറ്റക്ക് പരിശീലനം നടത്തിയെന്നുമുള്ള വാര്‍ത്തകളും അഭ്യൂഹങ്ങളുമൊക്കെ കണ്ടു. മുന്‍കരുതലെന്ന നിലക്ക് സാധാരണഗതിയില്‍ എടുക്കുന്ന നടപടികള്‍ മാത്രമാണത്. അതില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് മെസി വ്യക്തമാക്കിയിട്ടുള്ളത്. എമി  മാര്‍ട്ടിനെസ് തന്നെയായിരിക്കും അര്‍ജന്‍റീനയുടെ ഗോള്‍ വലയ്ക്ക് മുന്നില്‍ അണിനരക്കുക.

നെഹുവേല്‍ മൊളീന, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്റി, മാര്‍ക്കോസ് അക്യൂന പ്രതിരോധക്കോട്ട കാക്കും. ലിസാന്‍ഡ്രോ മാര്‍ട്ടിനെസും ഗോണ്‍സാലോ മോന്റീല്‍, യുവാന്‍ ഫോയ്ത് എന്നിവരും ബെഞ്ചില്‍ ഉള്ളതിനാല്‍ ഡബിള്‍ സ്ട്രോള്‍ ആണ് അര്‍ജന്‍റീനയുടെ ഡിഫന്‍സ്. സ്‌കലോണിസത്തിന്‍റെ നട്ടെല്ല് എന്ന് പറയുന്നത് തന്നെ ഡി പോള്‍, പരഡേസ്, ലോ സെല്‍സോ ത്രയമായിരുന്നു. എന്നാല്‍ ലൊ സെല്‍സോ പരിക്കേറ്റ് പുറത്തായത് വലിയ തിരിച്ചടിയാണ്.

എന്നിരുന്നാലും പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടണ് വേണ്ടി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മക് അലിസ്റ്റര്‍ ആദ്യ ഇലവനില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോമസും എന്‍സോ ഫെര്‍ണാണ്ടസും ഈ സ്ഥാനത്തിന് വേണ്ടി ഊര്‍ജിതമായി പരിശ്രമിക്കുന്നുണ്ട്. മുന്നേറ്റ നിരയില്‍ ലിയോണല്‍ മെസിക്കൊപ്പം ഏയ്ഞ്ചല്‍ ഡി മരിയയും ലൗട്ടാരോ മാര്‍ട്ടിനസും ആയിരിക്കും ഇറങ്ങുക. യുവതാരം ജൂലിയന്‍ അല്‍വാരസിനെ പകരക്കാരനായി പരിഗണിച്ച് കൊണ്ടാകും ലിയോണല്‍ സ്കലോണി തന്‍റെ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനായി ടീമിനെ ഒരുക്കുക. ഗ്രൂപ്പ് സിയില്‍ അര്‍ജന്‍റീനയെയും സൗദിയെയും കൂടാതെ പോളണ്ടും മെക്സിക്കോയുമാണ് അണിനിരക്കുന്നത്. 

ആദ്യ അങ്കത്തിനിറങ്ങുന്ന അര്‍ജന്‍റീനക്ക് സന്തോഷവാര്‍ത്തയുമായി മെസി

click me!