ഇന്ത്യക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് നഷ്ടമായേക്കും

By Jomit Jose  |  First Published Aug 16, 2022, 7:36 AM IST

ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്


ദില്ലി: നിയമലംഘനത്തിന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്പെന്‍ഷന്‍. ഫിഫ കൗണ്‍സിലിന്‍റേതാണ് തീരുമാനം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫയുടെ നടപടി. ഇതോടെ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കും. ഒക്ടോബർ 11 മുതല്‍ 30 വരെയാണ് കൗമാര വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്.

കനത്ത തിരിച്ചടി

Latest Videos

വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും. 

ഭരണതലത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ഗുരുതര വീഴ്ചകള്‍ നടത്തിയെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. 2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചതാണ് ഫിഫയുടെ നടപടിയിലേക്കെത്തിച്ചത്. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

ഇനിയെന്ത്?

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ എല്ലാ ദൈന്യംദിനം പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ മാത്രമേ ഫിഫ വിലക്ക് പിന്‍വലിക്കുകയുള്ളൂ. എഐഎഫ്‍എഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയവുമായി ഫിഫ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഈ മാസം 28ന് നടക്കുന്ന അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതേസമയം നിലവിലെ ഭരണസമിതി പുതിയഭരണഘടന സംബന്ധിച്ചും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ പുരോഗതിയും സുപ്രീംകോടതിയെ ഉടൻ അറിയിക്കും.  

പിഎസ്‌ജിയില്‍ നിന്ന് നെയ്മറെ പുകച്ചു പുറത്തു ചാടിക്കാന്‍ എംബാപ്പെയുടെ ശ്രമം
 

click me!