ലോകകപ്പ് ചട്ടം ലംഘിച്ചു: ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടിയെടുത്തേക്കും

By Web Team  |  First Published Nov 29, 2022, 2:50 PM IST

ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത.


പാരീസ്: ഫിഫ ചട്ടം ലംഘിച്ചതിന് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയ്‌ക്കെതിരെ നടപടിക്ക് സാധ്യത. മാന്‍ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയെ കുരുക്കിയത്. ഓസ്‌ട്രേലിയക്കും ഡെന്മാര്‍ക്കിനും എതിരായ മത്സരങ്ങളില്‍ എംബാപ്പെക്ക് പുരസ്‌കാരം ലഭിച്ചെങ്കിലും മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നില്ല. 

ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനും ഫിഫ താക്കീത് നല്‍കിയിരുന്നു. താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത. പിഎസ്ജിയുമായുള്ള കരാര്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് എംബാപ്പെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. 

Latest Videos

undefined

ഗ്രൂപ്പ് ഡിയില്‍ നിന്ന് ഫ്രാന്‍സ് നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ, പിന്നാലെ ഡെന്‍മാര്‍ക്ക് എന്നിവരെയാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ഡെന്‍മാര്‍ക്കിനെതിരെ രണ്ട് ഗോളുകളും നേടിയത് എംബാപ്പെയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ഒരു ഗോളും എംബാപ്പെ നേടി. താരത്തിന്റെ രണ്ടാം ലോകകപ്പാണിത്. രണ്ട് ലോകകപ്പില്‍ നിന്ന് ഏഴ് ഗോളുകള്‍ എംബാപ്പെ നേടി. 

അതേസമയം, ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം ഒരു ശുഭവാര്‍ത്തയും പുറത്തുവരുന്നുണ്ട്. കരിം ബെന്‍സേമയെ കുറിച്ചാണത്. ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം തിരികെ ചേര്‍ന്നേക്കുമെന്നുള്ളതാണ് വാര്‍ത്ത. പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടന്‍ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ലോകകപ്പ് നിലനിര്‍ത്താന്‍ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു കരീം ബെന്‍സിമയുടെ പരിക്ക്. പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയില്‍ ടീമിനൊപ്പം ഖത്തറിലെത്തിയ ബെന്‍സേമയ്ക്ക് പക്ഷേ തിരികെ പോകേണ്ടി വന്നു. എന്നാല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ബെന്‍സേമയെ കോച്ച് ദിദിയെ ദഷാം ടീം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. 

പ്രതീക്ഷിച്ച വേഗത്തില്‍ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ബെന്‍സേമ ചികിത്സക്കായി തിരികെ സ്‌പെയിനിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ പരിക്ക് ഭേദമാകുന്നുവെന്നും ഖത്തറിലേക്ക് താരം തിരികെയെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇനി തിരികെ ടീമിനൊപ്പം ചേരാനാകില്ലെങ്കിലും ഫ്രാന്‍സ് കപ്പ് നേടിയാല്‍ വിജയികള്‍ക്കുള്ള മെഡലിന് ഫിഫയുടെ ചട്ടം അനുസരിച്ച് ബെന്‍സേമയും അര്‍ഹനാകും.

ഗോളിന്റെ ഉടമസ്ഥതയില്‍ ആശയക്കുഴപ്പം! നേട്ടമാഘോഷിച്ച് റൊണാള്‍ഡോ; പിന്നാലെ ബ്രൂണോയുടേതെന്ന് സ്ഥിരീകരണം- വീഡിയോ

click me!