വീണ്ടും നിരാശ; കപ്പിനും ചുണ്ടിനുമിടയിലായി നിര്‍ഭാഗ്യത്തിന്‍റെ ഇംഗ്ലീഷ് കടലിടുക്ക്

By Web Team  |  First Published Jul 15, 2024, 2:01 PM IST

1966ല്‍ സ്വന്തം നാട്ടില്‍ നേടിയൊരു ഫിഫ ലോകകപ്പ് മാത്രമേ വമ്പുപറയാന്‍ ഇംഗ്ലണ്ടിനുള്ളൂ


ബര്‍ലിന്‍: യൂറോ കപ്പില്‍ വീണ്ടും കണ്ണീര്‍ കുടിച്ച് ഇംഗ്ലണ്ട് മടങ്ങുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ ഫുട്ബോളിന്‍റെ ഫൈനലില്‍ തോല്‍ക്കുന്നത്. ആദ്യ യൂറോ കിരീടമെന്ന സ്വപ്നം ബാക്കിവച്ചാണ് ജര്‍മനിയില്‍ നിന്ന് ഇംഗ്ലണ്ടിന്‍റെ മടക്കം. 1966ന് ശേഷം ഒരു കിരീടം പോലും നേടാനായിട്ടില്ലെന്ന സങ്കടം ഇനിയും ഇംഗ്ലണ്ടിന് ബാക്കിനില്‍ക്കുന്നു. 

കിരീടമില്ലാതെ വീട്ടിലേക്ക് മടങ്ങിയെത്തുന്ന ഇംഗ്ലണ്ടിന്‍റെ ശീലത്തിന് ഇത്തവണയും മാറ്റമില്ല. 'ഇറ്റ്സ് കമിങ് ഹോം' എന്ന ഗാനം ഇനി അടുത്ത ടൂര്‍ണമെന്‍റില്‍ മുഴക്കാം. എന്തൊരു വിധിയാണിത്! ലോകഫുട്ബോളിലെ വമ്പന്‍മാരായിട്ടും, ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗടക്കം നടക്കുന്നയിടമായിട്ടും ഇംഗ്ലണ്ട് ദേശീയ ടീമിന് രക്ഷയില്ല. വലിയ ടൂര്‍ണമെന്‍റുകള്‍ വരുമ്പോള്‍ ഇംഗ്ലീഷുകാര്‍ പഠിച്ചതെല്ലാം മറക്കും. തോറ്റ് തുന്നംപാടി ആരാധകരെയും കരയിപ്പിക്കും. 1966ല്‍ സ്വന്തം നാട്ടില്‍ നേടിയൊരു ലോകകപ്പ് മാത്രമേ വമ്പുപറയാന്‍ ഇംഗ്ലണ്ടിനുള്ളൂ. പിന്നീടൊരിക്കലും ലണ്ടന്‍ ബ്രിഡ്‌ജ് കടന്നൊരു കിരീടം ഇംഗ്ലീഷ് മണ്ണിലെത്തിയിട്ടില്ല. 

Latest Videos

undefined

ഒരൊറ്റ കിരീടം ആറ് പതിറ്റാണ്ടായി ആഘോഷിക്കാന്‍ വിധിക്കപ്പെട്ടവര്‍, ഒരു യൂറോ കപ്പ് പോലും നേടാനാവാത്തവര്‍, യൂറോയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലില്‍ തോല്‍ക്കുന്നവര്‍... എന്നിങ്ങനെ ഫുട്ബോളില്‍ ഇംഗ്ലണ്ടിന്‍റെ നഷ്ടങ്ങളുടെ കണക്ക് വലുതാണ്. 1966ന് ശേഷം യൂറോയിലും ലോകകപ്പിലുമായി 29 ടൂര്‍ണമെന്‍റുകള്‍ വന്നുപോയി. രണ്ട് തവണ യൂറോ ഫൈനലിലെത്തി എന്നതൊഴിച്ചാല്‍ ഇംഗ്ലണ്ടിന് പറയാന്‍ നേട്ടങ്ങളൊന്നുമില്ല. കാലവും കാല്‍പന്തും മാറിയിട്ടും കപ്പില്ലാതെയുള്ള ഇംഗ്ലണ്ടിന്‍റെ മടക്കത്തിന് മാത്രം മാറ്റമില്ല. പക്ഷേ ഈ ഇംഗ്ലണ്ട് പ്രതീക്ഷ നല്‍കുന്നതാണ്. തുടര്‍ച്ചയായ രണ്ട് യൂറോ ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തിയ ടീം കരുത്താര്‍ജിക്കുകയാണ് എന്ന് വ്യക്തം. തിരിച്ചടികളില്‍ പതറാതെ ആവേശത്തോടെ മുന്നേറിയാല്‍ കിരീടം കൂടെപ്പോരുമെന്നുറപ്പ്. 

പക്ഷേ ഇംഗ്ലണ്ടും ഇംഗ്ലീഷ് ആരാധകരും കാത്തിരിക്കണം. ഒരു തോല്‍വിയില്‍ നിരാശരായി ടീമിനെ കടന്നാക്രമിക്കുന്ന പുതിയ തലമുറയിലെ ആരാധകരേ നിങ്ങള്‍ ശാന്തരാകുവിന്‍... ഈ തോല്‍വി ഒരു ചവിട്ടുപടിയാകാം, വരാനിരിക്കുന്ന വലിയ വിജയങ്ങളിലേക്കുള്ള വാതില്‍. അതുവരെ ഇംഗ്ലണ്ട് ആരാധകര്‍ക്ക് 1966ലെ കിരീട നേട്ടം ആഘോഷിക്കാം. 

Read more: യൂറോ പുരസ്‌കാരങ്ങളിലും സ്‌പാനിഷ് വസന്തം; റോഡ്രി മികച്ച താരം, യമാല്‍ യങ് പ്ലെയര്‍, ഗോള്‍ഡണ്‍ ബൂട്ട് 6 പേര്‍ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!