ഒരുവശത്ത് എംബാപ്പെ-ജിറൂദ് സഖ്യം; മറുവശത്ത് ഹക്കീമിയും ബോനോയും! ഇന്നാണ് ലോകകപ്പിലെ തീക്കളി

By Jomit Jose  |  First Published Dec 14, 2022, 10:48 AM IST

ഇതുവരെ ഒരു ഗോൾ പോലും മൊറോക്കോയുടെ പോസ്റ്റിലേക്കടിക്കടിക്കാൻ എതിരാളികൾക്കായിട്ടില്ല


ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിലെ രണ്ടാം സെമിയാണ് ഇന്ന്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ പ്രതീക്ഷയായ മൊറോക്കോയും തമ്മിലാണ് പോരാട്ടം. മൊറോക്കോയുടെ പ്രതിരോധ താരങ്ങളും ഫ്രാൻസിന്‍റെ സ്ട്രൈക്കർമാരും തമ്മിലുള്ള പോരാട്ടമാകും അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുക. 

ഇതുവരെ ഒരു ഗോൾ പോലും മൊറോക്കോയുടെ പോസ്റ്റിലേക്കടിക്കാൻ എതിരാളികൾക്കായിട്ടില്ല. നാല് സ്ട്രൈക്കർമാരുള്ള മുന്നേറ്റംവഴി ഗോളടിച്ച് കൂട്ടുകയാണ് എംബാപ്പെയും ജിറൂദും. ഗോളിലേക്ക് വഴിയൊരുക്കാൻ ഗ്രീസ്മാനും ഡെംബലെയുമുണ്ട്. അപ്രതീക്ഷിത വെടിയുണ്ട പായിക്കാൻ യുവതാരം ചുവാമെനിയും മധ്യനിരയില്‍. എതിരാളികളുടെ ഗോൾമുഖത്തേക്ക് ഫ്രഞ്ച് താരങ്ങൾ ഓടിക്കയറുമ്പോൾ ആരെ തടയണമെന്ന ആശങ്ക സ്വാഭാവികം. പക്ഷേ കളി മൊറോക്കോയോടാകുമ്പോൾ കടലാസിലെ കരുത്ത് മതിയാകില്ല ഫ്രാന്‍സിന്.

Latest Videos

undefined

ഗോള്‍ കയറാന്‍ മടിക്കുന്ന മൊറോക്കോന്‍ വല

ക്രൊയേഷ്യ, ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ എന്നിങ്ങനെ യൂറോപ്പിന്‍റെ പെരുമയുമായി ആഫ്രിക്കൻ കരുത്തരെ നേരിട്ടവരാരും ഒരു ഗോൾ പോലും മൊറോക്കോയ്ക്കെതിരെ നേടിയില്ല. അഷ്റഫ് ഹക്കീമി നേതൃത്വം നൽകുന്ന പ്രതിരോധത്തെ മറികടന്നാലും മതിലായി ഗോൾകീപ്പ‍ർ യാസിം ബോനോയുണ്ട്. കാനഡയോട് വഴങ്ങിയ ഒരു ഓൺഗോൾ മാത്രമാണ് യാസിം ബോനോയെ മറികടന്ന് പോസ്റ്റിലെത്തിയത്. പ്രതിരോധ താരമായിരുന്ന മൊറോക്കോൻ കോച്ച് വാലിദിന്‍റെ തന്ത്രവും ആരെയും വരിഞ്ഞുമുറുക്കുന്ന പ്രതിരോധപ്പൂട്ട് തന്നെ. ഖത്തറില്‍ ഇതുവരെ 9 ഗോളടിച്ച എംബാപ്പെ-ജിറൂദ് സഖ്യത്തിന് മൊറോക്കോയ്ക്ക് മുന്നിൽ മൂർച്ച കൂട്ടേണ്ടിവരുമെന്നുറപ്പ്. എന്തായാലും ആവേശ സെമി ഇന്ന് പ്രതീക്ഷിക്കാം. 

അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 12.30ന് ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് കിക്കോഫാകും. തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാൻസ് ലക്ഷ്യമിടുന്നത്. മൊറോക്കോ ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ആഫ്രിക്കന്‍ ടീമിന്‍റെ കലാശപ്പോരിനുള്ള ടിക്കറ്റുറപ്പിക്കാന്‍ ഇറങ്ങുന്നു. 

മിറാക്കിള്‍ മൊറോക്കോയോ ഫ്രഞ്ച് പടയോട്ടമോ; അര്‍ജന്‍റീനയുടെ എതിരാളികളെ ഇന്നറിയാം

click me!