ഹാട്രിക് സേവുമായി കോസ്റ്റ ഹീറോ, പാഴാക്കിയും ഗോളടിച്ചും റൊണാള്‍ഡോ; പോര്‍ച്ചുഗല്‍ യൂറോ ക്വാര്‍ട്ടറില്‍

By Web Team  |  First Published Jul 2, 2024, 7:38 AM IST

ക്വാർട്ടറിൽ പോർച്ചുഗൽ വെള്ളിയാഴ്ച രാത്രി കരുത്തരായ ഫ്രാൻസിനെ നേരിടും


ഫ്രാങ്ക്ഫ‍ർട്ട്: യൂറോ കപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പോർച്ചുഗലിന്‍റെയും രക്ഷകനായി ഗോളി ഡീഗോ കോസ്റ്റ. സ്ലോവേനിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് മറികടന്ന് പോർച്ചുഗൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. നേരത്തെ 120 മിനുറ്റും മത്സരം ഗോള്‍രഹിതമായിരുന്നു. മത്സരത്തില്‍ റൊണാള്‍ഡോ പെനാല്‍റ്റി കിക്ക് പാഴാക്കുന്നതിനും ഫുട്ബോള്‍ ലോകം സാക്ഷികളായി. ഷൂട്ടൗട്ടിലെ ഹാട്രിക് സേവുമായി കോസ്റ്റയാണ് കളിയിലെ മികച്ച താരം. ക്വാർട്ടറിൽ പോർച്ചുഗൽ വെള്ളിയാഴ്ച രാത്രി ഫ്രാൻസിനെ നേരിടും.

ഫ്രാങ്ക്ഫ‍ർട്ട് അറീനയിൽ വീഴ്‌ചയും തിരിച്ചുവരവും കണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ക്വാര്‍ട്ടറിലേക്ക് ഒടുവില്‍ പ്രവേശിക്കുകയായിരുന്നു. ജയപരാജയങ്ങളും ഗോളുകളുമെല്ലാം കരിയറില്‍ നിരവധി കണ്ടിട്ടുണ്ട് പോർച്ചുഗൽ നായകൻ. എന്നാൽ പോർച്ചുഗൽ നായകനെ ഇതിന് മുൻപിങ്ങനെ ആരും കണ്ടിട്ടുണ്ടാവില്ല. ഫ്രാങ്ക്ഫ‍ർട്ടില്‍ പറങ്കിപ്പട കളിക്കളം അടക്കിഭരിച്ചെങ്കിലും ഗോളിലേക്ക് ഉതിർത്ത 20 ഷോട്ടും ലക്ഷ്യംതെറ്റി. കീഴടങ്ങാൻ ഒരുക്കമില്ലാതെ സ്ലോവേനിയ കളി അധികസമയത്തേക്ക് നീട്ടി. അവിടെയും ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഉന്നംതെറ്റി. റോണോയ്ക്കും ആരാധകര്‍ക്കും നിരാശ സമ്മാനിച്ച് 105-ാം മിനുറ്റില്‍ പെനാല്‍റ്റി കിക്ക് പാഴായി. സിആര്‍7ന്‍റെ ഷോട്ട് സ്ലോവേനിയന്‍ ഗോളി ഒബ്ലാക്ക് പറന്ന് തടുക്കുകയായിരുന്നു. 

Latest Videos

undefined

വിറങ്ങലിച്ച പോർച്ചുഗലിനെ വീഴ്ത്താനുള്ള സുവർണാവസരം സ്ലോവേനിയയും പാഴാക്കി. 120 മിനിറ്റിന് ശേഷവും സ്കോർബോർഡ് അനങ്ങിയില്ല. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ കിക്കിനായി വീണ്ടും റൊണാൾഡോ എത്തിയപ്പോള്‍ സ്റ്റേഡിയം നിശബ്ദമായി. പന്ത് വലയിലിട്ട്  ആരാധകരോട് ഇതിഹാസം കൈകൂപ്പി ക്ഷമാപണം നടത്തി. തൊട്ടുപിന്നാലെ ഇലിചിച്ചിനെയും ബാൽകോവെക്കിനെയും വെർബിക്കിനെയും ഒപ്പം സ്ലോവേനിയെയും തട്ടിത്തെറിപ്പിച്ച് പോര്‍ച്ചുഗല്‍ ഗോളി ഡിഗോ കോസ്റ്റ ടീമിന്‍റെ രക്ഷകനായി. അതേസമയം ബ്രൂണോ ഫെർണാണ്ടസും ബെർണാർഡോ സിൽവയും ലക്ഷ്യം കണ്ടപ്പോൾ റൊണാൾഡോയ്ക്കും പോർച്ചുഗലിനും പുതുജീവൻ വയ്ക്കുകയായിരുന്നു.

Read more: ബെല്‍ജിയത്തിന്റെ കഥ കഴിച്ച് ഫ്രാന്‍സ്! വീണത് സെല്‍ഫ് ഗോളില്‍, കണക്ക് തീര്‍ക്കാന്‍ ഡി ബ്രൂയ്ന്‍ കാത്തിരിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!