ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

By Web Team  |  First Published Jul 12, 2021, 7:44 AM IST

ഒരു ദുരന്തത്തിൽ നിന്നാണ് അസൂറികൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റത്. നാല് ലോകകിരീടം ചൂടിയ ഇറ്റലി 2018 ലോകകപ്പിൽ യോഗ്യത പോലും നേടാതെ പുറത്തായിരുന്നു എന്നോര്‍ക്കണം. 


വെംബ്ലി: കഴിഞ്ഞ ഫിഫ ലോകകപ്പിൽ യോഗ്യത പോലും നേടാതെ തകർന്ന ഇറ്റലിക്ക് ജീവശ്വാസം നൽകിയാണ് കോച്ച് റോബർട്ടോ മാന്‍ചീനി യൂറോയിലെ രണ്ടാം കിരീടം രാജ്യത്തിന് സമ്മാനിച്ചത്. പ്രതിരോധം ഉറപ്പിക്കുന്നതിനൊപ്പം ടീമിന് ആക്രമണമുഖം നൽകിയ മാന്‍ചീനി ടീമിനെ പുത്തന്‍ ഇറ്റലിയാക്കി. വെംബ്ലിയില്‍ ഇംഗ്ലണ്ടിനെതിരായ യൂറോ കലാശപ്പോരിലും വിജയിച്ചത് മാന്‍ചീനി സ്റ്റൈലിന്‍റെ പ്രായോഗികതയാണ്. 

ഒരു ദുരന്തത്തിൽ നിന്നാണ് അസൂറികൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റത്. നാല് ലോകകിരീടം ചൂടിയ ഇറ്റലി 2018 ലോകകപ്പിൽ യോഗ്യത പോലും നേടാതെ പുറത്തിരുന്നു. അന്ന് അവർക്കൊരു രക്ഷകനെത്തി, പേര് റോബർട്ടോ മാന്‍ചീനി. ഇറ്റലിയിൽ കളി പഠിച്ച് യൂറോപ്പിലെ വിവിധ ക്ലബുകളെ കളി പഠിപ്പിച്ച് വളർന്ന മാന്‍ചീനി ടീമിനെ പൊളിച്ചെഴുതുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Latest Videos

പ്രതിരോധം കളിയിലലിഞ്ഞ അസൂറിപ്പടയുടെ ആയുധങ്ങളുടെ മൂർച്ച കൂട്ടി മാന്‍ചീനി. ആദ്യ പതിനൊന്നു പേരെന്നോ പകരക്കാരെന്നോ തരംതിരിക്കാതെ നീലക്കുപ്പായത്തിലെ കളിക്കാരെ വാർത്തെടുത്തു. ഇതോടെ ടീം തുടരെ തുടരെ ജയിച്ചുകൊണ്ടിരുന്നു. ഇറ്റലി തോൽവി മറന്നു തുടങ്ങിയിട്ട് മുപ്പത്തിനാല് മത്സരങ്ങളായി. യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഭൂരിഭാഗം കളിക്കാർക്കും അവസരം നൽകി ഏത് പ്രതികൂല സാഹചര്യത്തിലും ഒന്നാംനിരയെന്ന പോലെ ടീമിനെ ഒരുക്കാൻ മാന്‍ചീനി കച്ചകെട്ടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പരിചയസമ്പത്ത് വെംബ്ലിയിൽ ഇംഗ്ലണ്ടിനെ മനസിലാക്കുന്നതിൽ കളിമെനയുന്നതിൽ മാന്‍ചീനിക്ക് കരുത്തായി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രണ്ട് തവണ ഫൈനലിൽ കൈവിട്ട യൂറോ ഒടുവിൽ രാജ്യത്തിന് സമ്മാനിച്ച് മാന്‍ചീനി പുതു ചരിത്രം രചിക്കുകയാണ്. ആരുണ്ട് ഈ ഇറ്റലിയെ പിടിച്ചുകെട്ടാൻ എന്നതാണ് ഇനി ചോദ്യം. 

യൂറോപ്പിന്‍റെ ഈറ്റപ്പുലികള്‍

ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് യൂറോ കപ്പില്‍ ഇറ്റലിയുടെ കിരീടധാരണം. നിശ്ചിതസമയത്ത് ഇരു ടീമും ഓരോ ഗോൾ നേടി. എന്നാല്‍ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയം ഇറ്റലിയുടേതായി. രണ്ട് വ‍‍ർഷത്തിലേറെയായി തോൽവി എന്തെന്നറിയാത്ത ഇറ്റലിയെ തടയാൻ ഇംഗ്ലണ്ടിനുമായില്ല. ഇംഗ്ലീഷ് ഫുട്ബോളിന്റെ തറവാടായ വെംബ്ലിയിൽ 53 വർഷത്തെ കിരീട കാത്തിരിപ്പ് ഇതോടെ അസൂറികൾ ഗംഭീരമായി അവസാനിപ്പിച്ചു. ഇംഗ്ലണ്ടാവട്ടെ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. 

വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!