ശൗര്യം ചോർന്ന പുലികള്‍; യൂറോയില്‍ വന്‍ വീഴ്ചയായി ഈ താരങ്ങൾ

By Web Team  |  First Published Jul 1, 2021, 10:43 AM IST

യൂറോപ്യൻ ലീഗുകളിലെ പുലികൾ രാജ്യത്തിന്‍റെ ജേഴ്സിയിലിറങ്ങിയപ്പോൾ നിറംമങ്ങിയതാണ് പല ടീമുകൾക്കും വിനയായത്


മ്യൂണിക്ക്: യൂറോ കപ്പിൽ ഇക്കുറി ഏറെ പ്രതീക്ഷയുമായെത്തി നിരാശപ്പെടുത്തിയ താരങ്ങള്‍ ഏറെയാണ്. യൂറോപ്യൻ ലീഗുകളിലെ പുലികൾ രാജ്യത്തിന്‍റെ ജേഴ്സിയിലിറങ്ങിയപ്പോൾ നിറംമങ്ങിയതാണ് പല ടീമുകൾക്കും വിനയായത്.

അമ്പമ്പോ എംബാപ്പെ ഇത്തവണയില്ല

Latest Videos

തന്‍റെ പത്തൊൻപതാം വയസിൽ ഡോക്ടറേറ്റ് ബഹുമതിയിലെത്താൻ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് വഴിയൊരുക്കിയത് ലോക കിരീടമായിരുന്നു. 2018 ലോകകപ്പിൽ എതിരാളികളെ ഓടിത്തോൽപ്പിച്ച് നാല് ഗോൾ നേടിയ എംബാപ്പെയായിരുന്നു മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വർഷങ്ങൾക്കിപ്പുറം സൂപ്പർ താരമായി വളർന്ന എംബാപ്പെ പക്ഷേ യൂറോയില്‍ നീലകുപ്പായത്തിൽ കളി മറന്നു.

നാല് മത്സരങ്ങളിലും മുഴുവൻ സമയം കളിച്ചിട്ടും ഒരു ഗോൾ പോലും നേടിയില്ല. പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഷോട്ട് പാഴാക്കി ടീമിന് പുറത്തേക്ക് വഴികാണിച്ചതും എംബാപ്പെയുടെ നിർഭാഗ്യം.

ഓർക്കാനൊന്നുമില്ലാതെ ബ്രൂണോ, ഫെലിക്സ്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിഴലിൽ നിന്ന് മാറി വമ്പൻ താരനിരയുമായാണ് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ ഇത്തവണ എത്തിയത്. നായകൻ 36-ാം വയസിലും കളംനിറയുമ്പോഴും നിരാശപ്പെടുത്തിയവർ ടീമിലുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർച്ചയിൽ നിന്ന് കരകയറ്റിയ ബ്രൂണോ ഫെർണാണ്ടസും റയൽ മാഡ്രിഡിനെയും ബാഴ്സലോണയേയും പിന്നിലാക്കി ലാ ലീഗ കിരീടം നേടാൻ അത്‍ലറ്റിക്കോയ്ക്ക് ഊർജമായ ജാവോ ഫെലിക്സും പ്രതീക്ഷകള്‍ക്കൊത്തുയർന്നില്ല.

ആദ്യ കളി മുതൽ ക്രിസ്റ്റ്യാനോയ്ക്ക് ജോലി ഭാരം കുറയ്ക്കാൻ ബ്രൂണോയ്ക്ക് കഴിയുമെന്ന് പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്‍റോസ് കരുതി. എന്നാല്‍ പ്രതീക്ഷയ്ക്കൊത്തുയരാത്ത താരം പിന്നീട് പകരക്കാരനായി മാറി. ആരാധകർ കൊതിച്ച പ്രകടനം ബ്രൂണോയിൽ നിന്നുണ്ടായില്ല. അതേസമയം അവസരം കിട്ടാതെ കാത്തിരിക്കാനായിരുന്നു ജാവോ ഫെലിക്സിന്‍റെ വിധി. പ്രീ ക്വാർട്ടറിൽ നേരത്തെ ഇറക്കിയിട്ടും കളിയെ സ്വാധീനിക്കുന്ന ഒരു നീക്കം പോലും 21കാരന്‍റെ കാലില്‍ നിന്നുണ്ടായില്ല.

വെയ്ൽസില്‍ നിരാശനായി ബെയ്ൽ 

വെയ്ൽസ് നായകൻ ഗാരത് ബെയ്‌ലും മറക്കാനാഗ്രഹിക്കുന്ന ടൂർണമെന്‍റാകും ഇത്. രണ്ട് കൊല്ലമായി രാജ്യത്തിന് വേണ്ടി ഗോൾ നേടിയില്ലെന്ന പേര് ദോഷം മാറ്റാൻ സൂപ്പർതാരത്തിനായില്ല. ടൂർണമെന്‍റില്‍ രണ്ട് അസിസ്റ്റ് മാത്രമാണ് ആകെ സമ്പാദ്യം. അതേസമയം സ്പെയ്ന്‍റെ അൽവാരോ മൊറാട്ടയും ഇംഗ്ലണ്ടിന്‍റെ ഹാരി കെയ്നും പ്രതീക്ഷയ്ക്കൊത്തുയർന്നില്ലെങ്കിലും അവസാന മത്സരങ്ങളിൽ ഗോൾ നേടി ടീമുകൾക്ക് മുന്നോട്ടുള്ള വഴിയൊരുക്കി.

കൂടുതല്‍ യൂറോ വാർത്തകള്‍...

യൂറോ ക്വാർട്ടറിന് നാളെ തുടക്കം; സ്പെയ്ന്‍ സ്വിറ്റ്സർലൻഡിനെതിരെ, ബെൽജിയം-ഇറ്റലി സൂപ്പർപോരാട്ടം

യൂറോയില്‍ ജര്‍മനിക്കെതിരായ ജയം; ആഘോഷം പങ്കുവച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളും- വീഡിയോ

കാർഡ് പുറത്തെടുത്താല്‍ തീർന്നു; യൂറോയില്‍ സസ്പെൻഷൻ ഭീഷണിയില്‍ 32 താരങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!