എഫ്‌എ കപ്പ് ഫൈനല്‍ തീപാറുന്നു; 12-ാം സെക്കന്‍ഡിലെ ഗുണ്ടോഗന്‍റെ വോളിക്ക് ബ്രൂണോയിലൂടെ തിരിച്ചടിച്ച് യുണൈറ്റഡ്

By Web Team  |  First Published Jun 3, 2023, 8:23 PM IST

ഇംഗ്ലീഷ് ഫുട്ബോള്‍ ചരിത്രത്തിലെ ഐതിഹാസിക പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2-4-1 ശൈലിയിലാണ് കളത്തിലെത്തിയത്


വെംബ്ലി: എഫ്‌എ കപ്പിന്‍റെ കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിക്ക് വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍ ആവേശത്തുടക്കം. ഫൈനലിന് കിക്കോഫായി 12-ാം സെക്കന്‍ഡില്‍ ഇൽകെ ഗുണ്ടോഗന്‍റെ തകര്‍പ്പന്‍ വോളിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി ലീഡെടുത്തു. എന്നാല്‍ 33-ാം മിനുറ്റില്‍ നാടകീയമായി ലഭിച്ച പെനാല്‍റ്റിയിലൂടെ യുണൈറ്റഡ‍് ഒപ്പമെത്തി. ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിനെ തുല്യതയിലേക്ക് കൊണ്ടുവന്നത്. ഇതോടെ 1-1ന്‍റെ സമനിലയോടെ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു. 

വെംബ്ലി സ്റ്റേഡിയത്തില്‍ സിറ്റി ആരാധകരെ നീലക്കടലാക്കിയായിരുന്നു മത്സരത്തിന്‍റെ തുടക്കം. കിക്കോഫായി ഒരു മിനുറ്റിനുള്ളില്‍ യുണൈറ്റ‍ഡ് താരങ്ങളുടെയും ആരാധകരുടേയും ചങ്കില്‍ തീ കോരിയിട്ട് ഇൽകെ ഗുണ്ടോഗന്‍റെ വോളി ഡേവിഡ് ഡി ഹിയയെ കാഴ്‌ചക്കാരനാക്കി വലയിലെത്തി. കെവിന്‍ ഡിബ്രൂയിന്‍റെ അസിസ്റ്റില്‍ ഗോള്‍ ബാറിന്‍റെ വലത് പാര്‍ശ്വത്തിലൂടെയുള്ള ഗുണ്ടോഗന്‍റെ ബുള്ളറ്റ് ഷോട്ട് കണ്ട് നില്‍ക്കാന്‍ മാത്രമേ ഹിയക്കായുള്ളൂ. തൊട്ടുപിന്നാലെ കെവിന്‍ ഡിബ്രൂയിന്‍റെ ഫ്രീകിക്കില്‍ ലീഡ് രണ്ടാക്കാനുള്ള അവസരം സിറ്റിക്ക് ഒത്തുവന്നെങ്കിലും റോഡ്രിയുടെ ഹെഡര്‍ തലനാരിഴയ്‌ക്ക് ഗോളാകാതെ പോയി. ഇതിന് ശേഷം സിറ്റി തുടര്‍ ആക്രമണങ്ങളുമായി മുന്നിട്ട് നിന്നപ്പോള്‍ വല്ലപ്പോഴുമുള്ള പ്രത്യാക്രമണങ്ങളില്‍ ഒതുങ്ങി നിന്നു യുണൈറ്റഡ് താരനിര.

Latest Videos

undefined

20-ാം മിനുറ്റില്‍ എര്‍ലിംഗ് ഹാളണ്ടിന്‍റെ ഷോട്ട് ഗോള്‍ ബാറിന് മുകളൂടെ പോയി. ഇരുപത്തിയെട്ടാം മിനുറ്റില്‍ മറ്റൊരു ആക്രമണവും ഡേവിഡ് ഹിയക്ക് വെല്ലുവിളിയായി. ഒറ്റയാന്‍ കുതിപ്പില്‍ ഡിബ്രൂയിന്‍റെ ഇടംകാലന്‍ ഷോട്ട് തലനാരിഴയ്‌ക്കാണ് ഗോളാകാതെ പോയത്. തൊട്ടുപിന്നാലെ സിറ്റി ആരാധകരെ നിരാശപ്പെടുത്തിയ ട്വിസ്റ്റ് മൈതാനത്ത് വിരിഞ്ഞു. ഹെഡര്‍ ശ്രമത്തിനിടെ ബിസാക്ക തൊടുത്തുവിട്ട പന്ത് ജാക്ക് ഗ്രീലിഷിന്‍റെ കൈയില്‍ തട്ടിയതോടെ റഫറി വാര്‍ പരിശോധനയ്‌ക്കൊടുവില്‍ പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് അനായാസം പന്ത് വലയിലേക്ക് കോരിയിട്ടു. തൊട്ടടുത്ത മിനുറ്റില്‍ സിറ്റി പ്രത്യാക്രമണം നടത്തിയെങ്കിലും ഗോളായില്ല. ഇതിന് പിന്നാലെയും സിറ്റിയുടെ ഏറെ മുന്നേറ്റങ്ങള്‍ കണ്ടപ്പോള്‍ മറുവശത്ത് യുണൈറ്റഡിന്‍റെ വരാന്‍റെ ഹെഡറും പാളി. 

ഇംഗ്ലീഷ് ഫുട്ബോള്‍ ചരിത്രത്തിലെ ഐതിഹാസിക പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-2-4-1 ശൈലിയിലാണ് കളത്തിലെത്തിയത്. സ്റ്റെഫാന്‍ ഒ‍ര്‍ട്ടേഗ, കെയ്‌ല്‍ വോക്കര്‍, റൂബന്‍ ഡിയാസ്, മാനുവേല്‍ അക്കാഞ്ചി, ജോണ്‍ സ്റ്റോണ്‍സ്, റോഡ്രി, ബെര്‍ണാഡോ സില്‍വോ, കെവിന്‍ ഡിബ്രൂയിന്‍, ഇൽകെ ഗുണ്ടോഗന്‍, ജാക്ക് ഗ്രീലിഷ്, എര്‍ലിംഗ് ഹാലണ്ട് എന്നിവരായിരുന്നു സിറ്റിയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍. അതേസമയം 4-3-3 ശൈലിയില്‍ എത്തിയ യുണൈറ്റഡിന്‍റെ ആദ്യ ഇലവനില്‍ ഡേവിഡ് ഡി ഹിയ, ആരോണ്‍ വാന്‍-ബിസാക്ക, വിക്‌ടോര്‍ ലിന്‍ഡെലോഫ്, റാഫേല്‍ വരാന്‍, ലൂക്ക് ഷോ, ക്രിസ്റ്റ്യന്‍ എറിക്‌സണ്‍, കാസിമിറോ, ഫ്രഡ്, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവരാണുണ്ടായിരുന്നത്. 

Read more: ധോണി കപ്പുയര്‍ത്തിയത് സന്തോഷം, പക്ഷേ ഒരു കാര്യത്തില്‍ നിരാശ; തുറന്നുപറഞ്ഞ് ചാഹല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!