അട്ടിമറിച്ച ജോർജിയ അടുത്ത റൗണ്ടിലേക്ക്, തോറ്റിട്ടും ഗ്രൂപ്പ് കിംഗായി പോര്‍ച്ചുഗല്‍; യൂറോ പ്രീക്വാർട്ടർ ലൈനപ്പ്

By Web Team  |  First Published Jun 27, 2024, 8:05 AM IST

24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ് പതിനാറ് കളി സംഘങ്ങളിലേക്ക് ചുരുങ്ങുകയാണ്


ബെര്‍ലിന്‍: പോര്‍ച്ചുഗലിനെതിരെ നവാഗതരായ ജോർജിയയുടെ അട്ടിമറി ജയത്തോടെ യൂറോ കപ്പിന്‍റെ പ്രീക്വാർട്ടർ ലൈനപ്പായി. ഹങ്കറിയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ പ്രമുഖർ.

ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 24 ടീമുകളുമായി തുടങ്ങിയ യൂറോ കപ്പ് പതിനാറ് കളി സംഘങ്ങളിലേക്ക് ചുരുങ്ങി. ശനിയാഴ്ച മുതൽ നോക്കൗട്ട് മത്സരങ്ങളുടെ പോരാട്ടച്ചൂടാണ്. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് ഇറ്റലിയെയും, ഇംഗ്ലണ്ട് സ്ലോവാക്യയെയും, റൊമാനിയ നെതർലൻഡ്സിനെയും, ഓസ്ട്രിയ തുർക്കിയെയും, ജർമനി ഡെൻമാർക്കിനെയും, സ്പെയ്ൻ ജോർജിയയെയും, ഫ്രാൻസ് ബെൽജിയത്തേയും, പോർച്ചുഗൽ സ്ലോവേനിയയെയും നേരിടും. യോഗ്യതാ റൗണ്ടിൽ ഒറ്റക്കളിയും തോൽക്കാതെയെത്തിയ ഹങ്കറിയും ലോകകപ്പ് മുന്‍ സെമിഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുമാണ് നോക്കൗട്ട് റൗണ്ടിലെത്താതെ പുറത്തായ പ്രമുഖ ടീമുകൾ. 

Latest Videos

undefined

ജൂലൈ രണ്ട് വരെയാണ് യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങള്‍. ഫ്രാൻസും പോർച്ചുഗലും സ്പെയ്നും ജർമനിയും ഇംഗ്ലണ്ടും ഇറ്റലിയും ക്വാർട്ടറിൽ നേർക്കുനേർ വരാൻ സാധ്യതയുള്ള തരത്തിലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ. ജൂലൈ അഞ്ചിനും ആറിനും ക്വാർട്ടർ ഫൈനലും ഒൻപതിനും പത്തിനും സെമിഫൈനലും നടക്കും. ജൂലൈ 14ന് രാത്രി പന്ത്രണ്ടരയ്ക്ക് ബെർലിനിലെ ഒളിംപിക്സ് സ്റ്റേ‍ഡിയത്തിലാണ് കിരീടപ്പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മുപ്പത്തിയാറ് കളിയിൽ ആകെ പിറന്നത് എൺപത്തിയൊന്ന് ഗോളുകളെങ്കില്‍ മൂന്ന് ഗോളുമായി ജോർജിയയുടെ ജോർജസ് മികൗതാഡ്സെയാണ് നിലവിലെ ടോപ്സ്കോറർ.

ചെക്കിന് ചെക്ക് വച്ച് തുര്‍ക്കി

യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയത്തോടെ തുര്‍ക്കി ഗ്രൂപ്പ് എഫിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തുകയായിരുന്നു. തുർക്കി ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ചത്. 94-ാം മിനിറ്റിൽ സെൻക് ടോസന്‍ തുർക്കിയുടെ വിജയ ഗോൾ നേടി. ഹകാൻ കാൽഹനോഗ്ലു ആദ്യ ഗോൾ പേരിലെഴുതി. തോമസ് സുസേക്കാണ് ചെക്കിന്‍റെ സ്കോറർ. മുന്നേറ്റ താരം അന്റോനിൻ ബറാക് ചുവപ്പ് കാർഡ് പുറത്തായത് ചെക് റിപ്പബ്ലിക്ക് തിരിച്ചടിയായി.

Read more: ജോര്‍ജിയ ജോര്‍! യൂറോയിലെ ഏറ്റവും വലിയ അട്ടിമറിയില്‍ പോര്‍ച്ചുഗല്‍ വീണു, വീണ്ടും ഗോളില്ലാതെ റൊണാള്‍ഡോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!